സംസ്ഥാനത്ത് വിവിധ ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമം മെച്ചപ്പെട്ട നഷ്ടപരിഹാരത്തിന് പുറമെ പുനരധിവാസവും പുനസ്ഥാപനവും ഉറപ്പുവരുത്തുന്നുണ്ടെന്ന് റവന്യു വകുപ്പ് അറിയിച്ചു. നഷ്ടപരിഹാരമായി ലഭിക്കുന്ന തുകയ്ക്ക് ആദായനികുതിയോ മറ്റു നികുതികളോ അടയ്‌ക്കേണ്ട എന്നതും നിയമത്തിന്റെ സവിശേഷതയാണ്. 2014 ജനുവരി മുതൽ ആർ. എഫ്. സി. ടി. എൽ. എ. ആർ. ആർ ആക്ട് 2013 അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കൽ നടക്കുന്നത്.
വീട് നഷ്ടപ്പെട്ടവർക്ക് ഇന്ദിര ആവാസ് യോജന അനുസരിച്ച് 50 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വീടോ അല്ലെങ്കിൽ 460000 രൂപയോ ലഭിക്കാൻ അർഹതയുണ്ട്. ജലസേചന പദ്ധതിയ്ക്കായി ഏറ്റെടുത്ത ഭൂമിയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിന് പകരം പദ്ധതിയുടെ കമാൻഡ് ഏരിയയിൽ ഒരു ഏക്കർ സ്ഥലം ലഭിക്കും. ഭൂമി നഷ്ടപ്പെടുന്ന പട്ടികജാതി, പട്ടികവർഗത്തിൽ പെടുന്നവർക്ക് ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് തുല്യമായ സ്ഥലമോ 2.5 ഏക്കർ ഭൂമിയോ ഇവയിൽ ഏതാണോ കുറവ് അത് നൽകണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.
നഗരവത്കരണ ആവശ്യത്തിനാണ് സ്ഥലം ഏറ്റെടുക്കുന്നതെങ്കിൽ വികസിപ്പിച്ച ഭൂമിയുടെ 25 ശതമാനം ബാധിക്കപ്പെട്ട കടുംബങ്ങൾക്കായി നീക്കി വയ്ക്കണം. പദ്ധതി മുഖേന തൊഴിൽ നൽകുകയാണെങ്കിൽ മിനിമം വേതനത്തിൽ കുറയാതെയുള്ള നിരക്കിൽ ഒരു അംഗത്തിന് ജോലി നൽകും. അതല്ലെങ്കിൽ ഒറ്റത്തവണ അഞ്ച് ലക്ഷം രൂപ നൽകും. അതല്ലെങ്കിൽ ഒരു കുടുംബത്തിന് പ്രതിമാസം മൂവായിരം രൂപയിൽ കുറയാത്ത 20 വർഷത്തേക്കുള്ള ആന്വറ്റി പോളിസികളും നൽകാം.
കുടിയിറക്കപ്പെടുന്ന കുടുംബത്തിന് ഉപജീവന ഗ്രാന്റായി ഒരു വർഷത്തേക്ക് പ്രതിമാസം 5000 രൂപ നൽകാനും വ്യവസ്ഥയുണ്ട്. കുടിയിറക്കപ്പെടുന്ന കുടുംബത്തിന് ഗതാഗത ചെലവായി ഒറ്റത്തവണ 50,000 രൂപ വരെ ലഭിക്കും. കന്നുകാലിത്തൊഴുത്ത്, ചെറിയ കടകൾ എന്നിവയ്ക്ക് 25,000 രൂപ മുതൽ 50,000 വരെ നൽകും. കരകൗശലക്കാർക്കും ചെറുകിട കച്ചവടക്കാർക്കും ഒറ്റത്തവണ സഹായമായി 50,000 രൂപ ലഭിക്കും. ജലസേചനത്തിനോ ഹൈഡൽ പ്രോജക്ടുകൾക്കോ ഒഴിവാക്കപ്പെട്ട കുടുംബങ്ങൾക്ക് ജലസംഭരണികളിൽ മത്‌സ്യബന്ധനത്തിന് അവകാശം നൽകുന്നുണ്ട്. പുനസ്ഥാപനത്തിനുള്ള ഒറ്റത്തവണ അലവൻസായി 50000 രൂപയും നൽകും. ബാധിക്കപ്പെടുന്ന കുടുംബങ്ങൾക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഒടുക്കേണ്ടതില്ല. വാണിജ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് 36000 രൂപയും വാടകയ്ക്ക് താമസിക്കുന്നവർക്ക് 30000 രൂപയും ലഭിക്കും. ആരാധനാലയങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ നൽകും.
പ്രദേശത്ത് രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ള വിലയാധാരങ്ങളിൽ ഉയർന്ന വിൽപന വില വച്ചിട്ടുള്ള ആകെ ആധാരങ്ങളുടെ പകുതി പരിഗണിച്ചാണ് ശരാശരി വില കണക്കാക്കുന്നത്. ഗ്രാമപ്രദേശങ്ങളിലുള്ള വസ്തുക്കൾക്ക് മൾട്ടിപ്ലിക്കേഷൻ ഫാക്ടർ വഴി വില തിട്ടപ്പെടുത്തുമ്പോൾ ഇരട്ടി വില ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഇതോടൊപ്പം നൂറ് ശതമാനം സോലേഷ്യവും ലഭിക്കുമ്പോൾ വലിയ വിലയാകും. ഇതുകൂടാതെ 12 ശതമാനം വർദ്ധനവും ലഭിക്കും.