മണ്ഡല ഉത്സവകാലത്തെ പ്രധാനപൂജയായ മണ്ഡലപൂജ  ഇന്ന് ഉച്ചയ്ക്ക് 12.30ന് നടക്കും. സന്നിധാനവും പമ്പയും പരിസരവും ശക്തമായ സുരക്ഷാവലയത്തിലാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സംവിധാനവും സജ്ജമാണ്. ആറ് വനിതകളടക്കം 1875 പോലീസ് സേനാംഗങ്ങളാണ് സന്നിധാനത്തുള്ളത്. കോഴിക്കോട് റൂറല്‍ എസ്.പി. ജി. ജയദേവാണ് സ്‌പെഷ്യല്‍ ഓഫീസര്‍. ഡി.വൈ.എസ്.പി. രമേശ്കുമാറാണ് അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി. പി.ബി. രാജീവിനാണ് ക്രമസമാധാന ചുമതല. ദ്രുതകര്‍മ്മസേയുടെ 260സേനാംഗങ്ങള്‍ സന്നിധാനത്തും പമ്പയിലുമായുണ്ട്. ഡെപ്യൂട്ടി കമാഡന്റ് ദിനേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സന്നിധാനം മുതല്‍ പമ്പവരെയുള്ള സുരക്ഷയും തിരക്ക് നിയന്ത്രണവും നിര്‍വഹിച്ചുവരുന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 93 സേനാംഗങ്ങളും സന്നിധാനത്തും പമ്പയിലുമായുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവിധവകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ നേരത്തെ വിലയിരുത്തിയിരുന്നു. വിവിധവകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയ സംവിധാനവും കുറ്റമറ്റതാക്കിയിട്ടുണ്ട്.  ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്തനിവാരണ പരിശീലനകേന്ദ്രം തയ്യാറാക്കിയ ദുരന്തനിവാരണ പദ്ധതി വകുപ്പ് അടിസ്ഥാനത്തില്‍ ലഭ്യമാക്കി അടിയന്തരസാഹചര്യങ്ങളെ നേരിടാനും സംവിധാനമുണ്ട്.
അഗ്നിശമന സുരക്ഷാവകുപ്പ് സുരക്ഷ ശക്തമാക്കി കൂടുതല്‍ സേനാംഗങ്ങളെ സന്നിധാനത്തും പരിസരത്തും വിന്യസിച്ചിട്ടുണ്ട്. നിലവില്‍ ഒന്‍പത് ഡ്യൂട്ടി പോയിന്റുകളിലായി 66 പേരാണ് സുരക്ഷ ഒരുക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നെത്തിച്ച ഫയര്‍ഫോഴ്‌സിന്റെ ഉപകരണങ്ങള്‍ പൂര്‍ണസജ്ജമാണ്. തീപിടുത്തം, ഗ്യാസ് ചോര്‍ച്ച എന്നിവ നിമിഷങ്ങള്‍ക്കകം തടയാന്‍ സന്നിധാനത്ത് മാത്രം 35 ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ സേവനവും ഫയര്‍ ഫോഴ്‌സ് നേതൃത്വത്തില്‍ സന്നിധാനത്ത് ഉറപ്പാക്കിയിട്ടുണ്ട്. അപ്പം, അരവണ പ്ലാന്റുകള്‍, അന്നദാന മണ്ഡപം, കൊപ്രക്കളം, ഭസ്മക്കുളം എന്നിവിടങ്ങളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചുള്ള നിരീക്ഷണവും ശക്തമാണ്. തീപിടുത്തം, ഗ്യാസ് ചോര്‍ച്ച, ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്നിവ തടയാന്‍ ദിവസേന ബോധവത്ക്കരണവും നടത്തുന്നുണ്ട്.