അടിസ്ഥാന ജനവിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്ത് പത്തു വര്‍ഷത്തിനകം 4,56,689 പട്ടയങ്ങള്‍ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ മനുഷ്യരുടെ ഭൂമിയെന്ന സ്വപ്നം സാക്ഷാത്കരിച്ച്ഓരോ കുടുംബത്തെയും ഭൂമിയുടെ അവകാശികളാക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനതല പട്ടയമേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടും ജനങ്ങളും ഒരുമയോടെ, ഐക്യത്തോടെ നിന്നതിനാല്‍ലോക രാജ്യങ്ങള്‍ അത്ഭുതത്തോടെ നോക്കും വിധം കേരളത്തിന് ഉയരാന്‍ സാധിച്ചു.

കേരളത്തിന്റെ പുരോഗതിക്കായി സാധാരണ ജനവിഭാഗത്തിന്റെ സംരക്ഷണമെന്ന ബദല്‍ നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഓഖി, നിപ്പ, പ്രളയം,കോവിഡ്, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ പ്രതിരോധിക്കാന്‍ പൊതുജനങ്ങളുടെ ആരോഗ്യകരമായ ചിന്തയും സഹകരണവും പിന്തുണയും സര്‍ക്കാരിന് ലഭിച്ചു. സംസ്ഥാനത്ത് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളില്‍ ജാതി-മത രാഷ്ട്രീയ അഭിപ്രായങ്ങളുടെ വ്യത്യാസമില്ലാതെ എല്ലാവരും സഹകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഒരു കൂട്ടം ആളുകള്‍ അവരുടെ സങ്കുചിതമായ ലക്ഷ്യങ്ങളാല്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതയുമുണ്ട്. എന്നാല്‍ കേരളത്തെ ജനങ്ങള്‍ക്ക് നേര്‍ സാക്ഷ്യമായ വികസന കുതിപ്പാണ് സംസ്ഥാനം കൈവരിച്ചത്. ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകളാണ് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചത്. അതിദാരിദ്ര മുക്ത സംസ്ഥാനമെന്ന ലക്ഷ്യം സര്‍ക്കാര്‍ കൈവരിച്ചത് ലോകം അത്ഭുതത്തോടെ നോക്കി കണ്ടു. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പദവി കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പ് ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പ്രത്യേക ഡാഷ് ബോര്‍ഡ് സജ്ജമാക്കി, പട്ടയ അസംബ്ലികള്‍ സംഘടിപ്പിച്ചാണ് പട്ടയം തയാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുന്‍പ് സംസ്ഥാനത്ത് അഞ്ച് ലക്ഷം പട്ടയങ്ങള്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 10 ലക്ഷം ഹെക്ടര്‍ ഭൂമി അളന്നു: മന്ത്രി കെ രാജന്‍

എല്ലാവര്‍ക്കും ഭൂമി എല്ലാം ഭൂമിക്കും രേഖയെന്ന പദ്ധതിയുടെ ഭാഗമായി രേഖകള്‍ ഡിജിറ്റലാക്കി പൊതുജനങ്ങളുടെ അടിസ്ഥാന പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാനത്തെ 10 ലക്ഷം ഹെക്ടര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തിയതായി റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. പത്ത് വര്‍ഷത്തിനകം സംസ്ഥാനത്ത് നാലരലക്ഷം ജനങ്ങളാണ് ഭൂമിയുടെ അവകാശികളായി മാറിയത്. അര്‍ഹരായവര്‍ക്ക് ഭൂമിയുടെ രേഖ ലഭ്യമാക്കുന്നതിന് പട്ടയ മിഷനിലൂടെ പട്ടയം ലഭിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയാണ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയത്. 2634 കുടുംബങ്ങള്‍ക്ക് മലയോര പട്ടയങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്തെ 567 വനഗ്രാമങ്ങള്‍ക്കായി 1107 പട്ടയങ്ങള്‍ നല്‍കി. പട്ടയം അനുവദിക്കാനുള്ള വരുമാന പരിധി രണ്ടര ലക്ഷമായി വര്‍ദ്ധിപ്പിച്ചത് സര്‍ക്കാരിന്റെ ഇടപെടലാണ്. സര്‍ക്കാരിന്റെ കൃത്യമായ ജാഗ്രതയുടെയും തുടര്‍ച്ചയായ പരിശ്രമത്തിന്റെയും ഭാഗമായി കടലോരത്ത് താമസിക്കുന്ന 1859 കുടുംബങ്ങള്‍ കടല്‍ പുറംപോക്ക് ഭൂമി പതിച്ചു നല്‍കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

എല്ലാ ഭൂമിക്കും രേഖ സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യം: മന്ത്രി ഒ.ആര്‍ കേളു

എല്ലാ ഭൂമിക്കും രേഖ നല്‍കുകയെന്ന സര്‍ക്കാറിന്റെ ആത്യന്തിക ലക്ഷ്യത്തിന്റെ ഭാഗമായി ജില്ലയില്‍ പത്തു വര്‍ഷത്തിനകം 8885 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയതായി പട്ടികജാതി – പട്ടികവര്‍ഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പട്ടയ മേളയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ ഭൂമിക്കും രേഖയെന്ന പദ്ധതിയിലൂടെ ജില്ല മികച്ച നേട്ടമാണ് കൈവരിച്ചതെന്നും ജില്ലയിലെ ഭൂമി പ്രശ്‌നങ്ങളില്‍ സങ്കീര്‍ണതകളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ പല വ്യക്തികളും കൈവശംവെക്കുന്ന ഭൂമിയ്ക്ക് മുന്‍കാലങ്ങളില്‍ പട്ടയം അനുവദിച്ചിട്ടുണ്ട്. ഇത്തരം ഭൂമിയിലെ പുതിയ താമസക്കാര്‍ വീണ്ടും പട്ടയത്തിന് അപേക്ഷിക്കുന്ന സാഹചര്യങ്ങളുണ്ട്. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആദ്യഘട്ടത്തില്‍ പട്ടയം കൊടുത്ത വ്യക്തിയെയോ, കുടുംബാംഗങ്ങളെയോ കണ്ടെത്തി ഹിയറിങ് നടത്തി, ഗസ്റ്റില്‍ പ്രസിദ്ധീകരിച്ച്, പത്ര പരസ്യം നല്‍കി അവകാശികള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മറ്റു നടപടികളില്‍ സ്വീകരിക്കുന്നത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ എല്ലാം നഷ്ടമായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പട്ടയം ഉറപ്പാക്കുകയാണ്. ആദ്യഘട്ടത്തില്‍ 178 കുടുംബങ്ങള്‍ക്കുള്ള പട്ടയം മുഖ്യമന്ത്രി പിണറായി വിജയന്‍ മാര്‍ച്ച് ഒന്നിന് ഗുണഭോക്താക്കള്‍ക്ക് കൈമാറും. ജില്ലാതല പട്ടയ മേളയില്‍ 581 പട്ടയങ്ങള്‍ കൈമാറി. 188 ഭൂപതിവ് പട്ടയങ്ങള്‍, 77 മിച്ചഭൂമി പട്ടയങ്ങള്‍, 300 ക്രയ സര്‍ട്ടിഫിക്കറ്റുകള്‍, 13 കൈവശ രേഖ, മൂന്ന് ദേവസ പട്ടയങ്ങളാണ് കൈമാറിയത്. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുല്‍ കാദര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍ കെ. മനോജ് കുമാര്‍, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.