കൊച്ചി : വിശ്രമ കേന്ദ്രങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്കിയ മനോഹരമായ കാഴ്ച്ചയാണ് ശനിയാഴ്ച്ച എറണാകുളം ഗോശ്രീ ചാത്യാത്ത് റോഡിലെ ക്യൂന്‍സ് വേയിൽ കണ്ടത്. ഹൈബി ഈഡന്‍ എം.എൽ .എയുടെ നേതൃത്വത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ചേർന്ന് സംഘടിപ്പിച്ച ഉത്സവ തെരുവ് ആബാലവൃദ്ധം ജനങ്ങള്‍ക്കും ഏറെ സന്തോഷം നല്കുന്ന ഒന്നായി മാറി.
ഞായറാഴ്ച്ചകളിൽ ക്യൂന്‍സ് വേയുടെ മുന്‍വശത്തുള്ള റോഡിന്‍റെ ഒരു വശം പൊതു ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്ന പദ്ധതിയുടെ പരീക്ഷണമായിരുന്നു ശനിയാഴ്ച്ച നടന്നത്.
രാവിലെ 6 മണി മുതൽ വിവിധ പരിപാടികള്‍ ആരംഭിച്ചു. 7 മണിക്ക് ക്യൂന്‍സ് വേയിൽ എം.എൽഎ കയാക്കിംഗ് നടത്തി കൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. എല്ലാ ദിവസവും ജിഡ ഓഫീസിനടുത്ത് രാവിലെ 6 മണി മുതൽ 11 മണി വരെയും വൈകിട്ട് 3 മണി മുതൽ 5 മണി വരെ കയാക്കിങ്ങിനുള്ള സൗകര്യമുണ്ട്.
ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള എത്തിയതോടെ സ്കേറ്റിംഗ് ആരംഭിച്ചു. റിപ്പബ്ലിക് ദിനമായതിനാൽ കുട്ടികള്‍ ദേശീയ പതാകയേന്തി സ്കേറ്റിംഗ് നടത്തി. ക്യൂന്‍സ് വേയിലെ ആംഫി തിയറ്ററിൽ ദേശ ഭക്തി ഗാനാവതരണം നടത്തി .
കഴിഞ്ഞ 5 വര്‍ഷവും തുടര്‍ച്ചയായി യോഗയിൽ സംസ്ഥാന ചാമ്പ്യനായിരുന്ന 18 വയസുകാരനായ ആന്‍റണി വരുണ്‍ ഫ്രാന്‍സിസിന്‍റെ യോഗാഭ്യാസ പ്രകടനം വ്യത്യസ്ത കാഴ്ച്ചയായിരുന്നു . സാം ശിവ, ലക്ഷ്മി ശിവ, ഡാള്‍ട്ടണ്‍, അഡോള്‍ഫ് ഫെര്‍ണാണ്ടസ് തുടങ്ങിയവരുടെയെല്ലാം നേതൃത്വത്തിലുള്ള സംഗീത പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മാജിക് ഷോ, മംഗീ ഷോ തുടങ്ങി കുട്ടികള്‍ക്ക് ഏറെ കൗതുകപരമായ പരിപാടികളും രാവിലെ മുതൽ രാത്രി വരെ നീണ്ടു.
ഡെക്കാത്തലോണിന്‍റെ നേതൃത്വത്തി പ്രത്യേകം തയ്യാറാക്കിയ കളി സ്ഥലത്ത് ഫുട്ബോള്‍, ക്രിക്കറ്റ് , ട്രമ്പ്ളിംഗ്, ടേബിള്‍ ടെന്നീസ്, ബാഡ്മിന്‍റണ്‍, അമ്പെയ്ത്ത്, ചെസ്, കാരംസ് തുടങ്ങിയ കളികൾക്ക് കളം ഒരുങ്ങി . സ്പോര്‍ട്ട്സ് ആന്‍ഡ് മാനേജ്മെന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പഴയ കാല കളികള്‍ പരിചയപ്പെടുത്തി.
പ്രശസ്ത ഗായിക രഞ്ജിനി ജോസ് ഉത്സവ തെരുവിനെത്തിയിരുന്നു. ചിത്രകാരന്‍ രതീഷ് രവി ഉത്സവ തെരുവിൽ എത്തിയവര്‍ക്ക് സൗജന്യമായി കാരിക്കേച്ചര്‍ വരച്ച് നല്കി. ജില്ലാ കളക്ടറുടെയും രഞ്ജിനി ജോസിന്‍റെയുമടക്കം 50 ഓളം പേരുടെ കാരിക്കേച്ചറുകള്‍ രതീഷ് വരച്ച് നല്കി.
മത്സ്യ ഫെഡ് ചൂണ്ടകള്‍ സൗജന്യമായി നല്കുന്നതിന് പ്രത്യേകം സ്റ്റാള്‍ ഒരുക്കിയിരുന്നു. ചൂണ്ടയിടാനും ഒട്ടനവധി പേരെത്തി . കപ്പയും മീന്‍ കറിയും ഐസ്ക്രീമും പോപ്പ് കോണുമായി
കുടുംബശ്രീ പ്രവര്‍ത്തകരുടെ ഭക്ഷണ സ്റ്റാളുകള്‍ സജീവമായിരുന്നു . ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയോടും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനോടും ആലോചിച്ച് എല്ലാ മാസവും ഒരു ഞായറാഴ്ച്ച ഉത്സവ തെരുവ് സംഘടിപ്പിക്കുന്നത് ആലോചിക്കുമെന്ന് ഹൈബി ഈഡന്‍ എം.എൽ .എ പറഞ്ഞു.
ഫോട്ടോ ക്യാപ്ഷൻ: നഗരത്തെ ഉത്സവ ലഹരിയിലാക്കിയ ക്യൂൻസ് വോക്ക് വേ