കൂത്തുപറമ്പ് മണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് വേഗം കൂട്ടാൻ കെ.പി മോഹനൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. സർക്കാരിൻ്റെ വിവിധ പദ്ധതികളും എം.എൽ.എ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി, വെള്ളപ്പൊക്ക നിവാരണ ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തിയുള്ള പദ്ധതികൾ അവലോകനം ചെയ്തു. പദ്ധതികളുടെ നിലവിലെ സ്ഥിതി, സർക്കാർ തലത്തിൽ പരിഹരിക്കപ്പെടേണ്ട വിഷയങ്ങൾ ഉൾപ്പെടെ യോഗം ചർച്ച ചെയ്തു. ജനുവരി 12 ന് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ, ഉപാധ്യക്ഷൻമാർ എന്നിവരുടെ യോഗം ചേർന്ന് താഴെ തട്ടിലുള്ള വികസന പദ്ധതികൾക്ക് വേഗം കൂട്ടാനും യോഗം തീരുമാനിച്ചു.
കാലാവധി കഴിഞ്ഞും പൂർത്തികരിക്കപ്പെടാത്ത പദ്ധതികൾക്ക് കാലാവധി നീട്ടി കിട്ടാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കും. അടങ്കൽ തയ്യാറാക്കാനുള്ള പദ്ധതികൾക്ക് വേഗം കൂട്ടാനും ടെണ്ടർ ചെയ്യാനും തീരുമാനിച്ചു.
കരാർ ഉടമ്പടി വച്ചിട്ടും സമയബന്ധിതമായ പ്രവൃത്തി പൂർത്തീകരിക്കാത്ത കരാറുകാർക്കെതിരെ നോട്ടീസ് നൽകും. മറുപടി തൃപ്തികരമല്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്താനും നിർദ്ദേശമുണ്ടായി.
ഫെബ്രുവരി അവസാനത്തോടെ എല്ലാ പദ്ധതികളും പൂർത്തിയാക്കണമെന്ന് എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വടക്കേ പൊയിലൂർ പുഴിക്കൽ സെൻട്രൽ പൊയിലൂർ റോഡ് മെക്കാഡം ടാറിങ് വേഗത്തിൽ പൂർത്തിയാക്കണം. തുരുത്തിമുക്ക് പാലം കൂത്തുപറമ്പ് റിംഗ് റോഡ് എന്നിവയുടെ പ്രവൃത്തി അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കണമെന്നും എംഎൽഎ നിർദ്ദേശം നൽകി. പുത്തൂർ പോസ്റ്റ് ഓഫീസ് നിള്ളങ്ങൽ മുളിയാത്തോട് റോഡിന്റെ പ്രവൃത്തിക്കായി 4.80 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
പാനൂർ എം.എൽ.എ ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് നോഡൽ ഓഫീസർ കെ.വി സുജീഷ്, ഫിനാൻസ് ഓഫീസർ എം ശിവപ്രകാശൻ നായർ, എൽ എസ് ജി ഡി അസിസ്റ്റന്റ് ഡയറക്ടർ ഡോ എം സുർജിത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ പങ്കെടുത്തു.
