സ്‌കൂൾ കുട്ടികൾക്ക് വേണ്ടി ‘സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ’ പുറപ്പെടുവിച്ചു
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുന്ന സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ പ്രസിദ്ധീകരിച്ചു. പതിമൂന്നാം കേരള നിയമസഭയുടെ സ്ത്രീകളുടേയും കുട്ടികളുടേയും വികലാംഗരുടേയും ക്ഷേമം സംബന്ധിച്ച സമിതിയുടെ ആറാമത് റിപ്പോർട്ടിലെ ശുപാർശ പ്രകാരമാണ് കേരള ഇൻഫ്രാ സ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ പുറപ്പെടുവിച്ചത്. രേഖയിൽ സ്ഥാപനമേധാവികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും, കുട്ടികൾക്കും ആവശ്യമായ മാർഗനിർദ്ദേശങ്ങളുണ്ട്.
ഓഫീസ് മേധാവി ഉറപ്പുവരുത്തേണ്ട കാര്യങ്ങളിൽ സുരക്ഷിതമായ പാസ്‌വേഡ് പരിപാലനം, സേഫ് സേർച്ചിംഗ് മാർഗങ്ങൾ അവലംബിക്കൽ, തടസം കൂടാതെ ഇന്റർനെറ്റ് സൗകര്യം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ലഭ്യമാക്കൽ, അധ്യാപകരുടെ നിരീക്ഷണത്തിൽ മാത്രം കുട്ടികൾ സ്‌കൂൾ ഇന്റർനെറ്റ് ഉപയോഗിക്കൽ, ക്ലാസുകളിലും ലാബുകളിലും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിനുള്ള സന്ദേശങ്ങൾ പ്രദർശിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകൾ വർഷത്തിൽ രണ്ടുതവണയെങ്കിലും സൈബർ സേഫ്റ്റി ഓഡിറ്റ് നടത്തണം.
അധ്യാപകർ ക്ലാസിൽ ഉപയോഗിക്കേണ്ട ഐ.സി.ടി ബോധന സഹായികൾ മുൻകൂട്ടി തയ്യാറാക്കി വേണം ക്ലാസിൽ അവതരിപ്പിക്കേണ്ടത്. കുട്ടികളുടെ സാന്നിദ്ധ്യത്തിൽ ഇന്റർനെറ്റിൽ നിന്നും വിഭവങ്ങൾ ശേഖരിക്കുമ്പോൾ അനുയോജ്യമല്ലാത്തവ പ്രദർശിപ്പിക്കാനിടയുള്ളതു കൊണ്ടാണിത്. കുട്ടികൾക്ക് ഇന്റർനെറ്റധിഷ്ഠിത പഠന പ്രോജക്ടുകൾ നൽകുമ്പോൾ മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തിയ സൈറ്റുകൾ മാത്രം നിർദ്ദേശിക്കണം. ക്ലാസിൽ ‘സമഗ്ര’ റിസോഴ്സ് പോർട്ടൽ വിഭവങ്ങൾ പരമാവധി പ്രദർശിപ്പിക്കണം. സ്‌കൂളിലെ ഇന്റർനെറ്റുപയോഗം പഠനാവശ്യങ്ങൾക്കും ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റു പഠനാനുബന്ധ പ്രവർത്തനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തണം.
വിദ്യാർത്ഥികൾ പാലിക്കേണ്ടതായ പതിനൊന്ന് കാര്യങ്ങൾ പ്രോട്ടോക്കോളിലുണ്ട്. പൊതുഇടങ്ങളിലെ കമ്പ്യൂട്ടറുകളിൽ വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും സൂക്ഷിക്കാതിരിക്കുക, വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകളിൽ നിന്നുളള വിവരങ്ങൾ ഡൗൺലോഡ് ചെയ്യാതിരിക്കുക, മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവ അപരിചിതരെ ഏൽപിക്കാതിരിക്കുക, സ്വകാര്യ വിവരങ്ങൾ ഇന്റർനെറ്റിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പങ്കുവെയ്ക്കാതിരിക്കുക, നെറ്റിലൂടെ സൗഹൃദം സ്ഥാപിക്കുന്ന അപരിചിതരെ നേരിട്ട് കാണാതിരിക്കുക, രക്ഷിതാക്കളുടെ ക്രെഡിറ്റ് കാർഡ് നമ്പർ, പിൻ, പാസ്‌വേഡ് എന്നിവ ശേഖരിക്കാതിരിക്കുക, അവ കൈമാറ്റം ചെയ്യാതിരിക്കുക, ഓൺലൈൻ ഗെയിമുകളിൽ വളരെ ശ്രദ്ധാപൂർവം മാത്രം ഇടപെടുക തുടങ്ങിയവയാണവ.
നിലവിൽ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്തകത്തിൽ സൈബർ ക്രൈം, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള കാര്യങ്ങൾ പ്രഥമാധ്യാപകർ പ്രത്യേകം ചർച്ച ചെയ്യണമെന്ന് പ്രോട്ടോക്കോളിലുണ്ട്. ഫിഷിംഗ്, സൈബർ സ്റ്റാക്കിംഗ്, ഡീപ് ഫെയ്ക്‌സ്, ക്യാമറ ഹാക്കിംഗ് തുടങ്ങിയ കാര്യങ്ങളും അശ്ലീല ചിത്രങ്ങൾ കൈമാറുന്ന സെക്സ്റ്റിംഗും ശ്രദ്ധിക്കേണ്ട ആവശ്യകത കുട്ടികളുടെ വിഭാഗത്തിലുണ്ട്. സൈബർ നിയമവുമായി ബന്ധപ്പെട്ട് ട്രോളുകളും ചിത്രങ്ങളും വീഡിയോകളും കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ അപകടങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നുണ്ട്.
കുട്ടികളോടും രക്ഷിതാക്കളോടും ബുദ്ധിമുട്ടുകളും ഭീഷണികളുമെല്ലാം പരസ്പരം തുറന്ന് സംസാരിക്കാൻ നിർദേശിക്കുന്നുണ്ട്. രക്ഷിതാക്കൾ സാങ്കേതികവിദ്യകളുടെ ഉപയോഗം മനസിലാക്കാനും അറിവ് പുതുക്കാനും തയ്യാറാകണം. സൈബർ കുറ്റ കൃത്യങ്ങളിൽ ഇരയായ പ്രവണത കുട്ടിയിൽ കാണുകയോ, വിവരം അറിയുകയോ ചെയ്താൽ ബന്ധപ്പെട്ട ഉദ്യാഗസ്ഥർക്ക് പരാതി നൽകാനും ആവശ്യമെങ്കിൽ കൗൺസിലിംഗ് നൽകാനും രക്ഷിതാക്കൾ ശ്രദ്ധിക്കണം. പതിനൊന്ന് പൊതു നിർദ്ദേശങ്ങളും സൈബർ സേഫ്റ്റി പ്രോട്ടോക്കോളിലുണ്ട്.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളെ ഉപയോഗിച്ച് സൈബർ ചതിക്കുഴികൾ തിരിച്ചറിയാനും, സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും, പരിഹാരം കാണാനും ഇന്ററാക്ടീവ് ഗെയിമുകൾ ഉൾപ്പെടെ എഡ്യൂടെയിൻമെന്റ് മാതൃകയിൽ വളരെ വിപുലമായ പദ്ധതിയാണ് അടുത്ത അദ്ധ്യയന വർഷം മുതൽ കൈറ്റ് നടപ്പാക്കുന്നതെന്നും വൈസ് ചെയർമാൻ & എക്സിക്യൂട്ടീവ് ഡയറക്ടർ കെ.അൻവർസാദത്ത് വ്യക്തമാക്കി. സ്‌കൂളുകളിൽ ‘സൈബർ സേഫ്റ്റി ക്ലിനിക്കുകൾ’ഇതിന്റെ ഭാഗമായി രൂപപ്പെടും. അധ്യാപകർക്കൊപ്പം രക്ഷിതാക്കൾക്കും പ്രായോഗിക പരിശീലനം നൽകും. സൈബർ സുരക്ഷാ മേഖലിയിൽ വൈദഗ്ധ്യവും വിശ്വാസ്യതയുമുള്ള വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സേവനം ഇതിനായി പ്രയോജനപ്പെടുത്തുമെന്നും പ്രോട്ടോക്കോളിൽ പറയുന്നുണ്ട്. ഇന്റർനെറ്റിന്റേയും സോഷ്യൽ മീഡിയയുടേയും ഫലപ്രദമായ ഉപയോഗം സംബന്ധിച്ച മൊഡ്യൂൾ അധ്യാപക പരിശീലനങ്ങളിൽ പ്രത്യേകമായി ഉൾപ്പെടുത്തും. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയും വിദ്യാഭ്യാസ വകുപ്പിന്റെ മറ്റ് വെബ് പോർട്ടലുകൾ വഴിയും ബോധവൽക്കരണ വീഡിയോകൾ ലഭ്യമാക്കും. സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ www.kite. kerala.gov.in ൽ ലഭ്യമാണ്.