പരമ്പരാഗത കർഷകരിൽ നിന്നു കൃഷിവകുപ്പ് സുഗന്ധ നെല്ലിനങ്ങൾ സംഭരിക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് വയനാട് കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ് സെൽ കൽപ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച പാഡി കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുഗന്ധ നെല്ലിനങ്ങൾ കൃഷി ചെയ്യുന്ന പരമ്പരാഗത കർഷകരിൽ നിന്ന് അധികവില നൽകി നെല്ല് സംഭരിച്ച് അരിയാക്കി ബ്രാൻഡ് ചെയ്ത് വിൽക്കുകയാണ് ലക്ഷ്യം. ഗന്ധകശാല, ജീരകശാല പോലുള്ള നെല്ല് സാധാരണ മില്ലുകളിൽ അരിയാക്കി മാറ്റാൻ കഴിയില്ല. ഇതിനു പരിഹാരമായി സുൽത്താൻ ബത്തേരിയിൽ പ്രത്യേക മില്ല് നിർമാണം പുരോഗമിക്കുകയാണ്. ഈ മാസം അവസാനത്തോടെ കമ്മീഷൻ ചെയ്യും. ഇതോടെ ജില്ലയിലെ പരമ്പരാഗത നെൽകർഷകരിൽ നിന്നു സുഗന്ധ നെല്ലിനങ്ങൾ സംഭരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

280ഓളം നെൽവിത്തുകൾ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്നു. ഇതു ക്രമേണ കുറഞ്ഞുവന്നു. വൈവിധ്യമാർന്ന നെൽവിത്തുകൾ പരമ്പരാഗത രീതിയിൽ സംരക്ഷിച്ചുവരുന്നുവെന്നതാണ് വയനാടിന്റെ പ്രത്യേകത. ഗോത്രവർഗ സംസ്‌കാരത്തിന്റെ ഭാഗമാണിത്. ജില്ലയിലെ പരമ്പരാഗത നെൽവിത്തുകൾ ഉപയോഗിച്ചുള്ള കൃഷി സംസ്ഥാനത്താകെ വ്യാപിപ്പിക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം. പരമ്പരാഗത നെൽകർഷകർക്ക് കൂടുതൽ സഹായങ്ങൾ നൽകും. കേരളത്തിൽ നിലനിൽക്കുന്ന നെൽവിത്തുകൾ സംരക്ഷിക്കുന്നതിനായി മണ്ണുത്തി കാർഷിക സർവകലാശാലയിൽ വിത്ത് ബാങ്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രണ്ടു വർഷത്തിനകം ഇതു പൂർത്തിയാവും. തനതു പരമ്പരാഗത നാടൻ നെൽവിത്തുകളുടെ സംരക്ഷണം ഏറ്റെടുക്കാൻ കൃഷിവകുപ്പ് തയ്യാറായതിന്റെ ഫലമായി നെൽകൃഷി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണ്. ഇതോടൊപ്പം ഉൽപാദനക്ഷമതയുള്ള പുതിയ നെൽവിത്തുകൾ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.

നെൽകൃഷി കുറഞ്ഞതാണ് പ്രകൃതിദുരന്തങ്ങളുടെ അടിസ്ഥാനം. ഒരു സെന്റ് നെൽകൃഷി 1,40,000 ലിറ്റർ വെള്ളം സംരക്ഷിക്കാൻ ശേഷിയുള്ളതാണ്. നെൽകൃഷി കുറഞ്ഞതോടെ വയനാട്ടിലടക്കം ഭൂഗർഭ ജലസമ്പത്ത് കുറഞ്ഞു. മഴവെള്ളം സംഭരിക്കാൻ തരംമാറ്റിയ വയലുകൾക്കു ശേഷിയില്ലാതായി. മണ്ണിന്റെ രാസഘടനയ്ക്ക് മാറ്റംവന്നു. കർഷകർ അശാസ്ത്രീയ കൃഷിരീതിയിലേക്ക് മാറിയതാണ് വയലുകൾ ഇല്ലാതാക്കിയത്. ഇതു തിരിച്ചുകൊണ്ടുവരാൻ ശ്രമം വേണം. പരമ്പരാഗത നെൽവയലുകളുടെ സംരക്ഷണം പുതുതലമുറ ഏറ്റെടുക്കണം. ഈ പ്രയത്‌നം ഏറ്റെടുത്തിരിക്കുന്ന ഗോത്രവർഗ സമൂഹത്തെ സംരക്ഷിക്കാനും കഴിയണം. ഗോത്രവർഗങ്ങളുടെ കാർഷിക ബോധത്തിലേക്കും പരിസ്ഥിതി സംരക്ഷണ ബോധത്തിലേക്കുമെത്താൻ സമൂഹത്തിനു കഴിയേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കാർഷിക പാരിസ്ഥിതിക മേഖലയിലെ ഉപരിപഠന-തൊഴിൽ സാധ്യതകൾ എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് ട്രെയിനർ മനോജ് ജോൺ ക്ലാസെടുത്തു. നെല്ല് പദ്ധതിയുടെ ഭാഗമായി ഉൽപാദിപ്പിച്ച അരിയുടെ സൗജന്യ വിതരണോദ്ഘാടനവും ബ്രാൻഡിങ് പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ് സെൽ ജില്ലയിൽ നടപ്പാക്കുന്ന കൃഷി-പരിസ്ഥിതി-സാംസ്‌കാരിക-വിദ്യാഭ്യാസ ഇടപെടലായ നെല്ല് പദ്ധതിയുടെ ഭാഗമായാണ് പാഡി കോൺഗ്രസ് സംഘടിപ്പിച്ചത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ നഗരസഭാ ചെയർപേഴ്‌സൺ സനിത ജഗദീഷ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ. ദേവകി, കരിയർ ഗൈഡൻസ് സെൽ ജില്ലാ കോ-ഓഡിനേറ്റർ സി.ഇ. ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.