കാര്‍ഷിക രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്തിനായി കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തില്‍ ചായ്യോത്ത് ഷോപ്പിംഗ്
കോംപ്ലക്‌സിന് സമീപം സംസ്ഥാന കൃഷി വകുപ്പ് അനുവദിച്ച കാര്‍ഷിക സേവന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. പ്രധാനമന്ത്രി കിസാന്‍ സമ്മാന പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ അധ്യക്ഷത വഹിച്ചു.
രാജ്യം ഇപ്പോള്‍ കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അത് പരിഹരിക്കാന്‍ വലിയ ശ്രമം സര്‍ക്കാര്‍ തലത്തില്‍ നടത്തേണ്ടതുണ്ട്. ജനങ്ങളുടെ ഇടപെടലും കര്‍ഷകന്റെ പങ്കാളിത്തവും അത്യാവശ്യമാണ്. കര്‍ഷകരുടെ എണ്ണം കുറഞ്ഞു വരുന്നതിന്റെ കാരണം മറ്റ് ജോലികള്‍ ചെയ്യുമ്പോഴുണ്ടാകുന്ന അംഗീകാരം അവന് സമൂഹത്തില്‍ ലഭിക്കാത്തത് കൊണ്ടാണെന്നും തങ്ങളുടെ മക്കള്‍ ഭാവിയില്‍ മറ്റ് മേഖലകളില്‍ പ്രഗത്ഭരാകാന്‍ കര്‍ഷകര്‍ ആഗ്രഹിക്കുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പട്ടു. നമ്മളെ തീറ്റി പോറ്റുന്നവനാണ് കര്‍ഷകന്‍ എന്ന ബഹുമാനം കര്‍ഷകര്‍ക്ക് പലപ്പോഴും ലഭിക്കാത്ത അവസ്ഥ കര്‍ഷകനെ പലപ്പോഴും വിഷമിപ്പിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ കര്‍ഷകനില്ലെങ്കില്‍ നമ്മളില്ല. കര്‍ഷകന് കിട്ടുന്ന അംഗീകാരം നാടിന് കിട്ടുന്ന അംഗീകാരമാണ്.
കര്‍ഷകരെ ഉയര്‍ത്തെഴുന്നേല്‍പിക്കാന്‍ അവന് ആവശ്യമായ എല്ലാ ആനുകൂല്യങ്ങളും കൊടുക്കണം. അതില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണം. ഒപ്പം സാമൂഹിക പിന്തുണയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലും ഉണ്ടാകണം. പരമ്പരാഗത കര്‍ഷകരുടെ കഴിവുകള്‍ ഉപയോഗിച്ച് കൊണ്ട് കൃഷി ശാസ്ത്രജ്ഞരുടെ സഹായത്തോടെ ഒരു പാട് മുന്നോട്ട് പോകാന്‍ നമുക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.
കര്‍ഷക സംഘടനകള്‍ കര്‍ഷകര്‍ക്ക് കൊടുക്കേണ്ട ആനുകൂല്യങ്ങളെ കുറിച്ച് ബോധവാന്‍മാരാകണം. കര്‍ഷകര്‍ക്ക് അര്‍ഹമായ ധനസഹായത്തെക്കുറിച്ച് കര്‍ഷകന് പറഞ്ഞ് കൊടുക്കാന്‍ ഇവര്‍ക്ക് കഴിയണം. ഇവര്‍ കര്‍ഷകന്റെ പ്രശ്‌നങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പരപ്പ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി വി തങ്കമണി യന്ത്രോപകരണങ്ങള്‍ വിതരണം ചെയ്തു . കാസര്‍ക്കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് പതാലിന്‍ സേവന കേന്ദ്രം അംഗങ്ങള്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ കെ ശ്രീധരന്‍, ബീന, കിനാനൂര്‍ കരിന്തളം കൃഷി ഓഫീസര്‍ ഡി എല്‍ സുമ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജി എസ് സിന്ധു കുമാരി, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.അഗ്രോ സര്‍വ്വീസ് സെന്റര്‍ സെക്രട്ടറി എം.വി രാധ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.