സാഹസിക വിനോദസഞ്ചാരം പ്രോൽസാഹിപ്പിക്കാൻ സംസ്ഥാനത്ത് 50 കേന്ദ്രങ്ങൾ കണ്ടെത്തിയതായി ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ അന്താരാഷ്ട്ര മൗണ്ടൻ സൈക്ലിങ് ചാംപ്യൻഷിപ്പ് എംടിബി കേരള 2018 സമാപനസമ്മേലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിസൗഹാർദ സാഹസിക ടൂറിസം പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. തദ്ദേശീയർക്കുകൂടി പ്രയോജനം ലഭിക്കുന്ന രീതിയിലായിരിക്കും ഇതു പ്രാവർത്തികമാക്കുക. ടൂറിസം രംഗത്ത് മുന്നിട്ടുനിൽക്കുന്ന ജില്ലയാണ് വയനാട്. മികവാർന്ന ടൂറിസം പദ്ധതികൾ വയനാട്ടിലൊരുക്കാൻ ടൂറിസംവകുപ്പ് പ്രത്യേക താൽപര്യമെടുക്കും. ടൂറിസം മേഖലയിൽ കേരളം തിരിച്ചുവന്നുവെന്ന് ലോകത്തെ അറിയിക്കാൻ എംടിബി രാജ്യാന്തര സൈക്ലിങ് വഴി കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കോ ടൂറിസം മേഖലയിൽ അനന്ത സാധ്യതകളാണ് സംസ്ഥാനത്തിനുള്ളതെന്നു മനസ്സിലാക്കിയാണ് സർക്കാർ ടൂറിസം നയം ആവിഷ്കരിച്ചത്. ട്രക്കിങും മലകയറ്റവും മരംകയറ്റവുമെല്ലാം ഉൾപ്പെടുത്തി ഇക്കോ ടൂറിസത്തിലൂടെ സാഹസിക ടൂറിസത്തിനും വഴിയൊരുക്കാൻ കഴിയും. കണ്ണൂർ വിമാനത്താവളം പ്രവർത്തനസജ്ജമാവുന്നതോടെ വയനാടിന്റെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവുണ്ടാകും. അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ ടൂറിസം മേഖല നേരിടുന്ന വെല്ലുവിളിയാണ്. ഇതു പരിഹരിക്കും. അടുത്തിടെയുണ്ടായ പ്രകൃതിദുരന്തങ്ങളിൽ നിന്നു കരകയറാൻ ടൂറിസം മേഖലയ്ക്കു കഴിഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ പുതിയ ചുവടുവയ്പ് വേണമെന്നാണ് സർക്കാർ കരുതുന്നത്. പുതിയ ഉദ്പന്നങ്ങളും വിപണികളും കണ്ടെത്തണം. യുവസമൂഹത്തെ ആകർഷിക്കാൻ പറ്റുന്ന തരത്തിലുള്ള സംവിധാനങ്ങളൊരുക്കാൻ കഴിയണം. ഉദ്പന്നങ്ങൾക്ക് വൈവിധ്യവത്ക്കരണം ഉണ്ടാക്കണമെന്നാണ് സർക്കാർ കരുതുന്നത്.
എംടിബി കേരളയുടെ വിജയകരമായ നടത്തിപ്പോടെ സാഹസിക ടൂറിസം രംഗത്ത് കൂടുതൽ ഊന്നൽ നൽകാൻ കഴിയും. വയനാടിന്റെ വിനോദസഞ്ചാര സാധ്യതകളെ പരമാവധി ഉപയോഗിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ് അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായിരുന്നു. ചാംപ്യൻഷിപ്പിലെ വിജയികൾക്കുള്ള സമ്മാനദാനം അദ്ദേഹം നിർവഹിച്ചു. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ മനീഷ് ഭാസ്കർ റിപോർട്ട് അവതരിപ്പിച്ചു. ഒ.ആർ. കേളു എംഎൽഎ, ഏഷ്യൻ സൈക്ലിങ് കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ ഓംകാർ സിങ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശോഭ രാജൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു, സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, ടൂറിസംവകുപ്പ് ജോയിന്റ് ഡയറക്ടർ അനിതാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
