ആലപ്പുഴ: ഉൾനാടൻ മേഖലയിൽ മത്സ്യോൽപ്പാദനം ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ആലപ്പുഴ വൈ.എം.സി.എ ഹാളിൽ ഫിഷറീസ് വകുപ്പിന്റെ പ്രളയാനന്തര മത്സ്യകൃഷി പുനസ്ഥാപന പാക്കേജിന്റെ ഉദ്ഘാടനവും മത്സ്യബന്ധന ധനസഹായ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആലപ്പുഴ നേരിട്ട പ്രളയത്തിൽ മത്സ്യമേഖലയിൽ ഒരുകോടി 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 1360 ഹെക്ടർ മത്സ്യ കൃഷി നശിച്ചു. മത്സ്യകൃഷി പുതുതായി സ്ഥലം കണ്ടെത്തി ഇറക്കുന്നതിന് ജില്ലയ്ക്ക് നാലു കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു.പുതുതായി മത്സ്യ കൃഷി ചെയ്യുന്നവർക്ക് സൗജന്യ വിത്ത നൽകും. കടലിലെ മത്സ്യബന്ധനം നടത്തുന്നവർക്ക് എല്ലാ സഹായവും സർക്കാർ നൽകുന്നുണ്ട്. 2009 മുതൽ 2014 വരെ മത്സ്യഫെഡിൽ നിന്ന് വായ്പയെടുത്ത് കടക്കെണിയിൽ അകപ്പെട്ട തൊഴിലാളികളുടെ വായ്പ പിഴപ്പലിശ ഒഴിവാക്കി പുനഃസംഘടിപ്പിച്ച് പലിശരഹിതവായ്പ ആക്കാൻ പദ്ധതി മത്സ്യഫെഡ് നടപ്പാക്കുകയാണ്. കടലിൽനിന്ന് നേരിട്ട് ഗുണഭോക്താവിന് മത്സ്യം എത്തിക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട് . ഉൾനാടൻ മത്സ്യകൃഷി 3000 ഹെക്ടറിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. മാരാരിക്കുളത്ത് ഓഖിക്ക് ശേഷവും പ്രളയത്തിനു തൊട്ടുമുമ്പും വീട് നഷ്ടപ്പെട്ട തൊഴിലാളികളുടെ പ്രശ്‌നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിവേഗം അവർക്ക് പണം നൽകാനുള്ള നടപടി സ്വീകരിക്കും. പുറക്കാട് പഞ്ചായത്തിൽ ഫിഷറീസ് വകുപ്പ് റവന്യൂ വകുപ്പ് എന്നിവയുടെ കൈവശമുള്ള ഭൂമി ഏറ്റെടുത്ത് ഫ്‌ളാറ്റ് നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കടൽത്തീരത്ത് വീട് നഷ്ടപ്പെട്ട വീടില്ലാതെ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് ഫ്‌ളാറ്റ് നിർമിച്ചു നൽകുന്ന പുറക്കാട്ടെ പുനരധിവാസത്തിന് ഫെബ്രുവരിയിൽ തറക്കല്ലിടുമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട് മത്സ്യകൃഷി നാശം സംഭവിച്ചവർക്ക് പുനഃസ്ഥാപന പാക്കേജ് മുഖേനയാണ് പണം നൽകിയത്. കൂടാതെ മത്സ്യകൃഷിയുടെ നാശത്തിന് 1.15 കോടി രൂപയും ഉൾനാടൻ മത്സ്യബന്ധന ഉപകരണങ്ങളുടെ നാശനഷ്ടത്തിന് 7 ലക്ഷം രൂപയും ദുരന്തനിവാരണ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. നഗരസഭാ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, ചാത്തനാട് മുനിസിപ്പൽ കൗൺസിലർ റെമീഷത്ത്, ഫിഷറീസ് ജോയിന്റ് ഡയറക്ടർ എം.ലൈലാ ബീവി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.നൗഷർഖാൻ എന്നിവർ പ്രസംഗിച്ചു.