കൊച്ചി: പള്ളിപ്പുറം കോൺവെന്റ് ബീച്ച് പാലത്തിന്റെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവ്വഹിച്ചു. വേഗത കൂട്ടി എല്ലാ മേഖലയിലേയും വികസന പ്രവർത്തനങ്ങൾ പെട്ടെന്ന് നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ വലിയ രീതിയിൽ നടത്തിവരികയാണ്. എറണാകുളം നഗരത്തിലും പരിസരങ്ങളിലുമായി മൂന്ന് മേൽപ്പാലങ്ങളാണ് നിർമ്മിച്ചത്. വരുമാനത്തേക്കാൾ കൂടുതൽ ചെലവഴിച്ച് നാട്ടിൽ വികസന പ്രവർത്തനങ്ങൾ നടത്തുകയാണ്. പൊതുമരാമത്ത് വകുപ്പ് മാത്രം കഴിഞ്ഞ രണ്ടര വർഷത്തിൽ 1,05,608 കോടിരൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. നാട്ടിൽ സമാധാനം നിലനിർത്തി ഐശ്വര്യപൂർണ്ണമായ കേരളം കെട്ടിപ്പെടുക്കാൻ അധ്വാനിക്കുന്ന എല്ലാവർക്കും അതിനുള്ള അവസരമുണ്ടാക്കി, ന്യായമായ പ്രതിഫലം കിട്ടാനുള്ള ഏർപ്പാട് ഉണ്ടാക്കുകയാണ് സർക്കാർ ചെയ്യുന്നത്.

തീരദേശ പാതകൾ, 1261 കിലോമീറ്റർ നീളത്തിൽ മലയോര പാതകൾ എന്നിങ്ങനെ പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണ്. മലയോര പാതകൾക്ക് സ്ഥലം സൗജന്യമായാണ് ജനങ്ങൾ വിട്ടുനൽകുന്നത്. എന്നാൽ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുള്ള തീരദേശ മേഖലകളിൽ ജനങ്ങൾക്ക് അത് സാധിക്കില്ല. സർക്കാർ പണം നൽകാൻ തയ്യാറാണ്. ആരെയും നിർബന്ധിച്ച് ഒഴിപ്പിക്കില്ല. സാമൂഹ്യ ജീവിതത്തിന് പ്രയോജനകരമായ കാര്യങ്ങളിലേക്ക് ജനങ്ങളെ നയിക്കുന്ന വികസന പദ്ധതികൾക്കാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെറായി ബീച്ചിനും മുനമ്പം ഹാർബറിനും മധ്യത്തിലായി സ്ഥിതിചെയ്യുന്ന പള്ളിപ്പുറം ബീച്ചിലേക്ക് ഒരു പാലമെന്നത് തദ്ദേശവാസികളുടെ വർഷങ്ങൾ നീണ്ട ആവശ്യമായിരുന്നു. വേലിയേറ്റങ്ങളിലും മഴക്കാലത്തുമെല്ലാം നാട്ടുകാർ പൊയ്യിൽ പുഴ കടക്കുന്നത് പഞ്ചായത്ത് കടത്തുവഞ്ചിയെ ആശ്രയിച്ചാണ്. പുതിയ പാലത്തിന്റെ നിർമ്മാണം ഈ പ്രശ്നത്തിന് പരിഹാരമാകുന്നതോടൊപ്പം ചെറായി അടക്കമുള്ള വൈപ്പിനിലെ ബീച്ചുകളിലേക്ക് പുതിയ ഒരു പാത കൂടി തുറക്കുകയാണ്. 24.46 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചതനുസരിച്ച് പാലത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി. കെ.ടി മാത്യു ആന്റ് കമ്പനിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. 266.50 മീറ്റർ നീളവും 7.50 മീറ്റർ വീതിയിൽ രണ്ട് നിര ഗതാഗത സൗകര്യവുമുള്ള പാതയാണ് പാലത്തിന്റേത്. കൂടാതെ ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. 65 മീറ്റർ നീളത്തിൽ പാലത്തിന്റെ കിഴക്കുവശത്തും പടിഞ്ഞാറ് വശത്തും അപ്രോച്ച് റോഡും ഉണ്ടായിരിക്കും.

വൈപ്പിൻ എംഎൽഎ എസ്. ശർമ്മ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ കെ.ടി ബിന്ദു റിപ്പോർട്ട് അവതരണം നടത്തി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ ജോഷി, ജില്ലാ പഞ്ചായത്ത് അംഗം അയ്യമ്പിള്ളി ഭാസ്കരൻ, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് രമണി അജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി ലൂയിസ്, സുബോധ ഷാജി, പള്ളിപ്പുറം പഞ്ചായത്ത് അംഗങ്ങളായ ബിന്ദു രാജേഷ്, ഷിമ്മി പ്രീതൻ, സുനിൽ ദേവസി, പള്ളിപ്പുറം റസിഡന്റ്സ് അസോസിയേഷൻ അപെക്സ് കൗൺസിൽ പ്രതിനിധി അബ്ദുൾ റഹിമാൻ, പാലം സമരസമിതി കൺവീനർ ഡെയ്സി ജോൺസൺ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.ടി ഷാബു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ക്യാപ്ഷൻ: പള്ളിപ്പുറം കോൺവെന്റ് ബീച്ച് പാലത്തിന്റെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവ്വഹിക്കുന്നു