പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പിന്റെയും കിര്‍ടാഡ്സിന്റെയും നേതൃത്വത്തില്‍ കാലിക്കടവ് സംഘടിപ്പിക്കുന്ന ഗദ്ദികയില്‍ കാണികള്‍ക്ക് കൗതുകമുണര്‍ത്തി കാപ്പിത്തടിയില്‍ തീര്‍ത്ത കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം ശ്രദ്ധേയമാവുകയാണ്. വയനാട് കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അംബേദ്കര്‍ മെമ്മോറിയല്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവല്‍പ്പമെന്റ് (അമൃദ്) എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കാപ്പിത്തടിയില്‍ വിവിധ തരത്തിലുള്ള കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കുന്നത്്. ടീ പോയ്, ടി വി സ്റ്റാന്‍ഡുകള്‍, മത്സ്യങ്ങള്‍, പക്ഷികള്‍ തുടങ്ങി വിവിധതരത്തിലുള്ള കരകൗശല വസ്തുക്കളാണ് കാപ്പിത്തടിയില്‍ ഒരുക്കിയിട്ടുള്ളത്. 130 രൂപ മുതല്‍ 4500 രൂപവരെയാണ് വില ഈടാക്കുന്നത്. വിപണികളില്‍ 7000 രൂപവരെ ഈടാക്കുന്ന ഉത്പന്നങ്ങള്‍ ചുരുങ്ങിയ വിലയിലാണ് ഗദ്ദികയുടെ സ്റ്റോളില്‍ വിറ്റഴിക്കുന്നത്.
പട്ടികവര്‍ഗ വിഭാഗങ്ങളിലെ ജനങ്ങളെ സാമ്പത്തികമായും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും 1990 ലാണ് അമൃദ് പ്രവര്‍ത്തനമാരംഭിക്കുന്നത്. കരകൗശല ഉത്പന്ന യൂണിറ്റിന് പുറമെ ബൈന്‍ഡിങ്, പ്രിന്റിങ്, പി. എസ്. സി പരിശീലനം, ഡ്രൈവിങ് പരിശീലനം, തയ്യല്‍ പരിശീലനം തുടങ്ങിയവയും അമൃദ് ചാരിറ്റബിള്‍ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.