വൈദ്യശാസ്ത്രരംഗത്ത് വളരെയേറെ പ്രാധാന്യമുള്ള ആവിക്കുളി ചികിത്സയെ ഇന്ന് കാലിക്കടവില്‍ നടക്കുന്ന ഗദ്ദിക മേളയിലൂടെ പൊതുജനത്തിന് പരിചയപ്പെടാം. മരുന്ന് ആവിക്കുളി തിരുവന്തപുരം ജില്ലയിലെ കാണി ഗോത്ര വര്‍ഗ്ഗക്കാര്‍ തലമുറകളായി കൈമാറി വരുന്ന ചികിത്സ രീതിയാണ്. സോറിയാസിസ്, ചൊറി, പൊണ്ണത്തടി, ശ്വാസ തകരാറുകള്‍, അലര്‍ജി കൊണ്ടുണ്ടാകുന്ന തുമ്മല്‍, മൂക്ക് ചീറ്റല്‍, വാതം തുടങ്ങിയ രോഗാവസ്ഥകള്‍ക്ക് ഫലപ്രദമായ ചികിത്സയാണ്് മരുന്ന് ആവിക്കുളി. അറുപതിലേറെ ഔഷധകൂട്ടുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ആവിക്കുളി ചികിത്സ പ്രകൃതിയിലേക്ക് മടങ്ങുക എന്നസന്ദേശമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.
പ്രത്യേകം തയ്യാറാക്കുന്ന ഔഷധകൂട്ടുകളിലുള്ള മരുന്ന് സത്ത് ആവിയില്‍ ലയിപ്പിച്ച് രോഗി ഇരിക്കുന്ന അറയില്‍ നിറയുന്നു. ഉച്ഛാസ വായുവിലൂടെ ശ്വാസകോശത്തിലെത്തുന്ന ഈ ഔഷധമൂല്യമുള്ള ആവി രക്തശുദ്ധി വരുത്തും.അറയിലിരിക്കുന്ന വ്യക്തി ധാരാളമായി വിയര്‍ക്കുന്നത് ശരീരത്തിലെ ദുര്‍മേദസ്സുകളെ അകറ്റുന്നതിന്റെ സൂചനയാണ്. മരുന്ന് ആവി തട്ടുന്നതുമൂലം രോമ കൂപങ്ങള്‍ വികസിക്കുകയും ത്വക്കില്‍ അടിഞ്ഞുകൂടിയ കൊഴുപ്പും മറ്റും വിയര്‍പ്പില്‍ ലയിച്ച് പുറന്തള്ളപ്പെടുകയും ചെയ്യുന്നു.നല്ലത് പോലെ വിയര്‍ത്ത ശേഷം, തേച്ച് കുളിക്കുമ്പോള്‍ ത്വക്കിന് പുറമെയുള്ള ജീവനില്ലാത്ത പാളികള്‍ ഉരിഞ്ഞ് പോകുന്നത് മൂലം ത്വക്ക് കൂടുതല്‍ മാര്‍ദ്ദവപ്പെടുകയും ജീവസുറ്റതായി അനുഭവപ്പെടുകയും ചെയ്യുന്നു.
രോഗാവസ്ഥക്കനുസരിച്ച് ആവിക്കുള്ള ഔഷധക്കൂട്ട് തയ്യാറാക്കും.അത് പോലെ മരുന്ന് ആവിക്കുളിക്കുള്ള എണ്ണവും തിട്ടപ്പെടുത്തിയിട്ടുണ്ട്. യുവത്വവും പ്രസരിപ്പും നിലനിര്‍ത്താന്‍ മരുന്ന് ആവിക്കുളി മാസത്തില്‍ ഒന്ന് വീതം ,ചെയ്താല്‍ മതിയാവും എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. രോഗാവസ്ഥക്ക് അനുസരിച്ച് ദിനം പ്രതി ആവിക്കുളി ആവശ്യമായി വരുന്ന സാഹചര്യവുമുണ്ട് .ദേഹമാസകലം വിയര്‍ക്കുന്നത് കൊണ്ട് ആവിക്കുളിയുടെ പ്രയോജനം മാസങ്ങളോളം ത്വക്ക് സംരക്ഷണത്തിന് പ്രയോജനപ്പെടും. ഒരാള്‍ക്ക് 20 മിനുറ്റാണ് സമയം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ആവിക്കുളി ചികിത്സക്കായി ഗദ്ദിക മേളയില്‍ വെവ്വേറെ സൗകര്യം ഒരുക്കിയിട്ടുണ്ട്.