ബൗദ്ധിക വെല്ലുവിളി നേരിടുന്ന ബഡ്‌സ്, ബി ആർ സി വിദ്യാലയങ്ങളിലെ കുട്ടികളുടെ കലോത്സവം തില്ലാന 2026 ന് തുടക്കമായി. ചട്ടുകപ്പാറ ആരൂഡം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി സുലേഖ അധ്യക്ഷയായി.
കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുക, കലാമത്സരങ്ങൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തില്ലാന സംഘടിപ്പിക്കുന്നത്. തില്ലാനയുടെ ഏഴാമത് പതിപ്പിനാണ് ആരൂഡം വേദിയൊരുക്കിയത്. 450 കലാകാരന്മാർ വിവിധ കലാ മത്സരങ്ങളിലായ് മത്സരിക്കുന്നുണ്ട്.
മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി സി വിനോദ് മാസ്റ്റർ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ നന്ദിനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സൗമിനി ടീച്ചർ, കുറ്റ്യാട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുശീല, കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം വി ജയൻ, കുറ്റ്യാട്ടൂർ സി ഡി എസ് ചെയർപേഴ്സൺ സി ബിന്ദു, കുടുംബശ്രീ ജില്ലാ അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ കെ വിജിത്ത്, കെ രാഹുൽ, പി.ഒ ദീപ, എം അമർജ്യോത് എന്നിവർ പങ്കെടുത്തു.
പാട്ടിലും നൃത്തത്തിലും താരമായി സലാം
വിദ്യാലയത്തിലും നാട്ടിലും മാപ്പിള പാട്ടിലൂടെ എല്ലാവരുടെയും ഹൃദയം കീഴടക്കിയ സലാം നാടോടി നൃത്തത്തിലൂടെ തില്ലാന 2026 ലെ ശ്രദ്ധാ കേന്ദ്രമായി. അരങ്ങേറ്റത്തിൽ തന്നെ അപ്രതീക്ഷിതമായി തേടിയെത്തിയ വിജയത്തിന്റെ ത്രില്ലിലാണ് രാമന്തളി പ്രതീക്ഷ ബഡ്‌സ് സ്കൂൾ വിദ്യാർഥി യു.കെ സലാം. ഒരു മാസമായി നാടോടി നൃത്തം സ്കൂളിൽ നിന്നും പരിശീലനം ചെയ്ത് വരുന്നു. പയ്യന്നൂർ കൗവ്വായി സ്വദേശിയായ സലാം സബ് ജൂനിയർ വിഭാഗം നാടോടി നൃത്ത മത്സരത്തിലാണ് ഒന്നാം സ്ഥാനം നേടിയത്.
ബഡ്‌സ് സംസ്ഥാന കലോത്സവത്തിൽ സബ് ജൂനിയർ വിഭാഗം നാടോടി നൃത്തത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് സലാം ഇനി മത്സരിക്കും. സ്റ്റാൻഡിങ് ബ്രോഡ് ജമ്പ് കായിക താരം കൂടിയാണ് സലാം.
