ജില്ലയിൽ ലഹരിമോചന ചികിത്സകേന്ദ്രം സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി വിമുക്തി മിഷൻ ജില്ലാതല അവലോകന യോഗം. കൽപ്പറ്റ ജനറൽആശുപത്രി മുമ്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെ രണ്ടു ബ്ലോക്കുകളാണ് കേന്ദ്രത്തിനായി കണ്ടെത്തിയിട്ടുള്ളത്. നവീകരണ പ്രവൃത്തികൾ ദ്രുതഗതിയിൽ നടക്കുകയാണ്. വയനാട് നിർമിതികേന്ദ്രത്തിനാണ് ചുമതല. ഡിസംബറിൽ തന്നെ പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ കൽപ്പറ്റ ജനറൽആശുപത്രിയിൽ ലഹരിമോചന ചികിത്സകേന്ദ്രത്തിന്റെ ഒപി പ്രവർത്തിക്കുന്നുണ്ട്. നവീകരണ പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ 10 കിടക്കകളുള്ള കേന്ദ്രമായി വിപുലീകരിക്കും. ഡോക്ടറുടെയും സൈക്കോളജിസ്റ്റിന്റെയും സേവനം ലഭ്യമാവും. ആവശ്യത്തിന് നഴ്‌സുമാരെ നിയമിക്കാനും നടപടിയെടുക്കും.
വിമുക്തി മിഷന്റെ ഭാഗമായി നവംബർ 26 മുതൽ ഡിസംബർ 18 വരെ എക്‌സൈസ് വകുപ്പ് ജില്ലയിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. എക്‌സൈസ് സർക്കിൾ ഓഫീസുകളുടെയും റേഞ്ച് ഓഫീസുകളുടെയും ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് എട്ടു ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. പള്ളിക്കുന്ന ലൂർദ്മാതാ ഹൈസ്‌കൂൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ലഹരിവിരുദ്ധ ബോധവത്ക്കരണ ശില്പശാല നടത്തി. മൂലങ്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾക്കായി ചിത്രരചന-ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിവിധ കോളനികളിൽ 17 ബോധവത്ക്കരണ ക്ലാസുകളാണ് നടത്തിയത്. 32 കോളനികൾ സന്ദർശിച്ച് ലഘുലേഖകൾ വിതരണം ചെയ്തു. കൊളവയൽ സഹായി ക്ലബ്ബുമായി സഹകരിച്ച് നെന്മേലി കവലയിലും നടവയൽ മദ്യനിരോധന സമിതിയുമായി ചേർന്ന് ജൂബിലി മെമ്മോറിയൽഹാളിലും പൊതുജനങ്ങൾക്കായി ക്ലാസുകൾ നടത്തി. എസ്റ്റേറ്റ് തൊഴിലാളികൾക്കും വനംവാച്ചർമാർക്കും കുടുംബശ്രീ അംഗങ്ങൾക്കും ലഹരിവിരുദ്ധസന്ദേശം കൈമാറി. എഡിഎം കെ. അജീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ മാത്യൂസ് ജോൺ റിപോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
