വയനാട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 4516 പദ്ധതികളിലായി 302.69 കോടി രൂപയുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 2019-20 വർഷത്തെ വാർഷിക പദ്ധതികൾക്കാണ് ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളിൽ നടന്ന ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയത്. ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളുടെയും വാർഷിക പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തുകളുടെയും കൽപ്പറ്റ നഗരസഭയുടെയും പദ്ധതികൾ സമിതി അംഗീകരിച്ചു. പ്രളയാനന്തര പുനർനിർമാണത്തിന് ഊന്നൽ നൽകിയാണ് വാർഷിക പദ്ധതികൾ തയ്യാറാക്കിയത്. പഞ്ചായത്തുകൾ ദുരന്തലഘൂകരണ പദ്ധതികൾക്കും വാർഷിക പദ്ധതിയിൽ ഇടം നൽകിയിട്ടുണ്ട്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതികളിൽ ഉൾപ്പെട്ട നൂതന പദ്ധതികൾ, പ്രത്യേക പദ്ധതികൾ എന്നിവ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ്മാർ യോഗത്തിൽ വിശദീകരിച്ചു. മാനന്തവാടി, സുൽത്താൻ ബത്തേരി നഗരസഭകളും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ വാർഷിക പദ്ധതികൾക്കാണ് ഇനി അംഗീകാരം ലഭിക്കാനുളളത്.
ജില്ലയിലെ 27 ഗ്രാമപഞ്ചായത്തുകളും കൂടി 238.45 കോടി അടങ്കൽ തുക വരുന്ന 4046 പദ്ധതികളാണ് അംഗീകാരത്തിനായി സമർപ്പിച്ചത്. ഇതിൽ സേവന മേഖലക്കാണ് കൂടുതൽ തുക നീക്കിവച്ചത്. 112.83 കോടി രൂപ. ഉൽപ്പാദന മേഖലയിൽ 41.14 കോടിയും പശ്ചാതല വികസനത്തിന് 84.48 കോടിയും നീക്കിവച്ചു. ബ്ലോക്ക് പഞ്ചായത്തുകൾ 297 പദ്ധതികൾ സമർപ്പിച്ചു. 31.64 കോടി രൂപയാണ് അടങ്കൽ തുക. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 11.42 കോടി രൂപയുടെ 105 പ്രോജക്ടുകൾ അവതരിപ്പിച്ചു. പനമരം 58 പ്രോജക്ടുകളിലായി 9.69 കോടിയുടെയും സുൽത്താൻ ബത്തേരി 134 പ്രോജക്ടുകളിലായി 10.52 കോടിയുടെയും പദ്ധതികൾ അംഗീകാരത്തിനായി സമർപ്പിച്ചു. സേവനമേഖലയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 5.34 കോടി , പനമരം 6.01 കോടി, സുൽത്താൻ ബത്തേരി 5.57 കോടിയുടെയും പദ്ധതികളാണുളളത്. ഉത്പാദന മേഖലയിൽ യഥാക്രമം 3.75 കോടി,1.59 കോടി,3.61 കോടിയുമാണ്. പശ്ചാത്തല വികസനത്തിന് 2.33 കോടി,2.09 കോടി,1.34 കോടി രൂപയുമാണ് നീക്കിവെച്ചത്. കൽപ്പറ്റ നഗരസഭ 16.53 കോടിയുടെ 173 പ്രോജകടുകൾക്കാണ് അംഗീകാരം തേടിയത്. ഉൽപാദന മേഖലയിൽ 7.8 കോടി, സേവന മേഖല 10.09 കോടി, പശ്ചാത്തല മേഖല 5.35 കോടി എന്നിങ്ങനെയാണ് പദ്ധതികളുടെ നീക്കിയിരിപ്പ്. യോഗത്തിൽ ആസൂത്രണ സമിതി ചെയർപേഴ്ണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എ.ആർ. അജയകുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.എം. സുരേഷ് , തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.