വടവുകോട്: പുറ്റുമാനൂർ ഗവൺമെൻറ് യു പി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആക്കി. വടവുകോട്-പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചിലവഴിച്ചാണ് വിദ്യാലയത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് സംവിധാനത്തിലേക്ക് മാറ്റിയിരിക്കുന്നത്. 100 വർഷം പിന്നിടുന്ന പുറ്റുമാനൂർ ഗവൺമെൻറ് യു പി സ്കൂളിനെ ശതാബ്ദി ദിനത്തോടനുബന്ധിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ സംരക്ഷണത്തിനായി പഞ്ചായത്തിൽ നടപ്പിലാക്കി വരുന്ന ദിശ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ കീഴിലാണ് ക്ലാസ് മുറികൾ ഹൈടെക് സംവിധാനത്തിലേക്ക് മാറ്റിയിരിക്കുന്നത്.

ഒന്നു മുതൽ ഏഴു വരെ ക്ലാസുകളാണ് വിദ്യാലയത്തിൽ ഉള്ളത്. ഒരു ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെയും പ്രായമനുസരിച്ച് ആകർഷകമായ കാർട്ടൂൺ ചിത്രങ്ങൾ, കളിയുപകരണങ്ങൾ, ബ്ലാക്ക് ബോർഡ് തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രൊജക്ടർ, ലാപ്ടോപ്പുകൾ എന്നീ സംവിധാനങ്ങളും കുട്ടികൾക്ക് ലഭ്യമാകും. എല്ലാ ക്ലാസ് മുറികളും ടൈൽ വിരിച്ച് ഭംഗിയാക്കിയിട്ടുണ്ട്. പഞ്ചായത്തിനു കീഴിലെ ആദ്യ ഹൈടെക് വിദ്യാലയമാണ്റ്റു പുറ്റുമാനൂർ ഗവൺമെൻറ് യു പി സ്കൂൾ.

വടവുകോട്-പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ വേലായുധൻ, വൈസ് പ്രസിഡണ്ട് അംബിക നന്ദനൻ, സെക്രട്ടറി എൻ അനിൽ കുമാർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സോഫിയ ഐസക്, റ്റി കെ പോൾ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി യാഥാർത്ഥ്യമായിരിക്കുന്നത്.