വണ്ണമട-ചിറ്റൂര്‍ റോഡിനെയും തത്തമംഗലം-മീനാക്ഷിപുരം റോഡിനെയും ബന്ധിപ്പിച്ച് ചിറ്റൂര്‍പ്പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന നറണി പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. കല്യാണപേട്ട-ആലംകടവ് റോഡുകളെ ബന്ധിപ്പിക്കുന്ന പാലം ഫെബ്രുവരി 20-നകം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 1038.50 ലക്ഷം രൂപയുടെ ഭരണാനുമതിയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

അത്യാധുനികമായ ‘പ്രീ സ്‌ട്രെസ്സിങ്’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആകെ 148.50 മീറ്റര്‍ നീളമുള്ള പാലത്തിന് 25 മീറ്റര്‍ വീതമുള്ള നാല് സ്പാനുകളും 24.25 മീറ്ററിന്റെ രണ്ട് സ്പാനുകളുമാണുള്ളത്. 7.50 മീറ്റര്‍ വീതിയുള്ള കാര്യജ് വേയും കാല്‍നടയാത്രക്കാര്‍ക്കായി കൈവരികളോട് കൂടിയ 1.50 മീറ്റര്‍ വീതിയുള്ള നടപ്പാതയും പാലത്തിന്റെ പ്രത്യേകതയാണ്.

പാലത്തിന്റെ ഇരുവശങ്ങളിലുമായി കല്യാണപേട്ട റോഡില്‍ 83 മീറ്ററും ആലംകടവ് റോഡില്‍ 66 മീറ്ററും നീളത്തില്‍ അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. നിലവില്‍ അപ്രോച്ച് റോഡുകളില്‍ മണ്ണ് നിറയ്ക്കുന്ന ജോലികളാണ് നടക്കുന്നത്. ഫെബ്രുവരി 15-നകം ടാറിങ് ജോലികള്‍ പൂര്‍ത്തിയാക്കും. സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ക്രാഷ് ബാരിയറുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, റോഡ് മാര്‍ക്കിങ്, സ്റ്റഡുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കുന്നുണ്ട്.