പെരുമ്പാവൂർ: സംസ്ഥാനത്താദ്യമായി ആന പിണ്ഡത്തിൽ നിന്നും ജൈവ വളം ഉൽപാദിപ്പിക്കുന്ന നൂതന പദ്ധതി കൂവപ്പടിയിൽ നടപ്പാക്കുന്നു. സംസ്ഥാനത്തെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമായ കോടനാട് അഭയാരണ്യത്തിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപയും ശുചിത്വമിഷന്റെ വകയായുള്ള 8 ലക്ഷവും ഉൾപ്പടെ 23 ലക്ഷം രുപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ആന പിണ്ഡത്തിൽ നിന്ന് ജൈവവളവും മാനുൾപ്പടെയുള്ള മറ്റ് മൃഗങ്ങളുടെ വിസർജ്ജ്യത്തിൽ നിന്നും പാചകഗ്യാസും ഉൽപ്പാദിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അഭയാരണ്യത്തിൽ മാലിന്യ നിർമ്മാർജ്ജനത്തിനായി ശുചിത്വമിഷന്റെ ഗോബർധൻ പദ്ധതി പ്രകാരമുള്ള സാങ്കേതിക സാമ്പത്തിക സഹായമാണ് ബ്ലോക്ക് പഞ്ചായത്തിന് ലഭിക്കും. നിലവിൽ കോടനാടുള്ള അഭയാരണ്യം വിനോദ സഞ്ചാര കേന്ദ്രത്തിൽ 6 ആനകളും 300 മാനുകളുമാണുള്ളത്. ഇവയുടെ വിസർജ്ജ്യവും ,ഭക്ഷണ അവശിഷ്ടങ്ങളും ശാസ്ത്രീയമായി സംസ്കരിക്കപ്പെടാത്തതുമൂലം ഗുരുതരമായ പരിസ്ഥിതി ,ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പെരിയാറിനോട് ചേർന്ന് കിടക്കുന്ന ഈ ടൂറിസ്റ്റ് കേന്ദ്രത്തിൻ നിന്നും മഴക്കാലമായാൽ മലിനജലം നദിയിലേക്ക് ഒഴുകിയെത്തും. കൂടാതെ സംസ്കരിക്കപ്പെടാത്ത ആന പിണ്ഡവും തീറ്റ കഴിഞ്ഞ് ബാക്കി വരുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്രദേശത്തെ മലിനപ്പെടുത്തുകയാണ്. ഇതു മൂലം ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമാകുകയും ചെയ്തിരുന്നു. ഇത് പ്രദേശത്ത് താമസിക്കുന്ന ആന പാപ്പാൻമാരാടക്കമുള്ളവർക്കും സഞ്ചാരികൾക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ഇതിനെ തുടർന്നാണ് ഇക്കാര്യത്തിൽ ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരത്തിനായി ശുചിത്വമിഷന്റെ സഹായത്തോടെ പദ്ധതി തയ്യാറാക്കിയതെന്ന് പദ്ധതി നടത്തിപ്പിന് ചുക്കാൻ പിടിക്കുന്ന ബ്ലോക്ക് പഞ്ചായത്തംഗം എം.പി.പ്രകാശ് പറഞ്ഞു. ആന പിണ്ഡം സംസ്കരിക്കുന്നതിന് തുമ്പൂർമുഴി മോഡൽ 10 എയറോബിക് കമ്പോസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. ഇതിൽ നിക്ഷേപിക്കുന്ന ആനപിണ്ഡം ആന മൂത്രവും കെമിക്കലും ചേർന്ന വെള്ളം തളിച്ചു വച്ചിരുന്നാൽ 45 ദിവസം കൊണ്ട് ജൈവവളമായ് മാറും. ഇത് പാക്കറ്റുകളിലാക്കി കുറഞ്ഞ വിലയ്ക്ക് കർഷകർക്ക് നൽകും. മാനുകളുടെ വിസർജ്ജ്യം സംസ്ക്കരിക്കാൻ 2 ഫ്ലോട്ടിംഗ് ഡോം ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കും. ദിനം പ്രതി 100 കിലോ മാലിന്യം ഇതിൽ നിക്ഷേപിക്കാം. ഇത് വഴി ഒരു ദിവസം 4 കിലോ പാചകഗ്യാസ് ഉത്പാദിപ്പിക്കാൻ പ്ലാന്റിന് കഴിയുമെന്നാണ് കണക്കു കൂട്ടുന്നത്. ഇത് പൈപ്പ് വഴി ആനകൾക്ക് ആഹാരം പാചകം ചെയ്യുന്ന അടുപ്പുമായി ബന്ധിപ്പിക്കും. ഇതിലൂടെ നിലവിൽ ഉപയോഗിക്കുന്ന വിറകിന്റെ ഉപയോഗം കുറയ്ക്കാനും കഴിയുന്നതോടൊപ്പം ബയോഗ്യാസ് പ്ലാന്റിൽ നിന്നും ലഭിക്കുന്ന സ്ലറി വളമായി ഉപയോഗിക്കുകയും ചെയ്യാം .കോടനാട് ആന പരിശീലന കേന്ദ്രത്തിന് 123 വർഷത്തെ പഴക്കമുണ്ട് .വനം വകുപ്പിന് കീഴിലെ അഭയാരണ്യം എഫ് .ഡി .എ വഴി സർക്കാർ അക്രഡിറ്റ് ഏജൻസിയായ സോഷ്യോ എക്കണോമിക് ഫൗണ്ടേഷനാണ് പദ്ധതിയുടെ നിർമ്മാണ ചുമതല. കപ്രിക്കാട് വനം സംരക്ഷണ സമിതിക്കാണ് നടത്തിപ്പ് ചുമതല. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് നേരിട്ട് കാണാൻ കഴിയുന്ന രീതിയിലാണ് പദ്ധതിയുടെ നടത്തിപ്പ്. കൂടാതെ പദ്ധതി നടത്തിപ്പിലൂടെ പ്രദേശവാസികൾക്ക് പുതിയ തൊഴിലവസരങ്ങളും ലഭിക്കും .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു പദ്ധതി നിർമ്മാണോത്ഘാടനം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി.വർഗീസ്, എ.സി.എഫ് പ്രേംചന്ദർ , ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജാൻസി ജോർജ് , അംഗങ്ങളായ എം.പി.പ്രകാശ് , സിസിലി ഈയോബ്, സീന ബിജു, മനോജ് മൂത്തേടൻ , ഗായത്രി വിനോദ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സാബു പാത്തിക്കൽ , സിന്ധു അരവിന്ദ് , ബി. ഡി.ഒ. കെ.ഒ തോമസ് , റേഞ്ച് ഓഫീസർ അനീഷ സിദ്ധിക് , ഡെപ്യൂട്ടി റേഞ്ചർ വിക്രം ദാസ് , എഫ് ഡി എ കോർഡിനേറ്റർ വിനയൻ വനം സംരക്ഷണ സമിതി പ്രസിഡന്റുമാരായ വിജയൻ മുണ്ടിയാത്ത് , ജോസഫ് പാണംകുഴി എന്നിവർ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്:
ആന പിണ്ഡത്തിൽ നിന്നും ജൈവവള മുൽപാദിപ്പിക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കോടനാട് ആനക്കളരിയിൽ കൂവപ്പടി ബ്ലോക്ക് പ്രസിഡന്റ് മിനി ബാബു നിർവഹിക്കുന്നു.