ശബരിമല: നൂറുവര്‍ഷം പഴക്കമുള്ള ഒറ്റത്തടി നിലമ്പൂര്‍ തേക്കില്‍ ശബരിമല ശ്രീകോവിലിന് പുതിയ സ്വര്‍ണവാതില്‍ ഒരുങ്ങുന്നു. മിനുക്കുപണികള്‍ക്ക് ശേഷം ബംഗളുരുവില്‍ നിന്ന് ഇന്നലെ (10.12.2018)ന് സൂത്രപ്പട്ടിക ഉള്‍പ്പെടെയുള്ള തേക്കിന്‍ തടികള്‍ ശബരിമല സന്നിധാനത്തെത്തിച്ച് ശ്രീകോവില്‍ നടയില്‍ സ്ഥാപിച്ച് അളവ് ഉറപ്പുവരുത്തി. ഗുരൂവായൂര്‍ ക്ഷേത്ര ശ്രീകോവില്‍ വാതില്‍ പണിത പാരമ്പര്യ തച്ചന്‍ നന്ദനും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായ  വിനോദ് ചെര്‍പ്പുളശ്ശേരി, പ്രവീണ്‍ ചെര്‍പ്പുളശ്ശേരി, നവീന്‍ ഗുരുവായൂര്‍ എന്നിവര്‍ ചേര്‍ന്ന്  ശ്രീകോവില്‍ വാതിലിന്റെ മിനുക്കുപണികള്‍ പൂര്‍ത്തീകരിച്ച വാതില്‍പാളികള്‍ ഇന്നലെ (10.12.2018 )ന് ഉച്ചയ്ക്ക് രണ്ടോടെ കോട്ടയം പള്ളിക്കത്തോട് ഇളമ്പള്ളി ശ്രീധര്‍മ്മശാസ്ത്രാ ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി ബിജു കണിയാമ്പറത്തിന്റെയും ക്ഷേത്രവിശ്വാസി സി.കെ വാസുദേവന്റെയും നേത്യത്വത്തില്‍ സന്നിധാനത്തെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് നിലവിലെ ശ്രീകോവില്‍ വാതിലുമായി ചേര്‍ത്തുവെച്ച്  തന്ത്രിയുടെ സാന്നിധ്യത്തില്‍ അളവ് ഉറപ്പുവരുത്തി. ഇതിന് ശേഷം വാതില്‍ സ്വര്‍ണം പൂശാനായി ഹൈദ്രബാദിലേക്ക് കൊണ്ടുപോകും. തിരുപ്പതി, ധര്‍മ്മസ്ഥല, അജന്ത തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളുടെ ശ്രീകോവില്‍ വാതില്‍ സ്വര്‍ണം പൂശി മികവു തെളിയിച്ച ഹൈദ്രബാദില്‍ നിന്നുള്ള നാലംഗ സംഘമാണ് ഈ വാതിലിന്റെയും സ്വര്‍ണം പൂശുന്ന ജോലികള്‍ നിര്‍വ്വഹിക്കുക. ചെമ്പുകൊണ്ട് പൊതിഞ്ഞ് കൊത്തുപണികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സ്വര്‍ണം പൂശുക. നാലുകിലോയിലധികം സ്വര്‍ണം ഇതിനായി വേണ്ടി വരും. ഒരുമാസത്തിനകം സ്വര്‍ണം പൂശല്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും.തുടര്‍ന്ന്  മീനത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് സ്വര്‍ണവാതില്‍ ഹൈദ്രബാദില്‍ നിന്നുകൊണ്ട് വന്ന് ശബരിമല ശ്രീകോവിലില്‍ സ്ഥാപിക്കും. ശ്രീകോവില്‍ വാതിലിലെ സ്വര്‍ണം പൂശല്‍ ചെലവ് ഹൈദ്രബാദിലെ ബിസിനസുകാരന്റെ സമര്‍പ്പണമാണ്. തേക്കിന്‍ തടിയും മിനുക്കുപണിയും ഇളമ്പള്ളി ശ്രീധര്‍മ്മശാസ്ത്രാ ക്ഷേത്ര വിശ്വാസികളുടെ വകയുമാണ്. ശബരിമല സോപാനത്തെ മണിമണ്ഡപവും കഴിഞ്ഞ വര്‍ഷം ഇതേ ക്ഷേത്രവിശ്വാസികളുടെ സമര്‍പ്പണമായാണ് സ്ഥാപിച്ചത്. ശബരിമല ശ്രീകോവില്‍ വാതിലിന്റെ തകരാര്‍ കണക്കിലെടുത്തും മാറ്റിപണിയണമെന്ന ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിലുമാണ് പുതിയ ശ്രീകോവില്‍ സ്ഥാപിക്കുന്നത്.