ആലുവ: ദുരന്തങ്ങളെ അതിജീവിക്കുവാൻ പ്രാപ്തമായ പാർപ്പിടങ്ങൾ നിർമ്മിക്കുമ്പോഴും കേടുപാടുകൾ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുമ്പോഴും എടുക്കേണ്ട മുൻ കരുതലുകളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായുള്ള പ്രദർശനം സുരക്ഷിത കേരളം’ ആലുവ യു സി കോളേജിൽ ആരംഭിച്ചു. ജില്ലാ ഭരണകൂടവും റീബിൽഡ് കേരളയും, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും യുഎൻ ഡി പി യും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രളയം ബാധിച്ചവർക്കു മാത്രമല്ല ദുരന്തങ്ങളെ നാശനഷ്ടങ്ങൾ കുറച്ച് എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള അറിവും പ്രദർശനം പറഞ്ഞു തരുന്നു. വെള്ളക്കെട്ട് ഉണ്ടാകുന്ന ഇടങ്ങളിൽ നിർമ്മിക്കേണ്ട വീടിന്റെ മാതൃകകളും ഉരുൾപൊട്ടൽ, ഇടിമിന്നൽ, തീ പിടിത്തം, വരൾച്ച, രാസവസ്തുക്കൾ മൂലമുണ്ടാകുന്ന അപകടങ്ങൾ മുതലായവ എങ്ങനെ നേരിടാമെന്നും പ്രദർശനത്തിൽ വ്യക്തമാക്കുന്നുണ്ട്.
പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ വീട് നിർമ്മിക്കുന്നതിന് മുമ്പ് വീട്ടുടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിവുകൾ പ്രദർശനത്തിലുണ്ട്. നിർമാണ സ്ഥലം തെരഞ്ഞെടുക്കുമ്പോൾ മുതൽ കെട്ടിടത്തിന് വിവിധ ഭാഗങ്ങൾ എങ്ങനെ പ്രളയദുരന്തത്തിൽ നിന്നും രക്ഷിക്കാം എന്നതുവരെ വ്യക്തമാക്കുന്നതാണ് പ്രദർശനം. ഏതുതരത്തിലാണ് അസ്ഥിവാരം വേണ്ടത് അടിത്തറ പണിയേണ്ടത് തറകൾ കെട്ടേണ്ടത് ചുമരുകളും വാതിലുകളും ജനാലകളും നിർമ്മിക്കേണ്ടത് വൈദ്യുത പ്ലംബിംഗ് സംവിധാനങ്ങൾ മേൽക്കൂരകൾ ഒരുക്കേണ്ടത് എന്ന അറിവുകളും ഇവിടെ നിന്നും ലഭിക്കും.
ഭിന്നശേഷി സൗഹൃദ ഭവന നിർമ്മാണത്തെക്കുറിച്ചും അറിവ് പകരുന്നു.. ജില്ലാ ദുരന്തനിവാരണ വകുപ്പ് , തണൽ, ഹാബിറ്റാറ്റ്, ശുചിത്വമിഷൻ ,ഹരിതകേരളം മിഷൻ , കുടുംബശ്രീ എന്നിവരാണ് പ്രദർശനത്തിൽ സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്.
വിവിധ തരം ദുരന്തങ്ങളെ അതിജീവിക്കുന്നതിനുള്ള മുന്നറിയിപ്പുകളും ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സ്കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ദുരന്തനിവാരണ വകുപ്പ് പറഞ്ഞു തരുന്നു. ഇതിനായുള്ള കൈപ്പുസ്തകങ്ങളും സ്റ്റാളിൽ ലഭിക്കും. വിവിധ രക്ഷാ ഉപകരണങ്ങളും പരിചയപ്പെടുത്തുന്നു.
സാമൂഹ്യനീതി വകുപ്പിനു കീഴിൽ തണൽ ഒരുക്കിയ സ്റ്റാളിൽ ഭിന്നശേഷി സൗഹൃദ ഭവന നിർമ്മാണത്തെക്കുറിച്ചാണ് പറഞ്ഞു തരുന്നത്. വീട്ടിലേക്കുള്ള വഴി, വാതിലുകൾ, മുറികൾ , ഭിന്നശേഷി സൗഹൃദ ശുചി മുറികൾ എന്നിവയെ പരിചയപ്പെടുത്തുന്നു.
പ്രളയത്തിൽ അതീജീവിക്കുന്ന വീടുകളുടെ 12 മാതൃകകളാണ് ഹാബിറ്റാറ്റ് പ്രദർശനത്തിലുള്ളത്. മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനം ശുചിത്വ മിഷനിൽ കാണാം. ഭവന നിർമ്മാണ രംഗത്ത് കുടുംബശ്രീയുടെ നിർമ്മാണ യൂണിറ്റുകളെയാണ് സ്റ്റാളിലുള്ളത്. കുടുംബശ്രീ പ്രവർത്തകർ പൂർത്തീകരിച്ച വീടുകളുടെ ഫോട്ടോ പ്രദർശനവുമുണ്ട്. മേയ്സൺ മാർക്കുള്ള പരിശീലനവും ഇതോടനുബന്ധിച്ച് നൽകുന്നുണ്ട്.
പ്രദർശനം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ പി.ഡി. ഷീല ദേവി, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ ഏണസ്റ്റ് സി തോമസ്, യുഎൻഡിപി സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ ജോ ജോൺ ജോർജ്ജ് യുഎൻഡിപി ജില്ലാ പ്രോജക്ട് ഓഫീസർ ഡോക്ടർ ഉമ്മ വാസുദേവ് യൂസി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ താരകേ സൈമൺ വാർഡ് കൗൺസിലർ lena ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു പ്രദർശനം ഇന്ന് അവസാനിക്കും.