വയനാട് വെറ്റിനറി കോളേജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥിന്റെ പേരിൽ ‘സിദ്ധാർഥ് ആന്റി റാഗിങ് നിയമം’ നടപ്പാക്കും.
കെട്ടിക്കിടക്കുന്ന കയർ ഉത്പന്നങ്ങൾ വിറ്റഴിച്ച് മേഖലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതു ലക്‌ഷ്യംവച്ച് സർക്കാർ സ്ഥാപനങ്ങളും പൊതുജനങ്ങളും കുറഞ്ഞത് ഒരു കയർ ഉത്പന്നമെങ്കിലും വാങ്ങി ഈ സംരംഭത്തിന്റെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
പോർട്ട് സിറ്റി, ഏവിയേഷൻ ഹബ്, സ്‌പേസ് ഇക്കോണമി തുടങ്ങിയ മേഖലകളിലാണ് പുതിയ നിക്ഷേപങ്ങൾ പ്രതീക്ഷിക്കുന്നത്. കൊച്ചിയിൽ ഓഷ്യനേറിയവും ഇന്റർനാഷണൽ മാരിടൈം മ്യൂസിയവും സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുന്നു.
സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും വൈദ്യുതി ഉപഭോഗ വർധനയുമാണ് പ്രധാന കാരണങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം 61 ശതമാനമായിരുന്ന അണക്കെട്ടുകളിലെ ജലനിരപ്പ് ഇത്തവണ 28 ശതമാനമായി കുറഞ്ഞു. അതേസമയം, പ്രതിദിന വൈദ്യുതി ആവശ്യകതയിൽ ഏകദേശം 1,000 മെഗാവാട്ടിന്റെ വർധനയുണ്ടായി. ഈ സാഹചര്യം മറികടക്കാൻ ഓപ്പൺ മാർക്കറ്റിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചു.
