എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സാന്ത്വനമായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ മൊബൈല്‍ മെഡിക്കല്‍ ടീമിന്റെ പ്രവര്‍ത്തനം സജീവം. ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി 2010 മുതലാണ് മൊബൈല്‍ മെഡിക്കല്‍ ടീം ആരംഭിച്ചത്. അസുഖം മൂലം കഷ്ടത അനുഭവിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനും ആവശ്യമായ ചികിത്സ യഥാസമയം ലഭ്യമാക്കാനുമാണ് മൊബൈല്‍ മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കുന്നത്. ആദ്യകാലത്ത് മൂന്ന് മൊബൈല്‍ മെഡിക്കല്‍ ടീം ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്നു.
നിലവില്‍ ഒരു മെഡിക്കല്‍ ടീമാണ് പ്രവര്‍ത്തിക്കുന്നത്. എന്‍ഡോള്‍ഫാന്‍ ദുരിത ബാധിതമായ പതിനൊന്ന് പഞ്ചായത്തുകളിലെ ആരോഗ്യ സ്ഥാപനങ്ങളിലെ സ്റ്റാഫ് നേഴ്‌സ്, ഫിസിയോ തെറാപ്പിസ്റ്റ്, എന്നിവരും ടീമില്‍ അംഗമാണ്. അതാത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെത്തി ആവശ്യമായ മരുന്ന് കൊടുക്കുന്നതിന് പുറമെ ടീം ഫീല്‍ഡ് സന്ദര്‍ശനവും നടത്തുന്നു. രോഗികളെ കാണുകയും അവരുടെ പ്രമേഹം, രക്തസമ്മര്‍ദ്ധം, താപനില എന്നിവ പരിശോധിക്കുകയും ആവശ്യമായ മരുന്ന് നല്‍കുകയും ലഭ്യമല്ലാത്ത മരുന്നിന് നീതി മെഡിക്കല്‍ സ്റ്റോറിലേക്ക് കുറിപ്പ് നല്‍കുകയും ചെയ്യുന്നു. കൂടുതല്‍ ചികിത്സ ആവശ്യമായ രോഗികളെ ഹയര്‍ സെന്ററിലേക്ക് റഫര്‍ ചെയ്യും.ഒരുമാസം ചുരുങ്ങിയത് 180 രോഗികളെ മൊബൈല്‍ മെഡിക്കല്‍ ടീം ചികിത്സിക്കുന്നു. പാണത്തൂര്‍, പെര്‍ള, മുള്ളേരിയ, അജാനൂര്‍ എന്നിവിടങ്ങളില്‍ മാസത്തില്‍ മൂന്ന് ദിവസവും ബെള്ളൂര്‍ പഞ്ചായത്തില്‍ മാസത്തില്‍ ഒരു ദിവസവും മറ്റുള്ള പഞ്ചായത്തില്‍ രണ്ട് ദിവസമുമാണ് മൊബൈല്‍ മെഡിക്കല്‍ ടീം സന്ദര്‍ശനം നടത്തുന്നത്. മാസത്തില്‍ 25 ദിവസം പതിനൊന്ന് പഞ്ചായത്തുകളിലെ പി എച്ച് സികളിലും കിടപ്പിലായ രോഗികളുടെ വീടുകളിലുമെത്തി മൊബൈല്‍ മെഡിക്കല്‍ ടീം സൗജന്യ ചികിത്സ, മരുന്ന് എന്നിവ നല്‍കുന്നു
