കൊച്ചി: പാലക്കാട് ജില്ലയിലെ കടച്ചിക്കൊല്ലന്‍ സമുദായത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കിര്‍ത്താഡ്‌സിന്റെ പഠന റിപ്പോര്‍ട്ടിനു ശേഷം പരിഗണിക്കുമെന്ന് പിന്നോക്ക വിഭാഗ കമ്മീഷന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങിലാണ് കമ്മീഷന്റെ തീരുമാനം.   ഈ സമുദായം മുന്‍കാലത്ത് കടയന്‍ എസ് സി വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നതും ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിരുന്നതുമാണ്. എന്നാല്‍ ഗവണ്‍മെന്റ് ഈ സമുദായത്തെ കുറിച്ച് പഠിക്കുകയും കടച്ചിക്കൊല്ലന്‍ സമുദായത്തില്‍പെട്ടവരാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇവരെ ഒബിസി /എസ് ഇബിസി/ ഒ ഇ സി വിഭാഗത്തില്‍പ്പെടുത്തണമെന്ന അപേക്ഷയാണ് കമ്മീഷന്‍ പരിഗണിച്ചത്. ഇതുസംബന്ധിച്ച് കിര്‍ത്താഡ്‌സിന്റെ റിപ്പോര്‍ട്ടു കൂടി പരിഗണിച്ച ശേഷം അന്തിമ തീരുമാനമെടുക്കും.
മലബാര്‍ ജില്ലയിലെ കമ്മാറ  സമുദായത്തെ സ്‌റ്റേറ്റ് ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം, പാലക്കാട് ജില്ലയിലെ വേട്ടുവ കൗണ്ടര്‍  സമുദായത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം എന്നിവയും  കമ്മീഷന്‍ പരിഗണിച്ചു. ഇവയും കിര്‍ത്താഡ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനം എടുക്കും.
കുളത്തൂപ്പുഴ പഞ്ചായത്തിലെ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡില്‍ ജോലി ചെയ്തുവരുന്ന മുത്തുരാജ സമുദായത്തില്‍ പെട്ടവരെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും പരിഗണിച്ചു. എന്നാല്‍ സമുദായം സമര്‍പ്പിച്ച നിവേദനത്തില്‍ കൂടുതല്‍ വിവരങ്ങള്‍
 ഉള്‍ക്കൊള്ളാത്തതിനാല്‍ വിശദമായ നിവേദനം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി തുടര്‍നടപടിക്കായി മാറ്റിവച്ചു.
എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍  വച്ച് നടന്ന സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ് സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗില്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് ജി ശിവരാജന്‍, മെമ്പര്‍മാരായ അഡ്വക്കേറ്റ് വി എ ജെറോം, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി,  എന്നിവര്‍ പങ്കെടുത്തു.