നവകേരള സൃഷ്ടിക്കായുള്ള ജനഹിതം തേടുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ വിവരശേഖരണത്തിനായുള്ള ഭവന സന്ദർശനത്തിന്  കൊല്ലം ജില്ലയിൽ തുടക്കമായി. കൊട്ടാരക്കര മണ്ഡലത്തിലെ വെളിയം ഗ്രാമപഞ്ചായത്തില്‍ മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജഗദമ്മ ടീച്ചറുടെ വസതിയിൽ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ വിവരശേഖണത്തിന് തുടക്കം കുറിച്ചു.

സന്നദ്ധ സേനാംഗങ്ങൾ വീടുകൾ തോറുമെത്തി നവകേരള സൃഷ്ടിക്ക്‌ നിർദേശങ്ങൾ ശേഖരിക്കുന്ന പരിപാടിയാണിത്. ഒരു വാർഡിൽ 4 സന്നദ്ധ കർമസേനാംഗങ്ങളുടെ നേതൃത്വത്തിലാണ് വിവരശേഖരണം. ജനങ്ങളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് സർക്കാരിന്റെ വിവിധ വികസന പരിപാടികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു.

തുടർന്ന് സമീപത്തെ ഞായപ്പള്ളി ഉന്നതി സന്ദർശിച്ചു. ജനങ്ങൾ കൂട്ടമായി താമസിക്കുന്ന ഫോക്കസ് ഗ്രൂപ്പുകളിലെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നതിന്റെ ഭാഗമായാണ് ഉന്നതി സന്ദർശിച്ചത്. ഞായപ്പള്ളി ഉന്നതയിലെ ജനങ്ങളുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിക്കപ്പെടുകയും മന്ത്രിയും ജില്ലാ കലക്ടറും തുടർനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

നിലവിലെ വികസനക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ശേഖരിക്കുക, സമൂഹത്തിന്റെ നാനാതലങ്ങളിലും ആവശ്യകതയ്ക്കനുസരിച്ച് വികസനങ്ങൾ ലഭ്യമായോയെന്ന് ഉറപ്പാക്കുക, പുതിയ തൊഴിലവസരങ്ങള്‍, വികസന പദ്ധതികളില്‍ ജനകീയ അഭിപ്രായം രൂപീകരിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. വീടുകളിൽ എത്തിയുള്ള വിവരശേഖരണം ഫെബ്രുവരി 28 ന് അവസാനിക്കും.

ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.എസ് അരുൺ ബാബു, കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എസ് ബിന്ദു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ പ്രേമചന്ദ്രൻ, വെളിയം പഞ്ചായത്ത് പ്രസിഡന്റ് എസ് രേഖ, വെളിയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ദിലീപ് കുമാർ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഭിലാഷ്, സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം ജില്ലാ നിർവാഹക സമിതി അംഗങ്ങളായ പി അനിൽകുമാർ, ആർ വിമൽചന്ദ്രൻ, കൊട്ടാരക്കര മണ്ഡലം ചാർജ് ഓഫീസർ സി ശിവശങ്കരപ്പിള്ള, കർമ്മ സേനാംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.