കാക്കനാട്: എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന സ്വയം തൊഴിൽ കണ്ടെത്തിയവരുടെ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ഇന്ന് ആരംഭിക്കും. കാക്കനാട് സിവിൽ സ്റ്റേഷനിൽ ഉണർവ് എന്ന പേരിൽ സംഘടിപ്പിക്കുന്ന വിപണനമേള മൂന്ന് ദിവസം ഉണ്ടാകും.
ഭിന്നശേഷിക്കാർക്കായി സ്പെഷ്യൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ആവിഷ്കരിക്കുന്ന തൊഴിൽ മേള അതിജീവനം 2018 സിവിൽ സ്റ്റേഷനിൽ നാളെ നടക്കും. സ്വകാര്യ മേഖലയിലെ വിവിധ ജോലികൾക്ക് ഭിന്നശേഷിക്കാരെ തിരഞ്ഞെടുക്കുന്ന തൊഴിൽമേളയാണ് അതിജീവനം 2018. കഴിഞ്ഞവർഷം ലോക ഭിന്നശേഷി ദിനത്തിൽ എറണാകുളം സ്പെഷ്യൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് തുടക്കമിട്ട അതിജീവനം തൊഴിൽ മേളയിലൂടെ നിരവധി ഭിന്നശേഷിക്കാർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ അവസരം ലഭിച്ചിരുന്നു.
ജില്ലയിലെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാർക്ക് മാത്രമായി സംഘടിപ്പിക്കുന്നതാണ് അതിജീവനം 2018 തൊഴിൽ മേള. 35 വയസ്സുവരെയുള്ള ഉദ്യോഗാർത്ഥികൾക്കാണ് തൊഴിലവസരം. ഇതിനായി എല്ലാ സർട്ടിഫിക്കറ്റുകളും എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ കാർഡും സഹിതം നാളെ രാവിലെ പത്തുമണിക്ക് കാക്കനാട് സിവിൽ സ്റ്റേഷനിൽ നേരിട്ട് ഹാജരാവണം.
ഇതോടൊപ്പം 14വയസ്സ് പൂർത്തീകരിച്ച ഇതുവരെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യാത്ത ഭിന്നശേഷിക്കാർക്ക് രജിസ്ട്രേഷൻ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനായി എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം.
ഇത്തവണ 22 സ്റ്റാളുകളാണ് ഉണർവ് വിപണന മേളയിൽ എത്തുന്നത്. മായം കലരാത്തതും ഗുണമേന്മയേറിയതുമായ ഉൽപന്നങ്ങളാണ് മേളയുടെ ആകർഷണീയത. ഭക്ഷ്യ ഉത്പന്നങ്ങളും വീട്ടുപകരണങ്ങളുമടക്കം നിരവധി നിത്യോപയോഗ സാധനങ്ങൾ ഇവിടെ നിന്ന് വാങ്ങാം.
ഭിന്നശേഷിക്കാരായ കുട്ടികൾ നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളും മേളയിൽ വിൽപ്പനയ്ക്കായി എത്തും. സ്പെഷ്യൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് കൈവല്യ പദ്ധതിക്കുകീഴിൽ പരിശീലനം നൽകിയ വിവിധ സ്കൂളുകളിലെ കുട്ടികൾ നിർമ്മിച്ച വസ്തുക്കളാണ് ഇവിടെയെത്തുന്നത്. ആരക്കുന്നം മിത്രം സ്പെഷ്യൽ സ്കൂൾ, തിരുവാണിയൂർ ഫെയ്ത്ത് ഇന്ത്യ വൊക്കേഷണൽ ട്രെയിനിംഗ് സ്കൂൾ, ചാവറ സ്പെഷ്യൽ സ്കൂൾ കൂനമ്മാവ്, കാരുണ്യ നായരമ്പലം എന്നിവിടങ്ങളിലെ കുട്ടികളാണ് തങ്ങളുടെ ഉൽപ്പന്നങ്ങളുമായി എത്തുന്നത്. അലങ്കാര നെറ്റിപ്പട്ടങ്ങളും എൽ.ഇ.ഡി ബൾബുകളും മുതൽ ഇവർ തയ്യാറാക്കിയ വിവിധ ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 0484 2421633 എന്ന നമ്പറിൽ ബന്ധപ്പെടുക.