ആലപ്പുഴ: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്യുന്നതിന് സർക്കാർ തീരുമാനിച്ചു. ഓരോ പരമ്പരാഗത മത്സ്യബന്ധന യാനത്തിനും അതിലെ തൊഴിലാളികളുടെ എണ്ണം അനുസരിച്ച് (പരമാവധി 5 എണ്ണം) ലൈഫ് ജാക്കറ്റുകൾ 250 രൂപ ഗുണഭോക്ത്യ വിഹിതമായി അടയ്‌ക്കേണ്ടതാണ്. രജിസ്‌ട്രേഷനും, ലൈസൻസും ഉള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ ഉടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം ഉണ്ടായിരിക്കണം. അപേക്ഷ ഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകൾ, ഫിഷറീസ് സ്റ്റേഷനുകൾ, മത്സ്യഭവനുകൾ എന്നിവടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച് അപേക്ഷകൾ ഫെബ്രുവരി എട്ടിന് വൈകുന്നേരം 5 മണി വരെ അതാത് ആഫീസുകളിൽ സ്വീകിരക്കും.