ചരിത്രപരമായ കാരണങ്ങളാല്‍ മുഖ്യധാരാ സാമൂഹിക ജീവിതത്തന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ഗോത്രവിഭാഗങ്ങളുടെ ഉയര്ത്തിയെഴുന്നേല്പിന്റെ രാഷ്ട്രീയമാണ് ഗദ്ദിക നാടന്‍ കലാമേള മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി എ.കെ ബാലന്. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളുടെയം കിര്‍ടാഡ്സിന്റേയും സംയുക്താഭിമുഖ്യത്തില്‍ പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവ് മൈതാനത്ത് സംഘടിപ്പിക്കുന്ന ഗദ്ദിക കലാമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെവിടെയും കാണാത്ത സാമൂഹിക ദുരാചാരമായ ജാതി വ്യവസ്ഥയുടെ ഫലമായാണ് ഇന്ത്യയില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ ഇവിടത്തെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക വ്യവഹാരങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ടതെന്നും ഈ ദുരവസ്ഥയില്‍ നിന്നുള്ള വിമോചന പ്രഖ്യാപനമാണ് മേള കൊണ്ടുദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജാതീയ വിവേചനങ്ങള്‍ കൊണ്ട് വിഷലിപ്തമായ ഭൂതകാലമാണ് നമുക്ക് പിന്തിരിഞ്ഞു നോക്കുമ്പോള്‍ കാണാനാവുന്നത്. ഭ്രാന്താലയമെന്ന് പോലും വിശേഷിക്കപ്പെട്ട കേരളീയ സമൂഹം നവോത്ഥാന നായകരുടെ നേതൃത്വത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജാതീയ ശ്രേണിയില്‍ താഴ്ന്നവരും സ്ത്രീ സമൂഹവും കടുത്ത വിവേചനമാണ് അനുഭവിച്ചിരുന്നത്. നവോത്ഥാന നായകര്‍ തുടക്കമിട്ട സാമൂഹിക വിപ്ലവത്തിന് പിന്നീട് സംസ്ഥാനത്ത് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലൂടെ തുടര്‍ച്ച ലഭിക്കുകയും പിന്നോക്ക വിഭാഗങ്ങള്‍ക്ക് പൊതു ഇടങ്ങളില്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ഒരു കാലത്ത് കേരളീയ സമൂഹം തിരസ്കരിച്ച ഭ്രാന്താലയത്തിലേക്ക് ഇന്നത്തെ സമൂഹം തിരിച്ചു പോവുന്ന സ്ഥിതി വിശേഷമാണ് നിര്‍ഭാഗ്യവശാല്‍ ചിലര്‍ ബോധപൂര്‍വം സൃഷ്ടിച്ചിരിക്കുന്നത്.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ സജീവമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. അന്യം നിന്നുകൊണ്ടിരിക്കുന്ന ഗോത്രവര്‍ഗ പൈതൃകവും തനതുകലകളും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും പരമ്പരാഗത തൊഴില്‍ ഉത്പന്നങ്ങള്‍ പൊതു സമൂഹത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനുമാണ് ഗദ്ദിക സംഘടിപ്പിക്കുന്നത്. വര്‍ഷത്തില്‍ രണ്ട് ഗദ്ദിക മേളയാണ് നടത്തുന്നത്. അടുത്ത മേള തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മേളയിലൂടെ ഏകദേശം 50 ലക്ഷം രൂപയുടെ വരുമാനമാണ് ഈ വിഭാഗത്തിന് ലഭിക്കുന്നത്. കൂടാതെ വിദ്യാഭ്യാസ-നൈപുണി വികസനത്തിന് പ്രത്യേക പദ്ധതികളാണ് നടപ്പിലാക്കുന്നത്. പരിശീലനം പൂര്‍ത്തീകരിച്ച 1400ഓളം പേര് ഉടന്‍ തന്നെ വിദേശത്ത് ജോലിയില്‍ പ്രവേശിപ്പിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്കായി കലാ-കായിക രംഗത്ത് മേളകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പട്ടികവര്‍ഗമേഖലയിലെ ശിശുമരണ നിരക്ക് കേരള ശരാശരിയിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ആദ്യമായി ആതിഥ്യമരുളുന്ന ഗദ്ദിക നാടന്‍കലാ മേള ഗോത്രസംസ്കൃതിയെ അടുത്തറിയാന്‍ സഹായിക്കുമെന്നും മേള വിജയകരമാക്കാന്‍ പൊതുസമൂഹം മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.
