* അധ്യാപക വിദേശയാത്രാനുമതിക്ക് പുതിയ സോഫ്റ്റ്വെയർ

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് ഇനി മലയാളം പതിപ്പിലും. മലയാളത്തിലുള്ള വെബ്സൈറ്റിന്റെ ഉദ്ഘാടനം സെക്രട്ടേറിയറ്റ് അനക്സ് 2 ലെ ശ്രുതി ഹാളിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് നിർവഹിച്ചു. www.highereducationml.kerala.gov.in എന്ന വെബ്സൈറ്റിൽ ഇനി ഉന്നതവിദ്യഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും അറിയിപ്പുകളും അറിയാം.
വകുപ്പ് രൂപകല്പന ചെയ്ത പുതിയ സോഫറ്റ്വെയർ സോഫ്റ്റിന്റെ (SOAFT-System for online application for foreign travel) ഉദ്ഘാടനവും പ്രിൻസിപ്പൽ സെക്രട്ടറി നിർവഹിച്ചു. സർവകലാശാലകളിലേയും കോളേജുകളിലേയും അധ്യാപകർക്ക് വിദേശയാത്രയ്ക്കുള്ള അനുമതി തേടുന്നതിനുള്ളതാണ് ഈ സോഫ്റ്റ്വെയർ. വിദേശയാത്രാനുമതിക്കായി അധ്യാപകർ ഏറെനാൾ കാത്തിരിക്കുന്നത് ഒഴിവാക്കാനായാണ് ഈ സംരംഭം. ഐ.എച്ച്.ആർ.ഡിയുടെ സാങ്കേതിക സഹായത്തോടെയാണ് വെബ്സൈറ്റും സോഫ്റ്റ്വെയറും വികസിപ്പിച്ചെടുത്തത്.
ഡോ. ഷറഫുദ്ദീൻ, ഡോ. ഇന്ദിരാദേവി, ഐ. എച്ച്. ആർ. ഡി. ഡയറക്ടർ ഡോ. പി. സുരേഷ്‌കുമാർ, ജയിംസ് രാജ് തുടങ്ങിയവർ സംസാരിച്ചു.