കാഴ്ചപരിമിതർക്കായുള്ള പുനരധിവാസ കേന്ദ്രം പുനർജ്യോതിക്ക് തിരുവന്തപുരം  കണ്ണാശുപത്രിയിൽ തുടക്കമായി. സംസ്ഥാന സർക്കാരിന്റേയും റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജി അലുമ്‌നി അസോസിയേഷന്റേയും സംയുക്ത സംരംഭമായ പുനർജ്യോതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ നിർവ്വഹിച്ചു. കാഴ്ച ശ്ക്തിയില്ലാത്തവർക്ക് കണ്ടതിന് സമാനമായ അനുഭവമുണ്ടാക്കാൻ പുനർജ്യോതിയുടെ പ്രവർത്തനങ്ങളിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിൽ ഈ സർക്കാരിന്റെ കാലത്ത് ഒട്ടനവധി പദ്ധതികളാണ് ചെയ്തുവരുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി നിരവധി ആരോഗ്യ രക്ഷാ പ്രവർത്തനങ്ങൾ നടക്കുന്നതായും മന്ത്രി പറഞ്ഞു.
പുനർജ്യോതി കേന്ദ്രത്തിൽ സേവനത്തിനായി എത്തുന്ന വ്യക്തി രജിസ്റ്റർ ചെയ്തു കഴിഞ്ഞാലുടൻ കാഴ്ച പരിമിതിയുടെ അളവ് പരിശോധിക്കും. കാഴ്ച മെച്ചപ്പെടുത്താൻ വേണ്ട ചികിത്സ തുടർന്ന് നിശ്ചയിക്കും. ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടവർക്ക് വായിക്കാനും പഠിക്കാനും സഹായിക്കുന്ന ഉപകരണങ്ങൾ നിർദ്ദേശിക്കുകയും അവ ഉപയോഗിക്കാൻ പരിശീലിപ്പിക്കുകയും ചെയ്യും. പൂർണമായും കാഴ്ച നഷ്ടപ്പെട്ടവർക്ക് വെള്ളവടി ഉപയോഗിച്ച് നടക്കുവാനും ദൈനംദിന കർമ്മങ്ങൾ പരസഹായം കൂടാതെ ചെയ്യുവാനും പരിശീലിപ്പിക്കും. കാഴ്ച നഷ്ടപ്പെട്ട് വിഷാദ രോഗം ബാധിച്ചവർക്ക് ചികിത്സയും മനോരോഗ വിദഗ്ധരുടെ സഹായത്തോടെ കൗൺസലിംഗും നൽകും.  ടോക്കിംഗ് സോഫ്റ്റ്‌വെയറുള്ള കമ്പ്യൂട്ടർ വഴി തുടർ വിദ്യാഭ്യാസവും ജോലികളിൽ പ്രായോഗിക പരിശീലനവും ലഭ്യമാക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിലെ കാഴ്ച പരിമിതിയുള്ളവർക്ക് പുനർജ്യോതി പദ്ധതി ഏറെ സഹായകമാകുമെന്ന് അധ്യക്ഷത വഹിച്ച കെ. മുരളീധരൻ എം. എൽ. എ. പറഞ്ഞു. കണ്ണമ്മൂല വാർഡ് കൗൺസിലർ അഡ്വ. സതീഷ്‌കുമാർ, ഡി.എം. ഇ ഡോ. റംലാബീവി, ഡോ. പി. എസ്. ഗിരിജാദേവി, ഡോ. സുശീല പ്രഭാകരൻ, ഡോ. കൃഷ്ണകുമാർ, ഡോ. ഷീബ സി. എസ്. , ഡോ. വി. സഹസ്രനാമം തുടങ്ങിയവർ സംബന്ധിച്ചു.