കാക്കനാട്: വൈകല്യം മറന്ന് അതിജീവനത്തായി അവർ ഒത്തുചേർന്നു. കാക്കനാട് കളക്ട്രേറ്റ് അങ്കണത്തിൽ നടന്ന ഭിന്നശേഷി ക്കാർക്കായുള്ള തൊഴിൽ മേള അതിജീവനം – 2018 ലാണ് വൈകല്യം ബാധിച്ചവരുടെ സംഗമമായത്. നാഷണൽ എംപ്ലോയ്മെൻറ് സർവ്വീസ് വകുപ്പിന്റെ ഉണർവ്വ് 2018 പരിപാടിയുടെ ഭാഗമായാണ് തൊഴിൽ മേള നടത്തിയത്. ഭിന്ന ശേഷിക്കാരുടെ അതിജീവനത്തിന് കരുത്താകുകയെന്ന ലക്ഷ്യവുമായാണ് തൊഴിൽ മേള സംഘടിപ്പിച്ചത്. സ്വകാര്യ മേഖലയിലെ 14 കമ്പനികളാണ് തൊഴിൽ ദാതാക്കളായി എത്തിയത്.ടെക്നീഷ്യൻ, ഓപ്പറേറ്റർ, കസ്റ്റമർ സർവ്വീസ് അസോസിയേറ്റ്, പാക്കിങ്ങ് പ്രൊഡക്ഷൻ വർക്കർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ജനറൽ വർക്കർ, അക്കൗണ്ട് അസിസ്റ്റൻറ്, ബാക്ക് ഓഫീസ് എക്സിക്യൂട്ടീവ്, ട്രെയിനീ അസോസിയേറ്റ്, കെയർടേക്കർ തുടങ്ങി 125 ഓളം ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്തത്. ബിരുദം യോഗ്യതയായുള്ള ഏതാനും തസ്തികകളിലേക്ക് എഴുത്ത് പരീക്ഷയും നടത്തി. ഇതിൽ നിന്നും ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കും. എസ്.എഫ്.ഒ ടെക്നോളജീസ്, ഒ.ഇ.എൻ, ബെറ്റ ഹെൽത്ത് കെയർ, റിലയൻസ് റീട്ടെയിൽ, എച്ച്.റ്റി ഫുഡ്, ഫ്രാഗ് മൺ, ആസ്മ റബർ, നവഗതി മറൈൻ, സതർലാണ്ട്, എൻ.ജി.എ ഹ്യൂമൻ റിസോഴ്സസ്, എസ്.ഒ എസ് വില്ലേജ്, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ, ഡോ: റെഡി തുടങ്ങിയ കമ്പനികളാണ് തൊഴിൽ ദാതാക്കൾ. ഈ കമ്പനികളിലെ 125 ഓളം ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികളായി ഭിന്നശേഷിക്കാരെത്തിയത്. ഭിന്നശേഷിക്കാരായ അറുനൂറോളം പേരാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്.