ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് ദേശസ്നേഹത്തിന്റെ ഏറ്റവും ഉയർന്ന രൂപമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. മലപ്പുറം എം.എസ്.പി ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിയും സ്വാതന്ത്ര്യവും സമത്വവും സഹോദര്യവും ആണ് ഭരണഘടനയുടെ ശ്വാസം. ഈ മൂല്യങ്ങൾ ഇന്ത്യയെ ഒരു രാഷ്ട്രമായി മാത്രമല്ല നൈതിക സമൂഹമായും നിലനിർത്തുന്നു. മതത്തിന്റെയും ഭാഷയുടെയും ജാതിയുടെയും പേരിൽ മനുഷ്യരെ വിഭജിക്കുന്ന ഹിംസയുടെയും വെറുപ്പിന്റെയും പ്രത്യയ ശാസ്ത്രത്തിനെതിരെയുള്ള കവചമായി ഭരണഘടനയെ ചേർത്ത് പിടിക്കണം.

ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ശക്തിയല്ല. അത് ഭൂരിപക്ഷത്തിന്റെ ശക്തിയെ നിയന്ത്രിക്കുന്ന സംവിധാനമാണ്. ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങൾ ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ തകർക്കാതിരിക്കാനുള്ള ഉറപ്പാണ് ഭരണഘടന നൽകുന്നത്. ഭരണഘടന ഇല്ലെങ്കിൽ, ജനാധിപത്യം എളുപ്പത്തിൽ ഭൂരിപക്ഷാധിപത്യമായി മാറും.
നമ്മുടെ ഭരണഘടന വെറുമൊരു സാങ്കേതിക നിയമരേഖയല്ല. അത് ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളെ നയിക്കുന്ന ഒരു സാമൂഹിക–നൈതിക ഉടമ്പടിയാണ്. നൂറ്റാണ്ടുകളായി അടിച്ചമർത്തലും അസമത്വവും അനുഭവിച്ച ജനതയുടെ വിമോചനപ്രഖ്യാപനമാണ് ഭരണഘടന.

ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ദിശാസൂചിക കൂടിയാണ് അത്. വൈവിധ്യങ്ങളെ അംഗീകരിക്കുകയും തുല്യനീതി ഉറപ്പാക്കുകയും ചെയ്യുന്ന ഈ ഭരണഘടനയാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സിവിൽ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായ മന്ത്രി എം എസ് പി പരേഡ് ഗ്രൗണ്ടിലെത്തിയത്. ദേശീയ പതാക ഉയർത്തിയ ശേഷം മന്ത്രി തുറന്ന വാഹനത്തിൽ പരേഡ് പരിശോധിക്കുകയും പരേഡിന്റെ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു. ജില്ലാ കളക്ടർ വി.ആർ. വിനോദ്, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്‌ എന്നിവരെയും പരേഡ് അഭിവാദ്യം ചെയ്തു.

എം എസ് പി അസിസ്റ്റന്റ് കമാൻഡന്റ് കെ. രാജേഷ് പരേഡ് നയിച്ചു. സായുധ പോലീസ് ഇൻസ്‌പെക്ടർ പ്രദീപ് കെ മാനൂർ സെക്കന്റ്‌ ഇൻ കമാൻഡർ ആയി. എം എസ് പി, സായുധ പോലീസ്, പ്രാദേശിക പോലീസ്, വനിതാ പൊലീസ്, എക്സൈസ്, ഫയർ ഫോഴ്സ്, ഫോറെസ്റ്റ്, എൻ സി സി, എസ് പി സി, സ്കൗട്ട്, ഗൈഡ്സ്, ബാൻഡ് ടീം, റെഡ് ക്രോസ്സ് തുടങ്ങി 38 പ്ലാറ്റൂണുകൾ പരേഡിൽ പങ്കെടുത്തു.

പരേഡിന് മുന്നോടിയായി നഗരസഭാ പരിധിയിലെ വിദ്യാർത്ഥികൾ പങ്കെടുത്ത പ്രഭാതഭേരിയും നടന്നു. മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച് എം എസ് പി പരേഡ് ഗ്രൗണ്ടിൽ സമാപിച്ചു. ജേതാക്കള്‍ക്കുള്ള സമ്മാനങ്ങളും പരേഡില്‍ ബാന്റ് ചിട്ടപ്പെടുത്തിയ സെന്റ് ജമ്മാസ് എച്ച്.എസ്.എസിനുള്ള പ്രത്യേക പുരസ്‌കാരവും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു.

ഒന്ന് രണ്ട് സ്ഥാനം പുരസ്കാരം ലഭിച്ചവർ:

പ്രഭാത ഭേരി
യു. പി വിഭാഗം :എ.യു.പി സ്കൂൾ മലപ്പുറം, എ.എം.യു.പി സ്കൂൾ മുണ്ടുപറമ്പ്
ഹൈസ്കൂൾ ആൺകുട്ടികൾ: വിദ്യാനഗർ പബ്ലിക് സ്കൂൾ പട്ടർകടവ്, ഇസ്‌ലാഹിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാറങ്കോട്
ഹൈസ്കൂൾ പെൺകുട്ടികൾ: സെൻ്റ് ജമ്മാസ് ജി.എച്ച്.എസ്.എസ് മലപ്പുറം
ബാൻഡ് ഡിസ്‍പ്ലേ: സെൻ്റ് ജമ്മാസ് ജി.എച്ച്.എസ്.എസ് മലപ്പുറം, എം.എസ്.പി ഇ.എച്ച്.എസ്.എസ് മലപ്പുറം

സായുധ സേന വിഭാഗം:
എം.എസ്.പി മലപ്പുറം, ജില്ലാ പോലീസ് മലപ്പുറം
മറ്റു സേന വിഭാഗം: വനം വകുപ്പ്, ഫയർ ഫോഴ്സ്
സീനിയർ എൻ സി സി (ആൺകുട്ടികൾ ): പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി, എൻ എസ് എസ് കോളേജ് മഞ്ചേരി.
ജൂനിയർ എൻ സി സി ആൺകുട്ടികൾ: ജി ബി എച്ച് എസ് എസ് മലപ്പുറം, എം എസ് പി എച്ച് എസ് എസ് മലപ്പുറം.
ജൂനിയർ എൻ സി സി പെൺകുട്ടികളുടെ വിഭാഗം : എം എസ് പി എച്ച് എസ് എസ് മലപ്പുറം.
സീനിയർ എസ് പി സി പെൺകുട്ടികൾ: എം എസ് പി എച്ച് എസ് എസ് മലപ്പുറം.
എസ് പി സി ആൺകുട്ടികൾ: എം എസ് പി എച്ച് എസ് എസ് മലപ്പുറം, എം എസ് പി ഇ എം എച്ച് എസ് എസ് മലപ്പുറം.
എസ് പി സി പെൺകുട്ടികൾ: ഐ. ജി.എം. ആർ നിലമ്പൂർ, ജി വി എച്ച് എസ് എസ് മങ്കട.
സീനിയർ സ്കൗട്ട് ആൺകുട്ടികൾ: എച്ച് എം വൈ എച്ച് എസ് എസ് മഞ്ചേരി, എം എം ഇ ടി എച്ച് എസ് എസ് മേൽമുറി.
ജൂനിയർ സ്കൗട്ട് ആൺകുട്ടികൾ: എ യു പി എസ് മലപ്പുറം, എ. എം. യു. പി സ്കൂൾ മുണ്ടുപറമ്പ്.
സീനിയർ ഗൈഡ്സ്: സെന്റ് ജെമ്മാസ് ജി എച്ച് എസ് എസ് മലപ്പുറം, എം എം ഇ ടി എച്ച് എസ് എസ് മേൽമുറി.
ജൂനിയർ ഗൈഡ്സ്: എ യു പി എസ് മലപ്പുറം, എ എം യു പി എസ് മുണ്ടുപറമ്പ്.
ജൂനിയർ റെഡ് ക്രോസ്സ് ആൺകുട്ടികൾ: എം എസ് പി എച്ച് എസ് എസ് മലപ്പുറം, എം എസ് പി ഇ എം എച്ച് എസ് മലപ്പുറം.
ജൂനിയർ റെഡ്ക്രോസ്സ് പെൺകുട്ടികൾ: ജി വി എച്ച് എസ് എസ് നെല്ലിക്കുത്ത്, പി. എച്ച്.എസ്.എസ് പന്തല്ലൂർ.