717.29 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ മുതല്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള കവിട്രോണ്‍ വരെ
മുഖ്യമന്ത്രി ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വികസനക്കുതിപ്പുമായി ലോകോത്തര നിലവാരത്തിലേക്ക് ഉയരുകയാണ്. മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കുന്ന 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍, മറ്റ് 9 പദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 26-ാം തീയതി വൈകുന്നേരം 6 മണിക്ക് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ വച്ച് നിര്‍വഹിക്കുന്നു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്, ദേവസ്വം സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
മാസ്റ്റര്‍ പ്ലാന്‍, ആര്‍ദ്രം പദ്ധതി, മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് ലബോറട്ടറി, വിദ്യാര്‍ത്ഥിനികളുടെ പാര്‍പ്പിട സമുച്ചയം, സ്‌കില്‍ ലാബ്, ശലഭം, സൂപ്പര്‍ സോണിക്ക് ഷിയര്‍ വേവ് ഇലാസ്റ്റോഗ്രാഫ്, ക്ലിനിക്കല്‍ ഫിസിയോളജി യൂണിറ്റ്, ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട്, കവിട്രോണ്‍ അള്‍ട്രാസോണിക് സര്‍ജിക്കല്‍ ആസ്പിറേറ്റര്‍ എന്നീ 10 സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.
കേരളത്തിന്റെ ആദ്യ മെഡിക്കല്‍ കോളേജായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ മുന്നോടിയാണ് ഈ ബൃഹദ് പദ്ധതികളെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അയ്യായിരത്തോളം രോഗികള്‍ പ്രതിദിനം ആശ്രയിക്കുന്ന മെഡിക്കല്‍ കോളേജില്‍ ലോകത്തില്‍ ലഭിക്കാവുന്ന മികച്ച ചികിത്സാ സൗകര്യങ്ങളാണ് ഒരുക്കി വരുന്നത്. മെഡിക്കല്‍ കോളേജിനെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തി രോഗീ സൗഹൃദമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ വന്‍ മുന്നേറ്റം നടത്താന്‍ മെഡിക്കല്‍ കോളേജിനാകുമെന്നും മന്ത്രി വ്യക്തമാക്കി
1. 717.29 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍
മെഡിക്കല്‍ കോളേജ്, എസ്.എ.റ്റി. ആശുപത്രി, ശ്രീ ചിത്ര ആശുപത്രി, റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, ഡെന്റല്‍ കോളേജ്, നഴ്‌സിംഗ് കോളേജ്, ഫാര്‍മസി കോളേജ്, പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഡി.എം.ഇ ഓഫീസ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളോടെ 140 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന മെഡിക്കല്‍ കോളേജ് ക്യാമ്പസിനെ അടിമുടി മാറ്റുകയാണ് മാസ്റ്റര്‍ പ്ലാനിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ആശുപത്രി ആധുനികവത്ക്കരിക്കുന്നതിനും ഊന്നല്‍ നല്‍കുന്നതോടൊപ്പം 25 വര്‍ഷം വരെ വരുന്ന ഭാവിയിലെ ആവശ്യകതകളും കൂടി മുന്‍കൂട്ടി കണ്ടാണ് മാസ്റ്റര്‍പ്ലാന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കിഫ്ബി മുഖേന കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിനായി ഇന്‍കല്‍ ലിമിറ്റഡിനെയാണ് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി) ആയി നിയോഗിച്ചിരിക്കുന്നത്. വലിയ പദ്ധതിയായതിനാല്‍ ഘട്ടം ഘട്ടമായാണ് ഇത് സാക്ഷാത്ക്കരിക്കുന്നത്.
മാസ്റ്റര്‍പ്ലാന്‍ ആദ്യഘട്ടം
മാസ്റ്റര്‍ പ്ലാനിന്റെ ആദ്യഘട്ടത്തിനായി കിഫ്ബി വഴി 58.37 കോടി രൂപയാണ് അനുവദിച്ചത്. അടിസ്ഥാന ഗതാഗത സൗകര്യങ്ങളും പാര്‍ക്കിംഗും വികസിപ്പിക്കുന്നതിനാണ് ഇതുപയോഗിക്കുക. ക്യാമ്പസ് റോഡ് നവീകരണം, അറുനൂറോളം കാറുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യുവാന്‍ സൗകര്യവുമുളള രണ്ട് മള്‍ട്ടി ലവല്‍ കാര്‍ പാര്‍ക്കിംഗുകള്‍, പുതിയ മേല്‍പ്പാല റോഡ് നിര്‍മ്മാണം എന്നിവയാണ് ഈ ഘട്ടത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ശ്രീചിത്രക്ക് സമീപം മുതല്‍ ഡി.എം.ഇ. ആഫീസിന് പിന്‍വശത്തുളള ചതുപ്പ് നിലത്തിന് മുകളിലൂടെ മെന്‍സ് ഹോസ്റ്റലിനും പി.എം.ആര്‍. ബ്ലോക്കിനും ഇടയിലൂടെ കുമാരപുരം റോഡില്‍ വന്നിറങ്ങുന്ന എലിവേറ്റഡ് റോഡ് കോറിഡോര്‍ ആണ് ആദ്യഘട്ടത്തിലെ പ്രധാനഘടകം.
മാസ്റ്റര്‍പ്ലാന്‍ രണ്ടാം ഘട്ടം
മാസ്റ്റര്‍ പ്ലാന്‍ രണ്ടാം ഘട്ടത്തില്‍ ഒ.റ്റി. കോംപ്ലക്‌സ്, എസ്.എ.റ്റി.പീഡിയാട്രിക് ബ്ലോക്ക്, എം.എല്‍.റ്റി. ബ്ലോക്ക് എന്നിങ്ങനെ മൂന്ന് പുതിയ പ്രധാന കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായാണ് തുക അനുവദിക്കുന്നത്. ഇതിലേക്കായി 273 കോടി രൂപയുടെ ഡി.പി.ആര്‍. കിഫ്ബിയുടെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.
ഒ.റ്റി. കോംപ്ലക്‌സ് കം സര്‍ജിക്കല്‍ വാര്‍ഡ് ബ്ലോക്ക്
എം.എസ്.ബി.ക്കും എസ്.എസ്.ബി.ക്കും സമീപത്തായി ഏഴ് നിലകളില്‍ 1.8 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ വിഭാവനം ചെയ്തിരിക്കുന്നതാണ് ഒ.റ്റി. കോംപ്ലക്‌സ് കം സര്‍ജിക്കല്‍ വാര്‍ഡ് ബ്ലോക്ക്. രണ്ട് നിലകളിലായി 16 മോഡുലര്‍ ഓപ്പറേഷന്‍ തിയേറ്ററുകളും അനുബന്ധ ഐ.സി.യു.കള്‍, നാല് നിലകളിലായി 250 രോഗീ സൗഹൃദ വാര്‍ഡ് കിടക്കകള്‍, പൂര്‍ണമായും സജ്ജീകരിച്ച സി.എസ്.എസ്.ഡി., ആധുനിക റെട്ടിക്കുലേറ്റഡ് മെഡിക്കല്‍ ഗ്യാസ് സൗകര്യം, അത്യാധുനിക ആശുപത്രി ഉപകരണങ്ങളും ഹോസ്പിറ്റല്‍ ഫര്‍ണിച്ചറും, നിലവിലുളള സമീപ ബ്ലോക്കുകളിലേക്ക് കണക്ടിംഗ് കോറിഡോറുകള്‍ എന്നിവയാണ് ഒ.ടി. കോപ്ലക്‌സിലുണ്ടാകും.
എസ്.എ.ടി.പീഡിയാട്രിക് ബ്ലോക്ക്
പഴയ എസ്.എ.ടി. ആശുപത്രി കെട്ടിടത്തിന് കരുത്ത് പകരുന്നതാണ് പുതിയ എസ്.എ.ടി.പീഡിയാട്രിക് ബ്ലോക്ക്. സി.ഡി.സി.ക്ക് പുറകിലും മദര്‍ ആന്റ് ചൈല്‍ഡ് ബ്ലോക്കിന് സമീപത്തുമായി 11 നിലകളോടുകൂടിയ 3.4 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുളളതാണ് പുതിയ കെട്ടിടം. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ 5 മോഡുലര്‍ ഓപ്പറേഷന്‍ തിയേറ്ററുകളും അനുബന്ധ ഐ.സി.യുകളും, നാല് നിലകളിലായി 450 ഓളം കിടക്കകള്‍, ഉന്നതനിലവാരത്തിലുളള അക്കാഡമിക്ക് സൗകര്യങ്ങള്‍ക്കായി പ്രത്യേകം നില, 18 ഡീലക്‌സ് പേ വാര്‍ഡ് മുറികള്‍ & ഐസൊലേഷന്‍ മുറികള്‍, ആധുനിക റേഡിയോഡയഗ്നോസിസ് & ലാബ് സൗകര്യങ്ങള്‍, അത്യാധുനിക ആശുപത്രി ഉപകരണങ്ങളും ഹോസ്പിറ്റല്‍ ഫര്‍ണ്ണിച്ചറും എന്നിവയെല്ലാം ഈ കെട്ടിടത്തിന്റെ പ്രത്യേകതയാണ്.
എം.എല്‍.റ്റി. ബ്ലോക്ക്
ആശുപത്രി സൗകര്യങ്ങളോടൊപ്പം അക്കാഡമിക് സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ മാസ്റ്റര്‍പ്ലാന്‍ ലക്ഷ്യമിടുന്നു. പാരാമെഡിക്കല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി പി.ഐ.പി.എം.എസിനും എം.എല്‍.റ്റി. പി.ജി.ബ്ലോക്കിനും സമീപത്തായി 6 നിലകളുളള 43,800 ചതുരശ്രയടി വിസ്തീര്‍ണ്ണമുളള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. മൂന്ന് നിലകളിലായി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ലാബുകളും ലക്ച്ചര്‍ ഹാളുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും, പൂര്‍ണ്ണ നിലവാരത്തിലുളള വിശാലമായ പരീക്ഷ ഹാള്‍, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍ & കമ്പ്യൂട്ടര്‍ ലാബ്, റിസര്‍ച്ച് സൗകര്യങ്ങള്‍ക്ക് മാത്രമായി പ്രത്യേകം നില, ഡിപ്പാര്‍ട്ട്‌മെന്റ് ആഫീസ്, ഫാക്കല്‍റ്റി മുറികള്‍, ലാബ് ഉപകരണങ്ങള്‍, ഫര്‍ണ്ണിച്ചര്‍ മുതലായവ
മാസ്റ്റര്‍പ്ലാന്‍ മൂന്നാം ഘട്ടം
കോളേജിന്റെ അക്കാഡമിക്ക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ആറു നിലകളുളള പുതിയ അക്കാഡമിക്ക് ബ്ലോക്ക്, ഹോസ്റ്റല്‍ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനായി ഏഴ് നിലകളോടുകൂടിയ നഴ്‌സിംഗ് സ്റ്റുഡന്‍സ് ആന്റ് സ്റ്റാഫ് ഹോസ്റ്റല്‍ സമുച്ചയം, ആശുപത്രിയുടെ ഡയഗ്നോസിസ് സൗകര്യങ്ങള്‍ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി പുതിയ ഇമേജിയോളജി കോംപ്ലക്‌സ്, ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിനായി ആധുനിക സൗകര്യങ്ങളുളള പുതിയ കെട്ടിടം, ക്യാമ്പസിലെ വര്‍ദ്ധിച്ചു വരുന്ന ശുദ്ധജല ആവശ്യം കണക്കിലെടുത്ത് കൂടുതല്‍ ഭൂഗര്‍ഭ സംഭരണികളുടേയും ഓവര്‍ ഹെഡ് വാട്ടര്‍ടാങ്കുകളുടേയും നിര്‍മ്മാണം, സ്ഥലലഭ്യതയ്ക്കനുസൃതമായി കൂടുതല്‍ മള്‍ട്ടി ലവല്‍ കാര്‍പാര്‍ക്കിംഗുകളും റോഡ് വികസനവും മറ്റനുബന്ധ സൗകര്യങ്ങളുമാണ് മാസ്റ്റര്‍ പ്ലാന്‍ മൂന്നാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.
2. ആര്‍ദ്രം മിഷന്‍
സര്‍ക്കാര്‍ ആശുപത്രികളുടെ മുഖഛായമാറ്റി മികച്ച അടിസ്ഥാന സൗകര്യമൊരുക്കി രോഗീ സൗഹൃദമാക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സുപ്രധാന പദ്ധതിയാണ് ആര്‍ദ്രം മിഷന്‍. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ ആശുപത്രിയുടെ മുഖഛായ തന്നെ മാറ്റിയിട്ടുണ്ട്. വൃത്തിയുളള വിശാലമായ ഒ.പി. സൗകര്യങ്ങളും വാര്‍ഡുകളും കിടക്കകളും ശൗചാലയങ്ങളും ഒരുക്കിയിരിക്കുന്നു. ഒ.പിയില്‍ വരുന്ന രോഗികള്‍ക്ക് വീട്ടില്‍ ഇരുന്നോ അക്ഷയ മുഖേനയോ ഡോക്ടറെ കാണുന്നതിനുളള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയാല്‍ ഒരു സ്ഥലത്തും ക്യൂ നില്‍ക്കാതെ ഡോക്ടര്‍മാരെ കാണുവാനും എക്‌സ്‌റേ എടുക്കുവാനും ലാബ് പരിശോധന നടത്തുവാനും മരുന്ന് വാങ്ങി പോകാനുമുളള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. ശീതീകരിച്ച കണ്‍സള്‍ട്ടേഷന്‍ വാര്‍ഡുകള്‍, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇരിക്കാനുളള എയര്‍പോര്‍ട്ട് കസേരകള്‍, ശീതീകരിച്ച കുടിവെളളം, സ്‌നാക്ക്‌സ് ക്യാന്റീനുകള്‍, ബോധവത്ക്കരണത്തിനും മാനസികോ ല്ലാസത്തിനുമുളള ടി.വികള്‍, ഓരോ ഒ.പിക്കും പ്രത്യേകം നിറമുളള അടയാള ചിഹ്നങ്ങള്‍, പബ്ലിക് അനൗണ്‍സ്‌മെന്റ് സിസ്റ്റം എന്നിവയും പ്രത്യേകതയാണ്. കൂടാതെ ഭിന്ന ശേഷിക്കാര്‍ക്കായുളള ശൗചാലയങ്ങളും റാമ്പുകളും നിര്‍മ്മിച്ച് രോഗീ സൗഹൃദ അന്തരീക്ഷം ക്രമീകരിച്ചിട്ടുണ്ട്.
3. മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് ലബോറട്ടറി (എം.ഡി.ആര്‍.എല്‍)
മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ മികച്ച ഗവേഷണത്തിനായാണ് മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് ലബോറട്ടറി സജ്ജമാക്കിയിരിക്കുന്നത്. 27.55 കോടി രൂപ മുതല്‍ മുടക്കിയാണ് ഈ ബഹു നില മന്ദിരം പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. മള്‍ട്ടിഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റും (എം.ആര്‍.യു) വൈറല്‍ റിസര്‍ച്ച് & ഡയഗ്നോസ്റ്റിക്ക് ലബോറട്ടറിയും (വി.ആര്‍.ഡി.എല്‍) ഈ കെട്ടിടത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ ജനറ്റിക്‌സ്, മോളിക്കുലാര്‍ ബയോളജി, ഇലക്‌ട്രോ ഫിസിയോളജി, ഡ്രഗ് ഡിസൈന്‍ & ഡവലപ്പ്‌മെന്റ് എന്നീ ലബോറട്ടറികളും സജ്ജീകരിച്ചിരിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി ഒരു ആനിമല്‍ ഹൗസും പ്രവര്‍ത്തിക്കുന്നു.
4. വിദ്യാര്‍ത്ഥിനികളുടെ പാര്‍പ്പിട സമുച്ചയം
മെഡിക്കല്‍ കോളേജിലെ ഏതാണ്ട് എല്ലാ കോഴ്‌സുകളിലും പെണ്‍കുട്ടികളുടെ അനുപാതം ആണ്‍കുട്ടികളെക്കാള്‍ കൂടുതലാണ്. അതിനാലാണ് പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു ബൃഹത് പാര്‍പ്പിടസമുച്ചയം നിര്‍മ്മിക്കുന്നത്. ഫാര്‍മസി, ദന്തല്‍, പാരാമെഡിക്കല്‍ കോഴ്‌സുകളിലെ പെണ്‍കുട്ടികള്‍ക്ക് താമസിക്കുവാനായി ഏഴ് നിലകളിലുളള ഒരു കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 23.33 കോടി രൂപ മതിപ്പ് ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന് 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഈ കെട്ടിടം വരുന്നതോടുകൂടി പെണ്‍കുട്ടികള്‍ക്ക് മതിയായ പാര്‍പ്പിട സമുച്ചയമില്ലെന്ന പരാതി ശാശ്വതമായി പരിഹരിക്കപ്പെടുകയാണ്.
5. സ്‌കില്‍ ലാബ്
പ്രത്യേക നൈപുണ്യ വികസനം മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ ഒരു അനിവാര്യഘടകമായതിനാലാണ് സ്‌കില്‍ ലാബ് മെഡിക്കല്‍ കോളേജില്‍ യാഥാര്‍ത്ഥ്യമാക്കിയത്. നൂതന സാങ്കേതിക ചികിത്സാ രീതികള്‍ രോഗിയുടെ ശരീരത്തില്‍ പ്രയോഗിക്കുന്നതിന് മുമ്പ് അവയുടെ സുരക്ഷിതമായ പരിശീലനം ആവശ്യമുണ്ട്. ചില മാതൃകകള്‍ (മനീക്വിന്‍സ്) ഉപയോഗിച്ചാണ് ചികിത്സാ നൈപുണ്യം നേടുകയെന്നതാണ് അതിനുളള ഏറ്റവും അഭികാമ്യമായ മാര്‍ഗം. അത്തരം ധാരാളം മാതൃകകളും ഉപകരണങ്ങളും പഠന സാമഗ്രികളും കമ്പ്യൂട്ടര്‍ അധിഷ്ഠിത പാഠ്യ പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ചികിത്സയില്‍ ചെയ്യുന്ന എല്ലാ പ്രയോഗങ്ങളും ഇവയില്‍ ചെയ്ത് പഠിച്ച് നൈപുണ്യം നേടാവുന്നതാണ്.
6. ശലഭം
കുട്ടികള്‍ക്കുള്ള വിവിധ പരിശോധനകള്‍ ഒരു സ്ഥലത്തൊരുക്കി ഏകജാലക സംവിധാനമായി ക്രമീകരിച്ചതാണ് ശലഭം. കുട്ടികളിലെ ഹൃദ്രോഗം, കേള്‍വിക്കുറവ്, മെറ്റബോളിക്ക് (ഉപാപചയ) അസുഖങ്ങള്‍, ഭാരം കുറവുളള കുട്ടികളുടെ കാഴ്ച എന്നിവയുടെയെല്ലാം പരിശോധനകള്‍ ഈ ഏകജാലക സംവിധാനത്തോടെ നടത്താന്‍ കഴിയുന്നതാണ്.
7. സൂപ്പര്‍ സോണിക്ക് ഷിയര്‍ വേവ് ഇലാസ്റ്റോഗ്രാഫ്
കരള്‍ വീക്കം (ഫാറ്റി ലിവര്‍, ലിവര്‍ ഫൈബ്രോസിസ്, ലിവര്‍ സിറോസിസ്) നിര്‍ണയിക്കുന്നതിനുളള അത്യന്താധുനികമായ ഒരു ഉപകരണമാണ് സൂപ്പര്‍ സോണിക്ക് ഷിയര്‍ വേവ് ഇലാസ്റ്റോഗ്രാഫ്. കേരളത്തിലെ മൂന്നാമത്തെയും സര്‍ക്കാര്‍ തലത്തില്‍ കേരളത്തിലെ ആദ്യത്തേതുമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഈ ഉപകരണം. കരള്‍ സംബന്ധമായ രോഗ നിര്‍ണയത്തിന് ഷിയര്‍ വേവ് ഇലാസ്റ്റോഗ്രാഫിനേക്കാള്‍ മികച്ച മറ്റൊരു ഉപാധിയില്ല.
8. ക്ലിനിക്കല്‍ ഫിസിയോളജി യൂണിറ്റ്
കേരളത്തിലാദ്യമായാണ് മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ ഫിസിയോളജി യൂണിറ്റ് ഒ.പി.യില്‍ ആരംഭിക്കുന്നത്. ഫിസിയോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലാണ് ഈ യൂണിറ്റ് പ്രവര്‍ത്തിക്കുക
9. ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട്
മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ദീര്‍ഘകാല സ്വപ്നമായിരുന്നു മികച്ച ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്. 18 ലക്ഷം രൂപ ചെലവഴിച്ചാണ് ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട് യാഥാര്‍ത്ഥ്യമാക്കിയത്.
10. കവിട്രോണ്‍ അള്‍ട്രാസോണിക് സര്‍ജിക്കല്‍ ആസ്പിറേറ്റര്‍ (സി.യു.എസ്.എ)
കരള്‍രോഗ ചികിത്സയില്‍ ഉപയോഗിക്കുന്ന സുപ്രധാനമായ ഉപകരണമാണ് കവിട്രോണ്‍ അള്‍ട്രാസോണിക് സര്‍ജിക്കല്‍ ആസ്പിറേറ്റര്‍. കരള്‍രോഗ ചികിത്സയില്‍ രക്തനഷ്ടം കുറയ്ക്കുന്നതിനും കരള്‍മാറ്റ ശസ്ത്രക്രിയയില്‍ ഉപയോഗിക്കാനും ഈ അത്യാധുനിക ഉപകരണത്തിലൂടെ കഴിയുന്നു.