മലമ്പുഴ വൊക്കേഷ്നല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍ത്തിയാക്കിയ ക്ലാസ് റൂം ഉദ്ഘാടനം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നും അനുവദിച്ച 10 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ മോഡല്‍ സ്‌കൂള്‍ പദ്ധതി പ്രകാരമുള്ള ഫണ്ടും ഉപയോഗിച്ചാണ് സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്. നാല് ക്ലാസ്മുറികളുടെ നിര്‍മാണവും പ്ലാസ്റ്ററിങ്, ടൈല്‍സ് പാകല്‍, പെയിന്റിങ് തുടങ്ങിയ അറ്റക്കുറ്റപ്രവൃത്തികളാണ് 10 ലക്ഷം ചെലവഴിച്ച് നടത്തിയത്. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍ പരിപാടിയില്‍ അധ്യക്ഷയായി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന സുദേവന്‍, ബ്ലോക്ക് പഞ്ചായത്തംഗം സുബ്രമണ്യന്‍, മലമ്പുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജി.പ്രസന്ന, വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍ വി. വിദ്യ, ഹെഡ്മിസ്ട്രസ് കെ.സി ദേവിക, പിടിഎ പ്രസിഡന്റ് എം. ആര്‍ ശിവപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂളിന് കളിസ്ഥലം അനുവദിക്കുക, ആനക്കല്ല് ഭാഗത്തുള്ള വിദ്യാര്‍ഥികള്‍ക്ക് ഗതാഗതസൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി. എന്‍ മുരളി വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എയ്ക്ക് നിവേദനം നല്‍കി.