ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിക്കുന്ന ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികളുടെയും തുടര്‍ പഠനത്തിന് അക്കാദമിക് പ്രവേശനം ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. പത്ത്, പ്ലസ്‌വണ്‍ പരീക്ഷകളില്‍ വിജയിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നത പഠനത്തിന് പ്രവേശനം നേടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പട്ടികവര്‍ഗ്ഗ- വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി സ്‌പെഷ്യല്‍ ഫോക്കസ് ഡ്രൈവ് നടപ്പാക്കണമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ സ്‌പെഷ്യല്‍ ഫോക്കസ് ഡ്രൈവ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ ആസുത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ ഗോത്രമേഖലയിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പരിഹരിക്കാന്‍ സാമൂഹിക പഠനമുറികള്‍ കേന്ദ്രീകരിച്ച് തീവ്ര ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു.

പുത്തുമല ദുരന്തത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കായി ഹര്‍ഷം പദ്ധതിയിലുള്‍പ്പെടുത്തി പൂത്തക്കൊല്ലിയില്‍ നിര്‍മ്മിച്ച 52 വീടുകളുടെ ചോര്‍ച്ച പരിഹരിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. മേപ്പാടി-ചൂരല്‍മല റോഡ് പ്രവര്‍ത്തി നടക്കുന്ന പ്രദേശത്തെ മാപ്പിളത്തോട്ടം മേഖലയില്‍ റോഡ് വീതികൂട്ടലിന്റെ ഭാഗമായി പ്രദേശത്തെ വീടുകള്‍ അപകടാവസ്ഥയിലാണെന്നും ഇത് പരിഹരിക്കുന്നതിന് ഹാരിസണ്‍ മലയാളത്തിന്റെ സ്ഥലം വിട്ടുകിട്ടാന്‍ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ യോഗത്തില്‍ അറിയിച്ചു. കല്‍പ്പറ്റ ബൈപ്പാസ് നാലുവരി പാതയാക്കി നിര്‍മ്മിക്കാന്‍ 179 കോടിയുടെ പ്രവര്‍ത്തികള്‍ക്ക് അനുമതി ലഭിക്കുകയും നിര്‍മ്മാണാവശ്യത്തിന് ഭൂമി ഏറ്റെടുത്ത് വേഗത്തില്‍ പ്രവര്‍ത്തി നടപ്പാക്കാന്‍ കാലാ പ്രതിനിധികള്‍ക്ക് കണ്ടിജന്‍സി നിര്‍ദ്ദേശം നല്‍കണമെന്ന് എം.എല്‍.എ യോഗത്തില്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

പാടിച്ചിറ വില്ലേജ് ഓഫീസ് മോഡല്‍ വില്ലേജ് ഓഫീസായി നിര്‍മ്മിക്കുന്നതിന് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 63 ലക്ഷം വകയിരുത്തിയതായും പ്രവര്‍ത്തി വേഗത്തില്‍ നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. കടമാന്‍തോട് ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പൂതാടി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ ചേരാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനും എം.എല്‍.എ നിര്‍ദേശിച്ചു. കൈനാട്ടിലെ സിഗ്നല്‍ സംവിധാനം കാര്യക്ഷമമാക്കാന്‍ 7 .5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും വേഗത്തില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുമെന്നും നാഷണല്‍ ഹൈവേ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തി നടത്തുന്നതിന് 677.50 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായും ജില്ലാ നിര്‍മ്മിതി കേന്ദ്രം മുഖേന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

ജില്ലാ വികസന ഗോയത്തില്‍ ജില്ലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോകുന്ന ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിക്ക് എം.എല്‍.എ ടി സിദ്ദിഖ് മൊമ്മന്റോ നല്‍കി. 31 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന എ.ഡി.എം എം.ജെ അഗസ്റ്റിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മൊമ്മന്റോ കൈമാറി. ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം പ്രസാദന്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.