*കാഴ്ച മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു
ഭിന്നശേഷീസൗഹൃദകേരളമാണ് സംസ്ഥാനസർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ, സാമൂഹികനീതി മന്ത്രി കെ.കെ.ശൈലജടീച്ചർ പറഞ്ഞു. ഭിന്നശേഷിക്കാർക്കായി ഏറ്റവും നല്ല പ്രവർത്തനമാണ് സംസ്ഥാന വികലാംഗക്ഷേമകോർപ്പറേഷൻ കാഴ്ച വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാഴ്ചപരിമിതിയുള്ള ആയിരം പേർക്ക് സ്മാർട്ട്ഫോൺ നൽകുന്ന കാഴ്ച പദ്ധതിയിലെ മാസ്റ്റർ ട്രെയിനർമാർക്കുള്ള സംസ്ഥാനതല പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാർക്കായുള്ള സഹായകോപകരണങ്ങൾ വിതരണം ചെയ്യുന്ന ഷോറൂം വികലാംഗക്ഷേമ കോർപ്പറേഷൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. അനുയാത്രപദ്ധതിയുടെ കീഴിൽ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അംഗപരിമിതർക്കായുള്ള ശുഭയാത്രപദ്ധതിയിൽ 267 മോട്ടോറൈസ്ഡ് സ്കൂട്ടറുകൾ വിതരണം ചെയ്തു. 851 സ്കൂട്ടറുകൾകൂടി വിതരണം ചെയ്യും. വായിക്കാനും യാത്രാവേളകളിൽ വഴി കണ്ടുപിടിക്കാനും സഹായിക്കുന്ന ആപ്ലിക്കേഷനുകളുള്ള മൊബൈൽ ഫോണുകൾ വിതരണം ചെയ്യുന്ന കാഴ്ച ഭിന്നശേഷിക്കാർക്കായുള്ള ഏറ്റവും പ്രധാനമായ പദ്ധതികളിലൊന്നാണെന്നും മന്ത്രി പറഞ്ഞു.

വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർമാൻ അഡ്വ.പരശുവയ്ക്കൽ മോഹനൻ അധ്യക്ഷത വഹിച്ചു. സാമൂഹികനീതി വകുപ്പ് ഡയറക്ടർ ജാഫർ മാലിക് മുഖ്യാതിഥി ആയി. കോർപ്പറേഷൻ ഡയറക്ടർ ബോർഡംഗങ്ങളായ ഗിരീഷ് കീർത്തി, സജൻ കെ.ജി, കേരള ഫെഡറേഷൻ ഓഫ് ദി ബ്ളൈൻഡ് ജനറൽ സെക്രട്ടറി ആർ.ശശിധരൻപിള്ള, സ്റ്റേറ്റ് ഇ-ഗവേണൻസ് മിഷൻ ടീം കേരള പ്രോഗ്രാം മാനേജ്മെന്റ് കൺസൾട്ടന്റ് ഗായത്രി ചന്ദ്രചൂഡൻ എന്നിവർ സംസാരിച്ചു. കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ.മൊയ്തീൻകുട്ടി സ്വാഗതവും ഫെഡറേഷൻ ഓഫ് ദി ബ്ളൈൻഡ് സെക്രട്ടറി സി.സജീവൻ നന്ദിയും പറഞ്ഞു.
55 മാസ്റ്റർ ട്രെയിനർമാർക്കാണ് പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകുന്നത്. സാമൂഹികനീതിവകുപ്പ് , സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, കേരള ഫെഡറേഷൻ ഓഫ് ദി ബ്ളൈൻഡ് എന്നിവ സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്.