തകഴി: കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഖ്യാപിച്ച 1000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നത് കുട്ടനാട്ടിലെ സാധാരണക്കാരായ കര്‍ഷകരുടെ അഭിപ്രായങ്ങള പരിഗണിച്ച് മാത്രമായിരിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍.കുട്ടനാട് പാക്കേജിന്റെ ആദ്യഘട്ടത്തിന്റെ പോരായ്മകള്‍ തിരുത്തിക്കൊണ്ടാവും രണ്ടാംഘട്ടം നടപ്പാക്കുക.കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതോടൊപ്പം ശാസ്ത്രീയമായ രീതിയില്‍ കൃഷി ചെയ്യാന്‍ ശീലിക്കണം.മഹാപ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കുട്ടനാടിന്റെ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ കുട്ടനാടിന്റെ അതിജീവനത്തിനായി അത് മാത്രം പോര.ആ തിരിച്ചറിവിലാണ് 1000 കോടി കൂടി കുട്ടനാടിന്റെ വികസനത്തിന് നൽകുന്നത്.
ലോകത്തിലെ തന്നെ വ്യത്യസ്മായ കൃഷിരീതിയുള്ള പ്രദേശമാണ് കുട്ടനാട്.റാംസര്‍ സൈറ്റായി വിലയിരുത്തപ്പെടുന്ന കുട്ടനാട്ടിലെ കാര്‍ഷികമേഖലക്ക് ഉന്നത നിലവാര്ത്തിലുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.നെല്ലിന്റെ ഉല്പാദന ക്ഷമതയുടെ കാര്യത്തില്‍ ഈ വര്‍ഷം മികച്ച മുന്നേറ്റമാണ് സംസ്ഥാനം നേടിയത്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7000 ഹെക്ടറില്‍ ഈ തവണ കൃഷിയിറക്കി. പ്രളയശേഷം കുട്ടനാട്ടില്‍ ആദ്യമായി വിളവെടുത്ത തകഴി പഞ്ചായത്തിലെ വാരിക്കാട്ടുകരി പാടശേഖരത്തില്‍ നടന്ന കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. .തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷിബു അദ്ധ്യക്ഷയായി.കുട്ടനാട് വികസന സമിതി വൈസ് ചെയര്‍മാന്‍ അഡ്വ:ജോയിക്കുട്ടി ജോസ്,ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.ആര്‍ കണ്ണന്‍്,ബ്ലോക്ക് പഞ്ചായത്തംഗം സജിതകുമാരി,ജോമാ ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
കുട്ടനാട്ടിലെ ആദ്യ കൊയ്ത്തുത്സവത്തിന്റെ ആവേശത്തില്‍ മന്ത്രി
വരവേല്‍ക്കാല്‍ കൊയ്ത്തുപാട്ടിന്റെ അകമ്പടി,കൂട്ടത്തില്‍ കലപ്പയേന്തിയ കര്‍ഷകനും ചക്രം ചവിട്ടുന്ന കര്‍ഷക തൊഴിലാളിയും അണിനിരന്നതോടെ കുട്ടനാട്ടിലെ ആദ്യ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യാന്‍ തകഴിയിലെത്തിയ മന്ത്രി വി.എസ് സുനില്‍കുമാറിന്റെ ആവേശം വാനോളമായി.പിന്നീട് തലയില്‍ പാളത്തോപ്പിയും കൈലിയുമുടുത്ത് കുട്ടനാടൻ കർഷികനായി മന്ത്രി മാറി.
പാടത്തേക്ക് അരിവാളുമായി ഇറങ്ങിയ മന്ത്രി തനി കുട്ടനാടന്‍ രീതിയില്‍ താഴ്ത്തിയും താളത്തിലും കൊയ്തപ്പോള്‍ കൊയ്ത്തുപാട്ടിന്റെ ഈരടികള്‍ക്കും ആവേശമേറുന്ന കാഴ്ചയായിരുന്നു തകഴി വാരിക്കാട്ടുകരി പാടശേഖരത്തിലെ കൊയ്ത്തുത്സവത്തില്‍ കാണാനായത്.