വയലാർ : നാളികേരകൃഷി ഒൻപതര ലക്ഷം ഹെക്ടറുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ.
വയലാർ മദ്ധ്യം ശ്രീനാരായണ പ്രാർത്ഥനാലയത്തിൽ കേരള സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയും വിള ആരോഗ്യ ക്ലിനിക്കും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ അധ്യക്ഷനായി.
250 ഹെക്ടർ കൃഷി ഭൂമിയിൽ പദ്ധതി നടപ്പാക്കാൻ കൃഷിവകുപ്പ് മുഖേന 50.17 ലക്ഷം രൂപ വയലാർ ഗ്രാമ പഞ്ചായത്തിന് നൽകി. വാർഡ് തലത്തിൽ 15 ലക്ഷം ഹൈബ്രിഡ് തൈകൾ തുടങ്ങിയവ ഉൽപ്പാദിപ്പിക്കുവാൻ സി.പി. സി.ആർ. ഐ പോലുള്ള വിവിധ ഏജൻസികളെ ചുമതലപ്പെടുത്തി. മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ യൂണിറ്റ് തുടങ്ങുവാൻ 20 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.് ചകിരി ചോറ് കയറ്റിയയച്ച വകയിൽ 600 കോടി രൂപയുടെ വരുമാനം് തമിഴ്നാടിനുണ്ടായി. അതുപോലെ നമ്മുടെ നാടിനും വരുമാനം നേടാനാകണമെന്നും മന്ത്രി പറഞ്ഞു.
കൃഷി ശാസ്ത്രീയമായി മെച്ചപ്പെടുത്താൻ ആരംഭിച്ച അഗ്രോ ക്ലിനിക് പ്രയോജനപ്പെടുത്തണം.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്റെ പ്രത്യേക നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ പമ്പ് സെറ്റ് വിതരണം ചെയ്തു.പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ തെങ്ങുകയറ്റ യന്ത്രം വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് സി.ടി. വിനോദ് തെങ്ങ് കൃഷി പരിപാലന ആനുകൂല്യ വിതരണം നടത്തി. തുടർന്ന് വയലാറിൽ കാർഷിക രംഗത്ത് മികവുകാട്ടിയ കർഷകരെയും കാർഷിക ഗ്രൂപ്പുകളെയും ആദരിച്ചു.
വയലാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. വി. ബാബു, വയലാർ കേരസമിതി കൺവീനർ പ്രസാദ് കണ്ണിക്കാട്, ചെയർപേഴ്സൺ ഓമന ബാനർജി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.ചിത്ര, കൃഷി ഓഫീസർ പി. ജെ. കൃഷ്ണപ്രിയ, മുൻ കൃഷി ഓഫീസർ ആർ. ആയിഷ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന നടേശ് എന്നിവർ പങ്കെടുത്തു .
