മുതിർന്ന പൗരൻമാർക്ക് ലഭിക്കേണ്ട സേവനങ്ങളും സംരക്ഷണവും ഉറപ്പാക്കുമെന്ന് മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ചെയർമാൻ സി.കെ. നാണു എം.എൽ.എ പറഞ്ഞു. ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ചേർന്ന സമിതി സിറ്റിങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയോജന ജാഗ്രതാ സമിതികൾ ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചാത്തുകളിലും ഒരുമാസത്തിനുള്ളിൽ രൂപീകരിക്കണം. വയോജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിക്കാനും സമിതി നിർദ്ദേശിച്ചു. സിറ്റിങിൽ ഉന്നഴിച്ച പരാതികളിൽ തുടർ ചർച്ചയ്ക്കായി പഞ്ചായത്ത് തലത്തിൽ വേദിയൊരുക്കാൻ പഞ്ചായത്ത് ഉപ ഡയറക്ടരോട് ആവശ്യപ്പെട്ടിട്ടുണ്ട്. റേഷൻ കാർഡ് പിന്നാക്ക വിഭാഗത്തിൽ നിന്നും ഒഴിവാക്കപ്പെട്ട അർഹരായ വയോജനങ്ങളുടെ പരാതികൾ പരിശോധിക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി. വയോജനങ്ങൾക്കായി പഞ്ചായത്ത് തലത്തിൽ മൊബൈൽ ഹെൽത്ത് കെയർ യൂണിറ്റ് പരിഗണിക്കുമെന്ന് ഡി.എം.ഒ ആർ. രേണുക അറിയിച്ചു. വയോജനങ്ങളുടെ പരാതികൾ കമ്യൂണിറ്റി പൊലീസ് സ്റ്റേഷൻ വഴി പരിഹരിക്കുന്നുണ്ടെന്ന് അഡീഷണൽ എസ്.പി കെ.കെ. മൊയ്തീൻ കുട്ടി അറിയിച്ചു.

വിവിധ വയോജന സംഘടനാ പ്രതിനിധികളും വ്യക്തികളും സമിതിക്കു മുമ്പാകെ നേരിട്ട് പരാതി നൽകി. വയോജനങ്ങളുടെ കടബാധ്യത എഴുതിതള്ളണമെന്നും പെൻഷൻ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്നും പെൻഷൻ അനുപാതം ഏകീകരിക്കണമെന്നും ആവശ്യമുയർന്നു. അറുപത് വയസ് കഴിഞ്ഞ പൗരൻമാർക്കെല്ലാം ഇൻഷൂറൻസ് പരിരക്ഷയും നിയമസഹായവും ഉറപ്പാക്കണം. സർക്കാരിന്റെ വാർധക്യകാല പെൻഷന്റെ പേരിൽ വയോജനങ്ങളായ ക്ഷീരകർഷകർക്ക് മിൽമയുടെ പെൻഷൻ നിഷേധിക്കുന്നത് ഒഴിവാക്കണം. ക്ഷീര കർഷകർ അടച്ച വിഹിതമാണ് മിൽമയുടെ പെൻഷനായി ലഭിക്കുന്നതെന്നും പരാതിക്കാർ സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ജില്ലയുടെ പിന്നാക്ക അവസ്ഥ പരിഗണിച്ച് വയോമിത്രം പദ്ധതി ജില്ല മുഴുവൻ വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കണം. സർക്കാർ ഉത്തരവുകളും നിർദ്ദേശങ്ങളും വാർഡ് തലത്തിൽ ലഭ്യമാക്കാനും അങ്കണവാടി വഴി വയോജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും സംവിധാനം വേണമെന്നും ആവശ്യമുയർന്നു.

സമിതി സിറ്റിങിൽ അംഗങ്ങളായ പി. അബ്ദുൾ ഹമീദ് എ.എൽ.എ, പ്രൊഫ. കെ.യു. അരുണൻ എ.എൽ.എ, ജോയിന്റ് സെക്രട്ടറി ആർ. സജീവൻ, എ.ഡി.എം കെ. അജീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.