പൊന്നാനിയുടെ സ്വപ്ന പദ്ധതിയായ കപ്പൽ നിർമാണശാലയുടെ നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും ജനുവരി 27ഓടെ പദ്ധതിയുടെ പൂർണ രൂപം ലഭ്യമാകുമെന്നും പൊന്നാനി എം.എൽ.എ. പി.നന്ദകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതോടെ പൊന്നാനിയുടെ നീണ്ട കാലത്തെ സ്വപ്നമാണ് സാർഥകമാവുന്നത്. പദ്ധതി നല്ല രീതിയിൽ നടപ്പിലാവുന്നതിനായി മുഴുവൻ ആളുകളുടെയും സഹകരണങ്ങൾ ആവശ്യമാണെന്ന് എം.എൽ.എ പറഞ്ഞു.

പദ്ധതി നിർമാണ പ്രദേശത്തെ 30 ഏക്കറോളം ഭൂമി നിർമാണ കമ്പനിക്ക് വിട്ട് നൽകുന്നതിനായി പ്രദേശത്ത് അനധികൃതമായി നിർമ്മിച്ചിട്ടുള്ള മീൻ ചാപ്പകൾ നീക്കി കൊടുക്കേണ്ടത് മാരിടൈം ബോർഡിൻ്റെ ഉത്തരവാദിത്വമാണ്. ഷെഡുകൾ നീക്കം ചെയ്യാൻ കളക്ടർ വിളിച്ച് ചേർത്ത യോഗത്തിൽ തീരുമാനമായിരുന്നു.ഈ യോഗത്തിൽ ഷെഡുകൾ ഉപയോഗിക്കുന്ന മത്സ്യതൊഴിലാളി പ്രതിനിധികൾ പങ്കെടുക്കുകയും ഷെഡുകൾ നീക്കുമ്പോൾ മത്സ്യതൊഴിലാളികൾ ആവശ്യപെട്ടത് പ്രകാരം പകരം ഷെഡുകൾ ഹാർബറിനോട് ചേർന്ന് നിർമിച്ച് നൽകാനും തീരുമാനമായിട്ടുണ്ട്.

രാഷ്ട്രിയവും സാമ്പത്തികവുമായ നേട്ടത്തിന് വേണ്ടി വലിയ പദ്ധതിയെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തകർക്കാനുള്ള ശ്രമം സോഷ്യൽ മീഡിയയിൽ നടക്കുന്നത് ജനങ്ങൾ തിരിച്ചറിയണമെന്നും എം.എൽ.എ പറഞ്ഞു.

ആദ്യഘട്ടത്തിൽ 200 കോടി മുതൽ മുടക്കിൽ ചെറുകിട കപ്പലുകൾ നിർമിക്കാനാണ് ലക്ഷ്യം. മത്സ്യ ബന്ധന ബോട്ടുകളും നിർമ്മിക്കാം. രണ്ടാംഘട്ടത്തിൽ 1000 കോടിയുടെ വൻകിട കപ്പൽശാലയാണ് വരുന്നത്. കൊച്ചിൻ ഷിപ്പ് യാർഡ് കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കപ്പൽ നിർമാണ ശാലയായി പൊന്നാനി മാറുന്നതോടൊപ്പം മലബാറിലെ പ്രധാന വ്യാവസായിക ഹബ്ബായി പൊന്നാനി മാറും