കുട്ടികളിൽ ഗണിതത്തിലുള്ള പ്രാവീണ്യം മെച്ചപ്പെടുത്താനായി മഞ്ചാടി സാമൂഹ്യ ഗണിതശാസ്ത്ര കളിയരങ്ങ് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ ഗണിതശാസ്ത്ര ദിനാചരണത്തിന്റേയും മഞ്ചാടി സാമൂഹ്യ ഗണിതശാസ്ത്ര കളിയരങ്ങിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പാട്, ചളവറ, പെരിന്തൽമണ്ണ, ഫറോക്ക്, തിരുനെല്ലി എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിലാവും സംസ്ഥാനത്താകെ വ്യാപിപ്പിക്കുക. കുട്ടികളുടെ പഠന നിലവാരം ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചുവരികയാണ്. കുട്ടികളോടുള്ള സർക്കാരിന്റെ കരുതലാണ് ഇത് വെളിവാക്കുന്നത്. കണക്ക് പഠിക്കാനുള്ള വിമുഖത കാരണമാണ് പല കുട്ടികളും സയൻസ് ഗ്രൂപ്പ് ഒഴിവാക്കുന്നത്. പാഠപുസ്തകത്തിലെ സമവാക്യങ്ങളും സൂത്രവാക്യങ്ങളും മാത്രമായി ചുറ്റിത്തിരിയുന്നതിനാലാണിത്. രാവിലെ ഉറക്കം ഉണരുമ്പോൾ മുതൽ ഉറങ്ങുമ്പോൾ വരെ അറിഞ്ഞോ അറിയാതെയോ നാം കണക്കിനെ ആശ്രയിക്കുന്നുണ്ട്.
ലോക സംസ്‌കാരത്തിനൊപ്പം വളർന്ന ശാസ്ത്രശാഖയാണ് ഗണിതം. എല്ലാ ശാസ്ത്ര മേഖലയിലും ഗണിതത്തിന്റെ സാന്നിധ്യം കാണാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഞ്ചാടി പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന അഞ്ച് കേന്ദ്രങ്ങളിലും ഉദ്ഘാടനത്തിന്റെ ലൈവ് സ്ട്രീമിംഗ് നടന്നു. കെ. മുരളീധരൻ എം. എൽ. എ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മുഖ്യാതിഥിയായിരുന്നു. കെ ഡിസ്‌ക് ചെയർമാൻ കെ. എം. എബ്രഹാം, ആസൂത്രണ സാമ്പത്തികകാര്യ സെക്രട്ടറി ജയതിലക്, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ, കൗൺസിലർ പാളയം രാജൻ എന്നിവർ സന്നിഹിതരായിരുന്നു.