കൊട്ടാരക്കര ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ നിർമാണോദ്ഘാടനം ഫെബ്രുവരി 27ന് നടത്താൻ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന്റെ അധ്യക്ഷതയിൽ കൊട്ടാരക്കര നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന ആലോചനായോഗത്തിൽ തീരുമാനം.

നവീകരണത്തിന് 18 കോടി രൂപയും ഗ്യാരേജ് നിർമാണത്തിന് മൂന്നു കോടിയും അനുവദിച്ചതായി അറിയിച്ചു. 27ന് വൈകിട്ട് 4നാണ് ഉദ്ഘാടന സമ്മേളനം. ഓട്ടോറിക്ഷ തൊഴിലാളികൾ, വ്യാപാരി-വ്യവസായി സംഘടന ഭാരവാഹികൾ, കെഎസ്ആർടിസി ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കും.

പുതിയ ബസ് സ്റ്റാൻഡിന്റെ ത്രിമാന മാതൃക യാത്രക്കാർക്കും പൊതുജനങ്ങൾക്കും കാണുന്നതിനായി ബസ് സ്റ്റാൻഡിലും നഗരത്തിലെ വിവിധ ഇടങ്ങളിലും പ്രദർശിപ്പിക്കാനും നിർദ്ദേശിച്ചു.

1,47,000 ചതുരശ്ര അടിയിൽ 1000 പേർക്ക് തൊഴിൽ നൽകുന്ന കൊട്ടാരക്കര ഐടി പാർക്ക്, കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ തീർത്ഥാടകർക്കായി ഒരുക്കുന്ന അമിനിറ്റി സെന്റർ, കൊട്ടാരക്കര റസ്റ്റ് ഹൗസിലെ പുതിയ കെട്ടിടം എന്നിവയുടെ നിർമാണോദ്ഘാടനവും ഉടൻ നടത്തുമെന്ന്
മന്ത്രി കൂട്ടിച്ചേർത്തു.

കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അധ്യക്ഷയായും, കൊട്ടാരക്കര കെഎസ്ആർടിസി അസിസ്റ്റന്റ് ട്രാൻസ്‌പോർട് ഓഫീസർ കൺവീനറായും സംഘാടകസമിതി രൂപീകരിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് രക്ഷാധികാരി.
നഗരസഭാ അംഗങ്ങൾ, കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ.

നഗരസഭാ ചെയർപേഴ്സൺ അനിത ഗോപകുമാർ, വൈസ് ചെയർപേഴ്സൺ എ ഷാജു, കൗൺസിലർമാർ, കെ എസ് ആർ ടി സി ജീവനക്കാർ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.