കണ്ണൂർ കാലങ്ങളായി കാത്തുവെച്ച സ്വപ്ന സാക്ഷാത്കാരമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമർപ്പിച്ചു. ആദ്യ വിമാനം അബൂദബിയിലേക്കുള്ള എയർ ഇന്ത്യ എക്പ്രസിന്റെ ബോയിംഗ് 737 വിമാനം ഞായറാഴ്ച രാവിലെ പത്തു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയതു. 10.07ന് റൺവേയിലൂടെ നീങ്ങിത്തുടങ്ങിയ വിമാനം 10.13ന് റൺവേ വിട്ട് ആകാശത്തേക്കുയർന്നു. അതോടൊപ്പം ഒരു ജനതയുടെ സ്വപ്നങ്ങളും.
നേരത്തെ, മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാന മന്ത്രിയും ചേർന്ന് നിലവിളക്ക് കാളുത്തി ടെർമിനൽ കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു. ടെർമിനലിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ജനലക്ഷങ്ങളെ സാക്ഷിനിർത്തി കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോൾ ഹർഷാരവങ്ങളോടെ സദസ്സ് അത് നെഞ്ചേറ്റി.
ഉദ്ഘാടന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യപ്രഭാഷണം നടത്തി. കിയാൽ എം.ഡി വി. തുളസീദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.  റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ആരോഗ്യ വകുപ്പ് കെ.കെ. ശൈലജ ടീച്ചർ, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, എം.പിമാരായ പി. കരുണാകരൻ, പി.കെ. ശ്രീമതി ടീച്ചർ, കെ.കെ. രാഗേഷ്, കേന്ദ്ര വ്യോമയാന സെക്രട്ടറി ആർ.എൻ ചൗബേ, മുൻ വ്യോമയാന വകുപ്പ് മന്ത്രി സി.എം. ഇബ്രാഹിം എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഇ ഓട്ടോറിക്ഷാ സർവീസിന്റെ ഉദ്ഘാടനം മന്ത്രി  എ കെ ശശീന്ദ്രൻ, നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി ഇ ചന്ദ്രശേഖരൻ, മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ നിർവഹിച്ചു. ഗ്രീൻഫീൽഡ് വിമാനത്താവളത്തിനുള്ള ലീഡർഷിപ്പ് ഇൻ എനർജി ആൻഡ് എൻവയോൺമെന്റൽ ഡിസൈൻ (എൽ.ഇ.ഇ.ഡി) സർട്ടിഫിക്കറ്റ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സിഐഐ) പ്രതിനിധി മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് കൈമാറി.
എം.എൽ.എമാരായ സി. കൃഷ്ണൻ, ജയിംസ് മാത്യു, ടി.വി. രാജേഷ്, എ.എൻ. ഷംസീർ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, മട്ടന്നൂർ നഗരസഭ ചെയർപേഴ്‌സൻ അനിത വേണു, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രാജൻ, ആന്തൂർ നഗരസഭ ചെയർപേഴ്‌സൺ ശ്യാമള ടീച്ചർ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പത്‌നി ശാരദ ടീച്ചർ, കിയാൽ മുൻ എം.ഡി ജി. ചന്ദ്രമൗലി, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, മട്ടന്നൂർ ശങ്കരൻ കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.
ഉദ്ഘാടന ദിവസം ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളുമടക്കം ഇരുപതോളം എണ്ണം കണ്ണൂരിലിറങ്ങി. ആദ്യവിമാനത്തിൽ 185 യാത്രകാരാണുണ്ടായിരുന്നത്.
കാർഗോ കോംപ്ലക്സ്, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, സി.ഐ.എസ്.എഫ് അക്കമഡേഷൻ, ലാൻഡ്സ്‌കേപ്പിങ്ങ് എന്നിവയുടെ ത്രീഡി വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. ചടങ്ങിന് മുന്നോടിയായി 7.30 മുതൽ വിവിധ കലാപരിപാടികളും മട്ടന്നൂർ ശങ്കരൻ കുട്ടിയുടെയും സംഘത്തിന്റെയും കേളികൊട്ടും അരങ്ങേറി. ഉദ്ഘാടനത്തിന് ശേഷം വ്യോമസേന ബാൻഡിന്റെ സംഗീത വിരുന്ന്, ജുഗൽ ബന്ദി എന്നിവയുമുണ്ടായിരുന്നു.