ശബരിമല: ശബരിമലയില്‍ നിന്ന് വനം വകുപ്പ് അധികൃതര്‍ പിടികൂടി ഇതിനകം ഉള്‍ക്കാട്ടിലേക്കയച്ചത് 97 പാമ്പുകളെ. മൂര്‍ഖന്‍, അണലി, വെള്ളിക്കെട്ടന്‍, ചുരുട്ട, കാട്ടുപാമ്പ്, ചേര തുടങ്ങിയ ഇനങ്ങളെയാണ് പിടികൂടിയത്. മാളികപ്പുറം, പാണ്ടിത്താവളം എന്നിവിടങ്ങളിലാണ് ഇതുവരെ കൂടുതലായും പാമ്പിന്റെ സാന്നിധ്യമുണ്ടായത്. വനം വകുപ്പ് അധികൃതര്‍ വണ്ടിപ്പെരിയാര്‍ സ്വദേശിയായ പാമ്പുപിടുത്തക്കാരന്‍ സെല്‍വന്‍ കൃഷ്ണന്റെ സഹായത്തോടെയാണ്  പാമ്പുകളെ പിടികൂടുകയായിരുന്നു. കച്ചവടക്കാരും പോലീസ് ഉദ്യോഗസ്ഥരും അറിയിക്കുന്നതു പ്രകാരമാണ് വനം വകുപ്പ് നടപടി. സന്നിധാനത്തെയും പമ്പയിലെയും കണ്‍ട്രോള്‍ റൂമുകളുടെ നിയന്ത്രണ ചുമതലയുള്ള ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ സജീവ് കുമാറിന്റെ നിര്‍ദേശാനുസരണം കണ്‍ട്രോള്‍ റൂം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ ഹിലാല്‍ ബാബു, സനൂഷ് എന്നിവരാണ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. സന്നിധാനത്തെ കണ്‍ട്രോള്‍ റൂമില്‍ 15 വനം വകുപ്പ് ഉദ്യോഗസ്ഥരും പമ്പയില്‍ 30ലധികം ഉദ്യോഗസ്ഥരുമാണ് ഡ്യൂട്ടിയിലുള്ളത്.
വനൃമൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കരുത്, പാമ്പുകളെ സ്വയം പിടിക്കരുത്
ശബരിമല: അയ്യപ്പഭക്തര്‍ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുകയോ പാമ്പുകളെ കാണുമ്പോള്‍ സ്വയം പിടികൂടാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് വനം വകുപ്പ്. മരക്കൂട്ടം-സന്നിധാനം വഴിയെത്തുന്ന ഭക്തര്‍ കുരങ്ങുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതും സെല്‍ഫിയെടുക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വനം വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്. മാളികപ്പുറം-പാണ്ടിത്താവളം മേഖലയില്‍ കണ്ട പാമ്പുകളില്‍ ചിലതിനെ കച്ചവടക്കാര്‍ പിടികൂടാന്‍ ശ്രമിച്ചിരുന്നു. ഇതു അപകടത്തിനിടയാക്കുമെന്നതിനിലാണ് മുന്‍കരുതല്‍ നിര്‍ദേശം. പാമ്പുകളെ കണ്ടാല്‍ ഉടന്‍ വിവരമറിയിക്കണമെന്ന് കണ്‍ട്രോള്‍ റൂം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ അറിയിച്ചു. കുരങ്ങുകള്‍ അടക്കമുള്ള വന്യമൃഗങ്ങള്‍ പുറമെ നിന്നുള്ള ഭക്ഷണം കഴിച്ച് ശീലിച്ചാല്‍ ഭക്ഷണത്തിനായി ഭക്തരെ ആക്രമിക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ പന്നികളല്ലാതെ മറ്റു വന്യമൃഗങ്ങളുടെ ശല്യം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് റെയ്ഞ്ച് ഓഫീസര്‍മാര്‍ അറിയിച്ചു. പാമ്പുകളുടെയോ വന്യമൃഗങ്ങളുടെയോ ശല്യമുണ്ടായാല്‍ ഉടന്‍ അറിയിക്കണമെന്നാണ് നിര്‍ദേശം. ഫോണ്‍: 04735202077,04735 202074.