ജല ഇതര വൈദ്യുതസ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കം: മന്ത്രി എം.എം. മണി

കേരളത്തിനാവശ്യമായ അളവില്‍ വൈദ്യുതി ഉല്‍പ്പാദനം സംസ്ഥാനത്ത് നടക്കാത്ത സാഹചര്യത്തില്‍ ജല ഇതര വൈദ്യുത സ്രോതസുകളുടെ ഉപയോഗം അധികമായി പ്രോല്‍സാഹിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്‌ലതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ മുപ്പത്തിയേഴ് ലക്ഷത്തില്‍ പരം അക്ഷയ ഊര്‍ജ്ജ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. . ഒരു കോടി ഇരുപത്തിയാറു ലക്ഷം വൈദ്യുതി ഉപയോക്താക്കളാണ് കേരളത്തിലുള്ളത്. സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കിക്കായി മറ്റു സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതിലൂടെ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുതീകരണം എന്ന ലക്ഷ്യത്തിലേക്കുള്ള അവസാനഘട്ട നടപടികള്‍ നടന്നു വരികയാണ്. 1000 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യം. മേല്‍ക്കൂരകളില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകള്‍ വഴിയും ഡാമുകളിലെ ഫ്ളോട്ടിങ് സോളാര്‍ പാനലുകള്‍ വഴിയും ഉല്‍പ്പാദിപ്പിക്കാനാണു നീക്കം.. കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്നാകും ഫ്ളോട്ടിങ് പദ്ധതി നടപ്പാക്കുക. പ്രളയത്തില്‍ വൈദ്യുത മേഖലയ്ക്കുണ്ടായ നഷ്ടം കനത്തതാണ്. 820 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മൂന്നു ലക്ഷം മീറ്റര്‍ കേടായി. 5000 കിലോമീറ്റര്‍ വൈദ്യുതി ലൈനുകള്‍ നഷ്ടപ്പെട്ടു. 10000 ട്രാന്‍സ്ഫോമറുകള്‍ കേടായി. ഇതില്‍നിന്നെല്ലാം നാം മുന്നേറേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു . 70 ഗുണഭോക്താക്കള്‍ക്ക് 50 ശതമാനം സബ്സിഡിയോട് കൂടി 100 കിലോവാട്ട് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനു 14 ലക്ഷം രൂപയുടെ പദ്ധതി, 18 എസ്.ടി. കുടുംബങ്ങള്‍ക്ക് 100 ശതമാനം സബ്സിഡിയോട് കൂടി സൗരോര്‍ജ്ജ വിളക്കുകള്‍ നല്‍കുന്ന പദ്ധതി, 104 എസ്.സി. കുടുംബങ്ങള്‍ക്ക് 90 ശതമാനം സബ്സിഡിയേടെ സൗരോര്‍ജ്ജ വിളക്കുകള്‍ നല്‍കുന്ന പദ്ധതി, 280 ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 90 ശതമാനം സബ്സിഡിയേടെ സൗരോര്‍ജ്ജ വിളക്കുകള്‍ നല്‍കുന്ന പദ്ധതി, പഞ്ചായത്ത് ഓഫീസ് സമുച്ഛയത്തില്‍ 10 കിലോവാട്ട് സോളാര്‍ പാനല്‍ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം എന്നിവയാണ് മന്ത്രി നിര്‍വ്വഹിച്ചത്. കുറവിലങ്ങാട് ഗ്രമപഞ്ചായത്തിനെ അക്ഷയ ഊര്‍ജ്ജ പഞ്ചായത്തായി അനെര്‍ട്ട് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ അജിത് കുമാര്‍പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നചടങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു, ജില്ലാ പഞ്ചായത്ത് സ്ഥിരം അംഗം സഖറിയാസ് കുതിരവേലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് റ്റി കീപ്പുറം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സ് റെജി, ബ്ലോക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആന്‍സി ജോസ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി മാണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മിനിമോള്‍ ജോര്‍ജ്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് ചെന്നേലില്‍, ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന്‍ സ്വാഗതവും സെക്രട്ടറി ശ്രീകുമാര്‍ എസ്. കൈമള്‍ നന്ദിയും പറഞ്ഞു.