കാടിന്റെ രുചി അറിയണോ ? ഗദികയിലേക്ക് വരൂ… രുചിയൂറും വിഭവങ്ങളുടെ കലവറ ഒരുക്കി ഗദ്ദികയിലെ ഭക്ഷ്യമേള വ്യത്യസ്തമാവുന്നു. കാടിന്റെ മക്കള്‍ പരമ്പരാഗതമായി കൈമാറിവരുന്ന തനത് ഭക്ഷണ രീതി പൊതുജനത്തിന് പരിചയപ്പെടുത്തുന്നതിനാണ് ഗദ്ദികയുടെ ഭാഗമായി ഭക്ഷ്യമേള സംഘടിപ്പിച്ചത്. കാലിക്കടവില്‍ നടന്നു വരുന്ന മേളയിലേക്ക് ദിനം പ്രതി നിരവധിപേരാണ് കാടിന്റെ രുചി അറിയാന്‍ എത്തുന്നത്. നമുക്ക് സുപരിചിതമായ വിഭവങ്ങള്‍ മുതല്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത വിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ് മേളയിലെ തീന്‍മേശകള്‍.

ഉറുമ്പിനെ ഉപയോഗിച്ചുണ്ടാക്കുന്ന ഉറുക്കി ചമ്മന്തിയാണ് മേളയിലെ താരം .ഗോത്രവിഭാഗമായ മാവിലരുടെ ഇടയില്‍ ഉപയോഗിച്ച് വരുന്ന ഭക്ഷ്യ പദാര്‍ത്ഥമാണിത്. ദഹനത്തിനും വയറിന്റെ അസ്വസ്ഥതകള്‍ക്കും ഉള്ള ഉത്തമ ഔഷധം കൂടിയാണിത്. കാട്ടില്‍ നിന്നും ശേഖരിക്കുന്ന ഉറുമ്പിനെ വൃത്തിയായി കഴുകി വറുത്തതിന് ശേഷം തേങ്ങയും മുളകും പുളിയും ഉപ്പും ചേര്‍ത്ത് അരക്കല്ലില്‍ ഇട്ട് അരച്ചെടുത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. കാച്ചില്‍ പുഴുങ്ങിയത്്, കപ്പ പുഴുങ്ങിയത്് എന്നിവക്കൊപ്പമുള്ള ഉപവിഭവമായി ഇതിനെ ഉപയോഗിക്കാം.

കുറുമ വിഭാഗക്കാരുടെ കല്യാണ വീട്ടിലെ വിഭവമായ കല്ലിപ്പുട്ടാണ്്് മേളയിലെ മറ്റൊരു ഡിമാന്റുള്ള വിഭവം. ഗന്ധകശാല അരി അരച്ച് പ്രത്യേകം കൂട്ട് തയ്യാറാക്കിയാണ് ഈ വിഭവം തയ്യാറാക്കുന്നത്. ഉണ്ണിയപ്പത്തിന് സമാനമായ കാരക്കുണ്ട് അപ്പം, റാഗി പഴം പൊരി, റാഗി വട, റാഗി പത്തിരി, എന്നിവയ്ക്കും മേളയില്‍ ആവശ്യക്കാരേറെയാണ്. പോഷക സമൃദ്ധമായ നര പുഴുങ്ങിയത്, കാച്ചില്‍ പുഴുങ്ങിയത്, ചേമ്പ്്് പുഴുങ്ങിയത്് തുടങ്ങിയവയ്ക്കും വന്‍ ഡിമാന്റുണ്ട്്. മുളയരിപ്പായസം, ചേന പായസം തുടങ്ങിയവയാണ് മേളയിലെ മധുര വിഭവങ്ങള്‍.
ഇരുപത്തിനാലോളം ഔഷധകൂട്ടുകള്‍ അടങ്ങിയ മരുന്ന്കാപ്പി മേളയിലെ ചൂടുള്ള വിഭവമാണ്. ചുമ, കഫക്കെട്ട്്്, ശ്വാസ സംബന്ധമായ ബുദ്ധിമുട്ട് എന്നിവയ്ക്കുള്ള ഔഷധം കൂടിയായ ഈ പാനീയത്തെ പ്രായഭേദമന്യേ എല്ലാരും ഇഷ്ടപ്പെടുന്നു. വനത്തില്‍ കാണുന്ന കാരപ്പ്് ഇല ശേഖരിച്ച്്്്് കൊണ്ടുവന്ന്് ഉണക്കചെമ്മീന്‍ ഇട്ട്്് വറുത്ത്്് ഉണ്ടാക്കുന്ന കാരപ്പ തോരനും മേളയിലെ പ്രിയ വിഭവമാണ്. അത്യപൂര്‍വ്വം പോഷകങ്ങള്‍ സമന്വയിച്ചിട്ടുള്ള കാരപ്പ്്് ഇല ഇന്ന്്് വിസ്മൃതിയിലേക്ക്്് മറഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഔഷധ സസ്യം കൂടിയാണ്. വൈകീട്ട്്് മൂന്ന്്് മുതല്‍ ഒന്‍പത്് വരെയാണ് ഭക്ഷ്യമേള പ്രവര്‍ത്തിക്കുന്നത്്്.