മലയാള ഭാഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മത്സരപരീക്ഷകൾ നടത്തിവരുന്നതെന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
എൽ.ഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് തുടങ്ങിയ തസ്തികകളിൽ മലയാളത്തിലാണ് ചോദ്യപേപ്പർ തയ്യാറാക്കുന്നത്. ബിരുദം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള തസ്തികകളിൽ ഇംഗ്ലീഷിലാണ് ചോദ്യങ്ങൾ തയ്യാറാക്കിവരുന്നത്. ഭരണഭാഷ മലയാളമാക്കിയ സാഹചര്യത്തിൽ നിശ്ചിത ശതമാനം മാർക്കിന് മലയാളഭാഷാ പരിജ്ഞാനത്തിന് ചോദ്യങ്ങൾ ഉൾപ്പെടുത്തി പരീക്ഷയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ചോദ്യപേപ്പർ മലയാളത്തിൽ തയ്യാറാക്കുന്ന കാര്യത്തിൽ പി.എസ്.സിയുമായി പല പ്രാവശ്യം ചർച്ചകൾ നടത്തിയിട്ടുണ്ട്.
സാങ്കേതിക വിഷയങ്ങളിലധിഷ്ഠിതമായ തസ്തികകളിലെ നിയമനത്തിനുള്ള പരീക്ഷകൾക്ക് മലയാളത്തിൽ ചോദ്യങ്ങൾ തയ്യാറാക്കുന്നത് ഉദ്യോഗാർത്ഥികൾക്ക് പ്രായോഗികമായ ബുദ്ധിമുട്ടുണ്ടാക്കും. അത്തരം പരീക്ഷകളുൾപ്പെടെ എല്ലാ തൊഴിൽ പരീക്ഷകളുടെയും ചോദ്യപേപ്പറുകൾ പൂർണ്ണമായും മലയാളത്തിലോ അല്ലാത്തപക്ഷം മലയാളം കൂടി ഉൾപ്പെടുത്തിയോ തയ്യാറാക്കാൻ നടപടി സ്വീകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.