പാരമ്പര്യ കലകളുടെ നേരാവിഷ്‌കാരവും പരിശീലനവും ലക്ഷ്യംവച്ച് കുടംബശ്രീ ജില്ലാ മിഷന്റെ ലസിതം-2018 ശിൽപശാല. സംസ്ഥാന, ദേശീയ മത്സരവേദികളിൽ ജില്ലയിലെ കുട്ടികളുടെ നിലവാരമുയർത്തുന്നതിനും ഇന്ത്യൻ കലകളിൽ പരിശീലനം നൽകി കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുമാണ് കുടുംബശ്രീ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 700 കുട്ടികൾക്ക് 5 ദിവസത്തെ റസിഡൻഷ്യൽ പരിശീലനമാണ് നൽകുക. 350 പട്ടികവർഗ കുട്ടികൾക്ക് കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലും 350 ജനറൽ കുട്ടികൾക്ക് ഏച്ചോം സർവോദയ ഹയർ സെക്കൻഡറി സ്‌കൂളിലും പരിശീലനം നൽകും. ഡിസംബർ 30ന് സർവോദയ സ്‌കൂൾ ഓഡിറ്റോറിയത്തിൽ പരിശീലനം ലഭിച്ച മുഴുവൻ കുട്ടികളുടെയും അരങ്ങേറ്റവും കലാഅധ്യാപകരുടെ അവതരണവും നടക്കും.
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്ത കലാകാരന്മാരുടെ വോളന്ററി സംഘടനയായ സ്പിക്മാക്കെ ഇന്ത്യയുടെ നോർത്ത് കേരള ചാപ്റ്ററുമായി സഹകരിച്ചാണ് കുടുംബശ്രീ മിഷൻ ഉദ്യമത്തിന് തുടക്കം കുറിക്കുന്നത്. ഭാരതീയം കലാകേന്ദ്രം ഡയറക്ടർ ദീപ്തി പാറോൽ, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല അധ്യാപിക വി.പി. അണിമ, പ്രശസ്ത ഒഡീസി നർത്തകൻ പത്മവിഭൂഷൺ ഗുരു കേളുചരൺ മഹാപാത്രയുടെ ശിഷ്യ ഉത്തര അന്തർജനം, കഥകളി ആചാര്യൻ ജയദേവ വർമ, ഗുരു ഓഫ് തൊൽപ്പാവകൂത്ത് വിദ്വാൻ വിശ്വനാഥ പുലവർ, ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യോഗശാലയുടെ സ്ഥാപകനായ ഹരിപ്രസാദ് വർമ, ശ്രുതി ബോഡേ, ചെമ്പൈ പുരസ്‌കാര ജേതാവ് വിവേക് മൂഴിക്കുളം, ചുമർ ചിത്രകലാ ആചാര്യൻ മമ്മിയൂർ കൃഷ്ണൻ കുട്ടി നായരുടെ പ്രഥമ ശിഷ്യൻ കെ.ആർ. ബാബു, കേരള കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് വല്ലഭട്ട എന്നിവർ ക്ലാസുകൾ നയിക്കും.
വ്യത്യസ്ത കലാരൂപങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം കുട്ടികളെ കലാ-സാസ്‌കാരിക രംഗത്തേക്ക് ഉയർത്തിക്കൊണ്ടുവരിക കൂടിയാണ് ലക്ഷ്യം. പകൽ സമയം കലകളുടെ പരിശീലനവും രാത്രിയിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർക്കൂത്ത്, മോഹിനിയാട്ടം തുടങ്ങി വിവിധ കലകളുടെ പ്രദർശനവും ഉണ്ടായിരിക്കും. ഡിസംബർ 30ന് ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന സമാപന സമ്മേളനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കർണാടക തനത് ഫോക് കലാരൂപം കംസാലിയും അരങ്ങേറും.