➣ ശബരി പാത: പദ്ധതി ചെലവിൻ്റെ പകുതി തുകയായ 1900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും
അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചെലവ് വഹിക്കാനും ഇതിനായി 1900 കോടി രൂപ കിഫ്ബി വഴി നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിൻ്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽപാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജ്ജം പകരുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ, ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും.

പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ, 8 കിലോമീറ്റർ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടുണ്ട്. അങ്കമാലി മുതൽ കാലടി വരെയുള്ള 7 കിലോമീറ്റർ ദൂരത്തെ നിർമ്മാണ പ്രവൃത്തികളുടെ ഏകദേശം 90 ശതമാനവും വർഷങ്ങൾക്ക് മുമ്പേ പൂർത്തിയായിരുന്നു. ബാക്കിയുള്ള ദൂരത്തേക്കായി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിരുന്നെങ്കിലും, അവയുടെ കാലാവധി അവസാനിച്ചതിനാൽ (lapsed) നടപടികൾ വീണ്ടും ആദ്യഘട്ടം മുതൽ (De Novo) തുടങ്ങേണ്ട അവസ്ഥയിലാണ്. ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങളും റെയിൽവേ ബജറ്റിൽ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതും കാരണം കഴിഞ്ഞ 25 വർഷത്തിലേറെയായി ഈ പദ്ധതി സ്തംഭനാവസ്ഥയിലാണ്.
07.01.2021-ലെ സർക്കാർ (G.O(Ms) No. 1/2021/Trans) പ്രകാരം, പദ്ധതി ചെലവിൻ്റെ 50 ശതമാനം കിഫ്ബി (KIIFB) ഫണ്ടിംഗിലൂടെ വഹിക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ആ സമയത്ത് 2,815 കോടി രൂപയായിരുന്ന പദ്ധതി ചെലവ് നിലവിൽ 3,800.9 കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണ്. ഇതിൻ്റെ പകുതി വിഹിതമാണ് സംസ്ഥാന സർക്കാർ വഹിക്കുക.
ശബരി പദ്ധതിക്കായി 303.58 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഭൂമിയേറ്റെടുക്കാൻ 1361 കോടി രൂപയും നിർമ്മാണ പ്രവർത്തനത്തിന് 2439.93 കോടി രൂപയും ചെലവ് വരും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പദ്ധതിക്കാവശ്യമുള്ള ഭൂമി ഏറ്റെടുക്കേണ്ടത്.
പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ റവന്യു അധികാരികൾക്ക് നിർദ്ദേശം നൽകി. ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ അറിയിക്കുവാനും മന്ത്രിസഭ തീരുമാനിച്ചു.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് റെയിൽവേ പദ്ധതിക്ക് വേണ്ടി പണം നൽകേണ്ടി വരുന്ന സാഹചര്യം ഒരു സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാകുന്നത്. സംസ്ഥാനത്തെ ദേശീയപാത പദ്ധതിക്കും 5580 കോടി രൂപ കിഫ്ബി വഴി സർക്കാർ അനുവദിച്ചിരുന്നു.
➣ അയ്യാ വൈകുണ്ഠ സ്വാമി മെമ്മോറിയൽ ലൈബ്രറി ആൻഡ് കൾച്ചറൽ സെന്റർ നിർമ്മിക്കാൻ ഭൂമി
തിരുവനന്തപുരം വഞ്ചിയൂർ വില്ലേജിലെ 8 സെന്റ് ഭൂമി അയ്യാ വൈകുണ്ഠ സ്വാമി മെമ്മോറിയൽ ലൈബ്രറി ആൻഡ് കൾച്ചറൽ സെന്റർ നിർമ്മിക്കുന്നതിന് സാംസ്‌കാരിക വകുപ്പിന് കൈമാറും.
നിർമ്മാണം കിഫ്ബി പ്രവൃത്തിയായി നടപ്പാക്കും. എസ് പി വിയായി ഹാന്റിക്രാഫ്റ്റ്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനെയും Project Management Consultancy-യായി KIIFCON-നെയും നിയോഗിക്കും.
➣ ഭൂമി ഏറ്റെടുക്കാൻ അനുമതി
കെ- സ്പെയ്‌സിന്റെ നിർദ്ദിഷ്ട സംരംഭമായ എയ്റോസ്പെയിസ് കൺട്രോൾ സിസ്റ്റം സെന്റർ സ്ഥാപിക്കാൻ കിഫ്ബിയുടെ ലാൻഡ് അക്വിസിഷൻ പൂളിൽ നിന്നും അനുവദിച്ച 600 കോടി രൂപ ചെലവഴിച്ച് വേളി/തുമ്പയിൽ വിഎസ്എസി ക്യാമ്പസിനോട് ചേർന്നുള്ള 60 ഏക്കർ ഭൂമി 2013-ലെ RFCTLARR Act പ്രകാരം ഏറ്റെടുക്കുന്നതിന് അനുമതി നൽകി.
ഈ ഭൂമി ഏറ്റെടുക്കുന്നതിന് കെ സ്പെയ്‌സിനെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) ആയി നിയോഗിച്ചും, കെസ്പെയ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ റിക്വിസിഷനിംഗ് അതോറിറ്റിയായി അധികാരപ്പെടുത്തിയും ഉത്തരവ് പുറപ്പെടുവിക്കും.
➣ പുതിയ തസ്തികകൾ
🔸ഇടുക്കി ഉടുമ്പൻചോല സർക്കാർ ആയുർവേദ കോളേജിന്റെ ആദ്യഘട്ട പ്രവർത്തനം ആരംഭിക്കാൻ 25 തസ്തികകൾ സൃഷ്ടിക്കും. 21 റെഗുലർ തസ്തികകളും 4 കോൺട്രാക്ട് തസ്തികകളുമാണ് സൃഷ്ടിക്കുക.
🔸ഡ്രഗ്സ് കണ്ട്രോൾ വകുപ്പിൽ 10 ഡ്രഗ്സ് ഇൻസ്‌പെക്ടർ, 2 റീജിയണൽ/സീനിയർ ഡ്രഗ്സ് ഇൻസ്‌പെക്ടർ തസ്തികകൾ സൃഷ്ടിക്കും.
🔸കണ്ണൂർ തായിനേരി എസ്എബിടിഎം ഹയർ സെക്കന്ററി സ്‌കൂളിലെ എച് എസ് എസ് റ്റി (ജൂനിയർ) അറബിക് തസ്തിക എച്ച് എസ് എസ് റ്റി തസ്തികയാക്കി അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി നൽകി.
🔸കോട്ടയം അയർക്കുന്നം സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എച് എസ് എസ് റ്റി (ജൂനിയർ) ഇംഗ്ലീഷ് തസ്തിക എച് എസ് എസ് റ്റി ഇംഗ്ലീഷ് തസ്തികയായി അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി നൽകി.
➣ അനുമതി നൽകി
മലപ്പുറം ജില്ലയിലെ ഭൂരഹിതരായ പട്ടിക വർഗ്ഗക്കാർക്കുള്ള രണ്ടാംഘട്ട നിക്ഷിപ്ത വനഭൂമി ചാലിയാർ ഗ്രാമപഞ്ചായത്തിലെ കണ്ണൻകണ്ട് ബീറ്റിലും ചുങ്കത്തറ പഞ്ചായത്തിലെ നെല്ലിപ്പൊയിൽ കൊടിരി ബീറ്റിലും വിതരണത്തിനായി തയ്യാറാക്കിയ 50 സെനറ്റ് വീതമുള്ള പ്ലോട്ടുകൾ ഉത്തരവിലെ വ്യവസ്ഥകൾക്കനുസൃതമായി വിതരണം ചെയ്യുന്നതിന് മലപ്പുറം ജില്ലാ കളക്ടർക്ക് അനുമതി നൽകി.
➣ ഭൂപരിധിയിൽ ഇളവ്
എറണാകുളം കുന്നത്തുനാട് താലൂക്കിൽ ഐക്കരനാട് നോർത്ത് വില്ലേജിൽ പെട്ട 34.7739 ഏക്കർ ഭൂമിയിൽ ഭൂപരിധിയിൽ അധികമുള്ള 19.7739 ഏക്കർ ഭൂമിക്ക് ഭൂപരിഷ്കരണ നിയമ പ്രകാരം ഭൂപരിധിയിൽ ഇളവ് അനുവദിക്കും.
➣ എംപാനൽമെന്റിന് അംഗീകാരം നൽകി
ഇ-ഗവർണൻസ് സംരംഭങ്ങൾ നടപ്പാക്കുന്നതിന് സർക്കാർ വകുപ്പുകൾക്ക് മനുഷ്യ വിഭവശേഷി ലഭ്യമാക്കുന്നതിന് ഏജൻസികളെ എംപാനൽ ചെയ്യുന്നതിന് രൂപീകരിച്ച പദ്ധതിക്ക് അംഗീകാരം നൽകി. എംപാനൽ ചെയ്യുന്നതിനുള്ള ആർ. എഫ്. പി നടപടികളുമായി മുന്നോട്ടുപോകുന്നതിന് ഐടി മിഷനെ ചുമതലപ്പെടുത്തി.
➣ ശമ്പള പരിഷ്കരണം
🔸കേരള സംസ്ഥാന ഐടി മിഷനിലെ 12 കരാർ തസ്തികകളുടെ ശമ്പള പരിഷ്കരണവും ഒരു തസ്തികയുടെ പുനർനാമകരണവും നടപ്പാക്കാൻ തീരുമാനിച്ചു.
🔸വാസ്തുവിദ്യാ ഗുരുകുലത്തിലെ സ്ഥിരം ജീവനക്കാർക്ക് പതിനൊന്നാം ശമ്പളപരിഷ്കരണം നടപ്പിലാക്കും.
➣ 28 സമുദായങ്ങളെ എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തും
സംസ്ഥാനത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും
എന്നാൽ വിദ്യാഭ്യാസ അനുകൂല്യങ്ങൾക്കുള്ള
എസ്.ഇ ബി. സി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ 28 സമുദായങ്ങളെ എസ്.ഇ . ബി സി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു
പിന്നോക്ക വിഭാഗ കമ്മീഷൻ്റെ ഉപദേശം അംഗീകരിച്ചാണ് തീരുമാനം.
ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്ക്
സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും അനുവദിക്കുന്നത് 1965 ലെ കുമാരപിള്ള കമീഷൻ്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടവർക്കായിരുന്നു. അതുകൊണ്ടു തന്നെ ഈ 28 സമുദായങ്ങൾക്ക് വിദ്യാഭ്യാസ സംവരണ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സർക്കാർ, സംസ്ഥാന പിന്നാക്ക കമ്മീഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. തുടർന്ന് കമ്മീഷൻ നൽകിയ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഇതോടെ 28 സമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കു കൂടി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആനുകൂല്യങ്ങൾ അനുവദിക്കാനാകും.
ചുവടെ ചേർക്കുന്ന വിഭാഗങ്ങളെ ആണ് എസ്. ഇ ബി സി പട്ടികയിൽ ഉൾപ്പെടുത്തുക 👇
1 . അമ്പലക്കാരൻ
2 അഞ്ചുനാടു വെള്ളാളർ
3 ദാസ
4 കോട്ടയാർ
5 കുമാര ക്ഷത്രിയ
6 കുന്നുവർ മന്നാടി
7 SIUC – നാടാർ
8 നായിഡു
9 കോടാങ്കി നായ്ക്കൻ
10 ഗൗണ്ടർ വിഭാഗത്തിലെ പുലവ / വേട്ടുവ / പടയ്യാച്ചി / കവലിയ
11 സേനൈ തലവർ , ഇളവന്ന്യാർ , ഇളവന്യ
12 തച്ചർ ( മരപ്പണിക്കാരായ )
13 തോൽ കൊല്ലൻസ്
14 മഹേന്ദ്ര മേദര
15 വിഷവൻ ( മലബാർ )
16 കമ്മാറ
17 . ചെട്ടികൾ – മൗണ്ടാടൻ – ഇടനാടൻ
18. എഴുത്തശ്ശൻ
19. കടച്ചി കൊല്ലൻ
20. കൊങ്കു നാവിതൻ , വേട്ടുവ നാവിതൻ , അടുത്തോൻ
21.കൊങ്കു വെള്ളാള ഗൗണ്ടർ വിഭാഗത്തിലെ – , നാട്ടു ഗൗണ്ടർ , വെള്ളാള ഗൗണ്ടർ , പാല ഗൗണ്ടർ , പൂശാൻ
ഗൗണ്ടർ , പാല വെള്ളാള ഗൗണ്ടർ
22. വടുക , വടുവ , വടുകർ , വടുവൻസ് , വടുഗൻഡ് ,
വടുകർസ് , വടുകാസ് , വടുകൻസ് ,
23. വാണിയൻസ്
24. യോഗീസ് , കുരുക്കൾ / ഗുരുക്കൾ , ചെട്ടിയാർ , ഹിന്ദു ചെട്ടി , പപ്പട ചെട്ടി
25. മലയ കണ്ടി ( മലമ്പാർ ഒഴികെ )
26. ശൈവ വെള്ളാളയിലെ ( ചേരക്കുള വെള്ളാള , കർ കർത്ത വെള്ളാള , ചോഴിയ വെള്ളാള , പിള്ളൈ
27. കണിയാർ
28. ഈഴവ – തീയ വിഭാഗത്തിലെ Izhavan, Ishavan,Ezhavan,Ezhuva,Izhuva,Ishuva, Izhavan,Illuva,Irava,Iruva
ഈ വിഭാഗങ്ങളുടെ ദീർഘകാലത്തെ നിവേദനങ്ങൾ പരിഗണിച്ചാണ് ഒ.ബി.സി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള
ഇവർക്ക് വിദ്യാഭ്യാസ സംവരണ അനുകൂല്യങ്ങൾ നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്.