മലമ്പുഴ മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനും മലമ്പുഴ എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന് പറഞ്ഞു. നവീകരിച്ച മന്തക്കാട് -ജയില്‍ റോഡ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലമ്പുഴ മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള കുടിവെള്ളപദ്ധതിക്ക് 64 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. അകത്തേത്തറ മേല്‍പാലം സാക്ഷാത്ക്കരിക്കുന്നതിന്റെ ഭാഗമായി സ്ഥലമേറ്റെടുപ്പ് രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. റിങ്ങ് റോഡ് അടക്കമുള്ള വികസനപ്രവര്‍ത്തനങ്ങളും പുരോഗതിയിലാണെന്നും വി.എസ് അച്യുതാനന്ദന് എം.എല്‍.എ പറഞ്ഞു. ജയില്‍ റോഡിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം ജില്ലാ പഞ്ചായത്ത് ഫണ്ടില്‍നിന്നും നല്കിയിട്ടുള്ളതായി മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന് അറിയിച്ചു. വി.എസ് അച്യുതാനന്ദന് എം.എല്‍.എ.യുടെ മണ്ഡലം വികസന ഫണ്ടില്‍നിന്നും 20 ലക്ഷം ചെലവഴിച്ചാണ് ജയില്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. മന്തക്കാട് ജങ്ഷന് മുതല്‍ ജയില്വരെയുള്ള 580 മീറ്റര്‍ ദൂരം റോഡാണ് മെറ്റലിങ്ങിന് ശേഷം ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. മന്തക്കാട് ജങ്ഷനില്‍ നടന്ന പരിപാടിയില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന് അധ്യക്ഷയായി. മലമ്പുഴ ബ്ലോക്ക് അസി.എന്‍ജിനീയര്‍ റീബ വി. ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന സുദേവന്, മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുബ്രഹ്മണ്യന്, കോഴിക്കോട് ഉത്തരമേഖല ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍ സാം തങ്കയ്യന്, ജില്ലാ സ്പെഷല്‍ സബ്ജയില്‍ സൂപ്രണ്ട് എസ്.ശിവദാസ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ സംസാരിച്ചു.
